പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 3 തവണ നേടിയ വാണി ജയറാമിനെ അടുത്തിടെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.
ചെറുപ്പത്തില്‍ അമ്മയില്‍ നിന്ന് സംഗീതം അഭ്യസിച്ച വാണി ജയറാം എട്ടാം വയസില്‍ ചെന്നൈ ആകാശവാണി നിലയത്തില്‍ നിന്ന് ഗായികയായി സംഗീതയാത്ര ആരംഭിച്ചു. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരില്‍ നിന്ന് കർണാടക സംഗീതവും ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനില്‍ നിന്ന് ഹിന്ദുസ്ഥാനിയും അഭ്യസിച്ചു.
1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. അക്കാലത്ത് ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങൾ പാടിയ വാണി ജയറാം ആശാ ഭോസ്‌ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി. മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയവരുടെ ഗാനങ്ങളും ആലപിച്ചു.
പ്രമുഖ ഗായകരായ മുഹമ്മദ്റ ഫി , മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവർ 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ സിനിമാഗാനലോകത്ത് സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ പാടിയ വാണി ജയറാം എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ തുടങ്ങിയ എല്ലാ തലമുറയിലും സംഗീത സംവിധായകരുടെയും പ്രിയപ്പെട്ട ഗായികയായി.
മലയാളത്തില്‍ ഗോപിസുന്ദര്‍ സംഗീതം നല്‍കിയ 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ പുലിമുരുകനിലെ ‘ മാനത്തെ മാരിക്കുറുമ്പെ’ തുടങ്ങിയ ഗാനങ്ങളിലൂടെ പുതുതലമുറയിലെ സംഗീതാസ്വാദകര്‍ക്കും വാണി ജയറാം പ്രിയങ്കരിയായി മാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.