സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. 119 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. 2019ൽ നിർമ്മിച്ച ചിത്രങ്ങളാണ് മത്സരിക്കുന്നത്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറി സിനിമകള്‍ കണ്ടു കഴിഞ്ഞു. കോവിഡിനെ തുടർന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചവയിൽ അധികവുമെന്നാണ് അറിയുന്നത്.
മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, സജിൻ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്പി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആർ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദർശന്റെ മരയ്ക്കാർ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങൾക്കായുള്ള മത്സരത്തിൽ മുന്നിലുള്ളത്.
കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സൗബിൻ ഷാഹിർ, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിൻ പോളി, ഇഷ്‌ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ൻ നിഗം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലെത്തിയിട്ടുണ്ട്.
ഉയരെയിലൂടെ വീണ്ടു പാർവതി മികച്ച നടിയാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പ്രതി പൂവൻകോഴി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യയും മികച്ച നടിമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയിൽ മുന്നിലെത്തിയിട്ടുണ്ട്. ബിരിയാണിയിലൂടെ മോസ്‌ക്കോ മേളയിലെ ബ്രിസ്‌ക്ക് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌രം നേടിയ കനി കുസൃതി ഇവിടെയും നേട്ടം ആവർത്തിക്കുമോ എന്നതും നോക്കിക്കാണേണ്ടതുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.