ഇരുപതോളം ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടിയ കലൈവാണി എന്ന തമിഴ്നാട്ടുകാരി ഇനി ഓർമ. പാടിയ പാട്ടുകളെല്ലാം ആരാധകരുടെ ചുണ്ടികളിലും ഹൃദയത്തിലും ഇടം പിടിച്ചവ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു, ഈ വർഷം രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരത്തിന്റെ പ്രഭയും പേറിയാണ് രാജ്യത്തിന്റെ മധുരവാണി വിടവാങ്ങുന്നത്.
1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിലാണ് വാണി ജയറാമിന്റെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ നൽകിയ പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് വാണി ജയറാം എന്നാക്കി മാറ്റി. അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ- ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു.
അമ്മയിൽ നിന്നു തന്നെ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ ഹൃദ്യസ്ഥമാക്കി. അഞ്ചാം വയസിൽ ദീക്ഷിതർ കൃതികൾ പഠിച്ചു. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വന്നത്. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.
Also Read- ഗായിക വാണി ജയറാം അന്തരിച്ചു
മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി അങ്ങനെ ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകളാണ് വാണിയമ്മ സമ്മാനിച്ചത്. അഞ്ച് പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന സിനിമയിലൂടെ പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ സിനിമയിലേക്ക് കൈപിടിച്ച് ആനയിച്ചത്. പിന്നീട് ബോളിവുഡിലെ മുൻനിര സംഗീത സംവിധായകരൊക്കെ ആ മധുരവാണിയെ കൊണ്ട് പാടിച്ചു. ചെന്നൈയിലേക്കു താമസം മാറിയതോടെ മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി.
സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയമ്മയെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ‘സൗരയുഥത്തിൽ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന പാട്ടിലൂടെ വാണി ജയറാം മലയാളികൾക്കും പ്രിയപ്പെട്ടവളായി. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കൽപനയിൽ, പത്മതീർഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ സമ്മാനിച്ചു.
ഏറെ വർഷങ്ങൾക്കു ശേഷമാണ് ‘1983’ എന്ന സിനിയിലൂടെ ആ പെൺസ്വരം മലയാളത്തിൽ തിരിച്ചെത്തിയത്. അതും വാണിയെപ്പോലെ സ്വരത്തിൽ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന ജയചന്ദ്രനൊപ്പം. ഓലഞ്ഞാലി കുരുവിയും പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേയും ആക്ഷൻ ഹീറോ ബിജുവിലെ പൂക്കൾ പനിനീർ പൂക്കൾ എന്നിവയുമായി വീണ്ടും വിസ്മയിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.