ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമയാണ് മാലിക്. കോവിഡ് കാരണം നഷ്ടപ്പെട്ട മികച്ച തിയ്യേറ്റർ അനുഭവത്തെക്കുറിച്ച് പരിതപിക്കുന്നവരാണ് സിനിമ കണ്ടവർ. അത്രയും മികച്ച മേക്കിങ്ങും അഭിനയവും സിനിമയിൽ കാണാം.
ഫഹദും നിമിഷയും അവരുടെ പ്രതിഭയെ ഒന്നുകൂടി തേച്ചുമിനുക്കിയിട്ടുണ്ട് മാലിക്കിൽ. അതോടൊപ്പം അപ്രതീക്ഷിതമായി പ്രേക്ഷകർക്ക് ലഭിച്ച കഥാപാത്രമാണ് പതിനേഴുകാരനായ ഫ്രെഡ്‌ഡി. ഫഹദിന്റെ സുലൈമാനോളം പ്രേക്ഷകർ ചേർത്ത് നിർത്തിയ കഥാപാത്രമാണ് ഫ്രെഡ്‌ഡിയും. സനൽ അമൻ എന്ന ചെറുപ്പക്കാരനാണ് ഫ്രെഡ്‌ഡിയായി മാലിക്കിൽ അഭിനയിച്ചിരിക്കുന്നത്.
മലയാളസിനിമയിലെ ഒരു പുത്തൻ താരോദയം തന്നെയാണ് സനൽ എന്ന് നിസ്സംശയം പറയാൻ സാധിക്കും. മാലിക്കിനെ കുറിച്ചും സിനിമാ സ്വപ്നങ്ങളെ കുറിച്ചും സനൽ അമൻ ന്യൂസ് 18 നോട് മനസുതുറക്കുന്നു.
സിനിമ കണ്ടവരുടെ പ്രതികരണത്തിൽ സന്തോഷംഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മികച്ച സിനിമയാണ് മാലിക്. സംവിധായകനും സിനിമാട്ടോഗ്രാഫറും തിരക്കഥയും നല്ല അഭിനേതാക്കളും എല്ലാം മികച്ചു നിൽക്കുന്ന ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ആളുകളുടെ പ്രതികരണം കാണുമ്പോൾ ആ സന്തോഷം ഇരട്ടിയാവുകയാണ്.
മാലിക്കിൽ അഭിനയിക്കുമ്പോൾ നേരിട്ട പ്രധാന വെല്ലുവിളിമഹേഷേട്ടൻ കഥ പറയുമ്പോൾ എനിക്ക് 34 വയസ്സുണ്ട്. 17 കാരനെ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ മഹേഷേട്ടൻ തന്ന ആത്മവിശ്വാസം എനിക്ക് തുണയായി. ആളുകൾക്ക് എന്നിലൂടെ ഫ്രെഡ്‌ഡിയെ ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്.
ഫഹദിനൊപ്പംമലയാളത്തിൽ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് ഫഹദിക്ക. ഫഹദിക്കക്ക് ഒപ്പമാണ് എന്നറിഞ്ഞപ്പോൾ ശരിക്കും ആവേശമായി. സിനിമക്ക് മുൻപ് അനൗദ്യോഗികമായി പരിചയപ്പെടൽ ഒന്നും തന്നെ ഉണ്ടായില്ല. നേരിട്ട് സീനിലേക്ക് പോകുകയായിരുന്നു. എന്നാൽ, ഫഹദിക്ക ക്യാരക്ടറായി മാത്രം നിന്നുകൊണ്ട് എന്നെ കൂടുതൽ കംഫർട്ടബിളാക്കി.
You May Also Like-
Malik review | മാലിക്: മനുഷ്യ മനസ്സിന്റെ ആഴങ്ങളിലൂടെ ഒരു കടലോരസമൂഹത്തിന്റെ മനസിലേക്ക്അതുപോലെ വളരെ സീനിയറായ ജലജ ചേച്ചിയുമൊത്തുള്ള കോമ്പിനേഷൻ സീനുകളും ഉണ്ടായിരുന്നു. ഡയലോഗുകൾ ഇല്ലായിരുന്നുവെങ്കിലും നീണ്ട സീനായിരുന്നു അത്. ഇന്ദ്രൻസ് ചേട്ടനോടൊപ്പവും ഒരുപാട് സമയം ചിലവഴിക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ അനുഭവങ്ങളും രീതികളും ഒക്കെ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. ഇന്ദ്രൻസേട്ടൻ വളർന്നുവന്നതും പഴയ കഥകളും എല്ലാം മനസിലാക്കാൻ പറ്റി. അതൊക്കെ വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്.
ലവറിലൂടെ മാലിക്കിലേക്ക്2016 ൽ ഞാൻ സംവിധാനം ചെയ്ത് അഭിനയിച്ച 'ലവർ' എന്ന നാടകം കണ്ടിട്ട് മഹേഷേട്ടൻ നേരിട്ടെത്തി അഭിനന്ദിച്ചു. നടി ശാന്തി ബാലചന്ദ്രനാണ് അന്ന് നാടകത്തിൽ നായികയായി അഭിനയിച്ചത്. പിന്നെ 2019 ലാണ് മഹേഷേട്ടൻ ഈ പ്രോജക്ടിനുവേണ്ടി വിളിക്കുന്നത്. എറണാകുളത്ത് അദ്ദേഹത്തിന്റെ അടുത്ത് എത്തിപ്പോൾ രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സിനിമ മുഴുവൻ പറഞ്ഞുതന്നു. അതിനുശേഷമാണ് ഞാൻ ചെയ്യേണ്ടത് ഫ്രെഡ്‌ഡിയെയാണ് എന്ന് പറയുന്നത്. കേട്ടപ്പോൾ പ്രായം കുറഞ്ഞ ഒരാളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് അല്ലേ നല്ലത് എന്നുപോലും മഹേഷേട്ടനോട് ചോദിച്ചിട്ടുണ്ട്. എന്നാൽ എന്നിൽ അത്രത്തോളം വിശ്വാസം ഉണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ബോധ്യപ്പെട്ടപ്പോൾ പിന്നെ മറ്റൊന്നും നോക്കിയില്ല.
സംവിധായകൻ നൽകിയ പിന്തുണമഹേഷേട്ടൻ നൽകിയ പിന്തുണകൊണ്ട് മാത്രമാണ് ഈ റോൾ ചെയ്യാൻ സാധിച്ചത്. എന്നെ ഈ റോളിൽ എടുത്തത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. കൂടെയുള്ളവരിൽ പലരും എന്നെപ്പോലെ ഒരാൾ എങ്ങനെ 17 വയസ്സുകാരനാകും എന്ന് ചിന്തിച്ചിട്ടുണ്ടാകും. എന്റെ അന്നത്തെ രൂപവും ഭാവവും കണ്ട് അവർക്ക് സംശയമുണ്ടായതായി തോന്നിയിട്ടുണ്ട്. പിന്നീട് ഒരുമാസം കൊണ്ട് കഥാപാത്രത്തിനുവേണ്ടി മാറിയപ്പോൾ അവരിൽ വന്ന മാറ്റവും അനുഭവപ്പെട്ടിട്ടുണ്ട്. അവരെല്ലാം എന്നെ ഫ്രെഡ്‌ഡിയായി അംഗീകരിച്ചു.
ഓരോ സീനിലും നമ്മുടെ മുഖത്തും കണ്ണിലും വരേണ്ട ഭാവങ്ങൾ മഹേഷേട്ടന് അറിയാം. അദ്ദേഹം പറഞ്ഞ പോലെ ചെയ്തു എന്നല്ലാതെ ഞാനായിട്ട് ഒരു മാജിക്കും കാണിച്ചിട്ടില്ല. അഭിനയിക്കുമ്പോൾ മഹേഷേട്ടൻ നൽകുന്ന പിന്തുണ അത്രത്തോളം വലുതാണ്.
നഷ്ടമായ ബിഗ് സ്ക്രീൻബിഗ് സ്‌ക്രീനിൽ കാണാൻ പറ്റാത്തതിൽ അതിയായ വിഷമമുണ്ട്. ഒന്നാമത് ഇത് ബിഗ് സ്‌ക്രീനിന് വേണ്ടി ഒരുക്കിയ ഒരു സിനിമയാണ്. രണ്ടാമത് ബിഗ് സ്ക്രീൻ എന്നും എന്റെ സ്വപ്നമാണ്. പല തവണ റിലീസ് മാറ്റിവെച്ച സിനിമയാണ് മാലിക്. തിയേറ്ററിൽ റിലീസ് ചെയ്യും എന്ന പ്രതീക്ഷയിൽ തന്നെ ആയിരുന്നു. പെട്ടെന്ന് അങ്ങനെ അല്ല എന്നറിഞ്ഞപ്പോൾ വിഷമം തോന്നി. എങ്കിലും ഒടിടി പ്ലാറ്റ്ഫോമിന്റെ നല്ല വശങ്ങൾ ഓർത്താൽ ഇത്തരത്തിൽ റിലീസ് ചെയ്യുന്നതും നല്ലതാണ്. ഒരുപാട് രാജ്യങ്ങളിൽ ഒരുമിച്ച് റിലീസ് ചെയ്യാം എന്നതും ആളുകൾക്ക് സ്വസ്ഥമായി വീട്ടിലിരുന്ന് കാണാം എന്നതും വലിയ നേട്ടമാണ്. കൂടുതൽ ആളുകളിലേക്ക് സിനിമയെത്താനും ഇത് കാരണമായി. തിയ്യേറ്റർ തുറക്കുന്ന സമയത്ത് മാലിക്കിന് ഒരു തിയേറ്റർ റിലീസ് ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്.
ഭാവി പ്രോജക്ടുകൾമാലിക്കിന് ശേഷം ചെയ്തത് ഒരു ആന്തോളജി പ്രോജക്ടാണ്. അതിൽ രണ്ട് സിനിമകൾ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചു. ആറ് കന്നഡ സിനിമകളും ഒരു മലയാളം സിനിമയും അടങ്ങിയ ആന്തോളജിയാണ്. അതിൽ ആദ്യത്തെ കന്നഡ സിനിമയും അവസാനം കാണിക്കുന്ന മലയാളം സിനിമയും സംവിധാനം ചെയ്തത് ഞാനും ഒരു സുഹൃത്തും കൂടിയാണ്. ഒരു സിനിമയിൽ അഭിനയിക്കാനും സാധിച്ചു. കന്നഡ സിനിമയിൽ നായകൻ പ്രകാശ് രാജാണ്. ഒന്നുരണ്ട് മാസത്തിനുള്ളിൽ ഏതെങ്കിലും ഒടിടി പ്ലാറ്റഫോമിൽ സിനിമ റിലീസ് ചെയ്യും. മാലിക് റിലീസിന് ശേഷം ഇൻഡസ്ട്രിയിൽ നിന്ന് പലരും വിളിക്കുന്നുണ്ട്. പല പ്രധാനപ്പെട്ടവരും അക്കൂട്ടത്തിൽ ഉണ്ട്. മനസുകൊണ്ട് അവരൊക്കെ ചില അവസരങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ എന്തെങ്കിലും നല്ലത് സംഭവിക്കും എന്നാണ് പ്രതീക്ഷ.
കണ്ണൂർ സ്വദേശിയായ സനൽ അമൻ കൊല്ലം എസ് എൻ കോളേജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരാബാദ് സർവകലാശാല, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങിലായി പഠനം പൂർത്തിയാക്കി. 2015ൽ ഓഡീഷനിലൂടെയാണ് "അസ്തമയം വരെ"(അൺടു ദ ഡസ്ക്) എന്ന ചിത്രത്തിൽ നായകനായി സനൽ തെരഞ്ഞെടുക്കപ്പെട്ടത്. സജിൻ ബാബു സംവിധാനം ചെയ്ത അസ്തമയം വരെ എന്ന ചിത്രം ഐഎഫ്എഫ്കെ ഉൾപ്പടെ നിരവധി ചലചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ആദ്യ ചിത്രവും അതിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടതോടെ ജിജു ആന്റണി മറാത്തിയിലും മലയാളത്തിലുമായി ഒരുക്കിയ "ഏലി ഏലി ലമാ സബക്തനി" എന്ന ചിത്രത്തിലും മുഖ്യ കഥാപാത്രത്തെ സനൽ അവതരിപ്പിച്ചു. തുടർന്ന് റോസാപ്പൂക്കളം, ഡോണ്ട് വൈപ് യുവർ ടിയേഴ്സ് വിത് മൈ പിയാനോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.