HOME » NEWS » Film » MOVIES MALIK MOVIE REVIEW FULL REVIEW FAHADH FAASIL MAHESH NARAYANAN

Malik review | മാലിക്: മനുഷ്യ മനസ്സിന്റെ ആഴങ്ങളിലൂടെ ഒരു കടലോരസമൂഹത്തിന്റെ മനസിലേക്ക്

Read Malik movie review | മാലിക് റിവ്യൂ

News18 Malayalam | news18-malayalam
Updated: July 15, 2021, 9:36 AM IST
Malik review | മാലിക്: മനുഷ്യ മനസ്സിന്റെ ആഴങ്ങളിലൂടെ ഒരു കടലോരസമൂഹത്തിന്റെ മനസിലേക്ക്
മാലിക്
  • Share this:


കേരളത്തിന്റെ കടലോര പ്രദേശങ്ങളിലെ താമസക്കാർ തമ്മിൽ ഉണ്ടാവുന്ന തർക്കങ്ങൾക്കും തുടർന്നുള്ള  അക്രമ സംഭവങ്ങൾക്കും കാലങ്ങളുടെ പഴക്കമുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ അതിജീവനവും ഉപജീവനവും കെട്ടുപിണഞ്ഞ് കിടക്കുന്ന ജീവിതശൈലി, കടലിന്റെ അപ്രതീക്ഷിത പ്രതികരണങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ  ഇവ എല്ലാം നേരിട്ട് ദൈനംദിന കഠിന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന മനുഷ്യരാണ് ഈ പ്രദേശങ്ങളിൽ.

മറ്റെല്ലാ കാര്യങ്ങളിലും സമാനമായിരിക്കുമ്പോൾ മതം കൊണ്ടു മാത്രം വിഭജിച്ചു കിടക്കുന്ന ജനജീവിതമാണ് അവിടെ. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ വേണ്ടി വരുന്ന മേഖലയാണ് തീരപ്രദേശം. കാലക്രമേണ, ഇവരിൽ ചിലർ ഗൾഫ് രാജ്യങ്ങളിലേക്കും, മറ്റു മേഖലകളിലേക്കും തിരിഞ്ഞെങ്കിലും കടലോരവുമായി  ചേർന്നുകിടക്കുന്ന ജീവിതവുമായി മല്ലിടുന്ന ഒരു വലിയവിഭാഗം ഇന്നും ഉണ്ട് . ഇനിയും വികസനം പൂർണ്ണമായി കടന്നു ചെല്ലാത്തതിന്റെ പ്രത്യാഘാതങ്ങളും.
ഫഹദ് ഫാസിലിനെ സുലൈമാൻ മാലിക് എന്ന കഥാപാത്രമാക്കി സംവിധായകൻ മഹേഷ് നാരായണൻ അവതരിപ്പിക്കുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. റമദാപള്ളി, ഇടവാത്തുറ എന്നിങ്ങനെ ചേർന്ന് കിടക്കുന്ന രണ്ട് കടലോര ഗ്രാമങ്ങളിലാണ് ഈ കഥ അരങ്ങേറുന്നത്. സാങ്കൽപ്പിക ഇടങ്ങൾ എന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ രണ്ട് കടലോര ഗ്രാമങ്ങളെയും അവിടെ നാലു പതിറ്റാണ്ടു മുമ്പ് ഉണ്ടായിട്ടുള്ള ചില അനിഷ്ട സംഭവങ്ങളുടെയും ധ്വനി സിനിമയിലുടനീളം മുഴങ്ങുന്നുണ്ട്.


റമദാപ്പള്ളിക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സുലൈമാൻ മാലിക്കിന്റെ ഹജ്ജ് ഒരുക്കങ്ങളിലൂടെയാണ്  'മാലിക്' തുടങ്ങുന്നത്.   രണ്ട് മണിക്കൂർ 41 മിനിറ്റ് ചിത്രത്തിന്റെ തുടക്കം  13 മിനിറ്റ് വരുന്ന സിംഗിൾ ഷോട്ട് ക്യാമറാ യാത്രയിലൂടെയാണ്. ഭരണത്തിലിരിക്കുന്ന മന്ത്രിക്കുമേൽ പോലും തന്റെ കൽപ്പനയ്‌ക്ക്‌ അധികാരമുള്ള വയോധികനായ മാലിക്. നാട്ടുകാർ മാലിക് ഇക്ക എന്ന വ്യക്തിയിൽ ഊറ്റംകൊള്ളുമ്പോഴും, അയാളുടെ ഭാര്യ റോസ്‌ലിൻ എന്ന നിമിഷ സജയൻ കഥാപാത്രത്തിന്റെ മുഖത്തെ മ്ലാനതയിൽ നിന്നും മറ്റെന്തെല്ലാമോ വായിച്ചെടുക്കാൻ സാധിക്കും.പിന്നീട് മനസ്സിലാവും, ഭാര്യ മാത്രമല്ല, സ്വന്തം ഉമ്മയും റിബൽ ആണെന്ന കാര്യം.


ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ എന്തിനും ഇറങ്ങിത്തിരിച്ചിരുന്ന സുലൈമാൻ നാട്ടിലെ വരത്തന്മാരിൽ ഒരാളാണ്. എങ്കിലും കടലിന്റെ തഴമ്പ് ഏറ്റുവളർന്ന ബാലൻ. അയാളുടെ അമ്മയുടെ ഭാഷയിൽ  'കടലിന്റെ മണം', തന്നിൽപ്പേറി ജീവിച്ചവൻ . ഈ കടൽമണം അയാളെ കാലക്രമേണ റമദാപള്ളിക്കാരുടെ ഇടയിൽ സ്വീകാര്യനാക്കുമ്പോഴും, വ്യക്തി ജീവിതത്തിൽ കനത്ത നഷ്‌ടങ്ങൾ മാത്രം ബാക്കിയായി തീരുന്ന, ഉറ്റവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോലും പ്രാപ്തനല്ലാത്ത വിധം അശക്തനാണയാൾ.


റമദാപള്ളിയിലെ വൈദ്യകുടുംബത്തിന്റെ കനിവുപറ്റാൻ എത്തിച്ചേരുന്നത് മുതൽ ജീവിതാവസാനം വരെ സുലൈമാൻ മാലിക്കിന്റെ കഥ വരച്ചു കാട്ടുന്ന സിനിമ നോൺ-ലീനിയർ കഥപറയൽ ശൈലി അവലംബിച്ചിരിക്കുന്നു. വ്യത്യസ്ത കാലഘട്ടങ്ങളും വ്യക്തികളും തിരയടിച്ചെത്തുന്ന ഈ യാത്രയിൽ പലയിടത്തും മുന്നോട്ടുള്ള വഴി എന്താവുമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നു. അൽപ്പം കത്രികപ്പണി കൂടുതൽ വേണ്ടിവരുന്നതായി ഇവിടങ്ങളിൽ തോന്നാം.

നാട്ടിലെ മറ്റു പെൺകുട്ടികൾ പാരമ്പര്യ തൊഴിലിലേക്ക് തിരിഞ്ഞപ്പോൾ കോളേജ് വിദ്യാഭ്യാസം നേടിയ യുവതിയാണ് റോസ്‌ലിൻ.


സുലൈമാനും റോസ്‌ലിനും തമ്മിലെ വിവാഹം, നാട്ടുകാർക്ക് വേണ്ടി സുലൈമാൻ മുൻകയ്യെടുത്ത് തുറക്കുന്ന സ്കൂൾ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ മതസൗഹാർദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ റോസ്‌ലിന്റെയും സുലൈമാന്റേയും വിവാഹം അവളുടെ സഹോദരൻ  ഡേവിഡിന്റെ (വിനയ് ഫോർട്ട്) മനസ്സിൽ മുളപൊട്ടുന്ന നീരസത്തിൽ നിന്നും ഉണ്ടാകുന്ന സ്പർദ്ധ നാട്ടിലേക്ക് പടരുന്ന കാഴ്ചയാണ് മാലിക്കിന്റെ ഗതി നിശ്ചയിക്കുന്നത്. ഇവരുടെ ജീവിതത്തിൽ പോലീസ് ഇടപെടുന്നതിന്റെ ന്യായാന്യായങ്ങൾ ഇത്തരം സമൂഹത്തോടുള്ള  ഭരണകൂടത്തിന്റെ മനോഭാവം  വെളിവാക്കുന്നു.


ഇന്നും യാഥാർഥ്യമായി നിലനിൽക്കുന്ന മതവിഭാഗങ്ങൾ തമ്മിലെ സംഘർഷങ്ങൾ പറയാൻ നടത്തിയ ശ്രമമായി മാലിക് എന്ന സിനിമയെ കാണാം. മനുഷ്യന്റെ മനസ്സിൽ നന്മയും തിന്മയും ഒരുപോലെ കുടികൊള്ളുന്നു. എന്തു കാരണത്തിൽ ആണെങ്കിലും തിന്മ തലപൊക്കിയാൽ അത്  പലരുടെയും ജീവിക്കാനുള്ള അവകാശത്തെപ്പോലും ഹനിച്ചേക്കാം.


വ്യക്തിയുടെ മനസ്  എങ്ങനെ സമൂഹത്തിന്റേതായി  മാറുന്നു എന്ന്  മഹേഷ് നാരായണനും സംഘവും പറയുന്നു. സദാ ആർത്തിരമ്പുന്ന കടലിന്റെയും അതിനേക്കാൾ ഇരമ്പുന്ന  മനുഷ്യമനസ്സുകളുടെയും, കാറ്റും കോളും പകർത്താൻ സാനു വർഗീസിന്റെ ക്യാമറ മികച്ച ശ്രമം നടത്തി. തിരുവനന്തപുരത്തിനോട് ചേരുന്ന ഇടമാണ് എങ്കിലും നാട്ടുകാരായ ചില കഥാപാത്രങ്ങളുടെ ഭാഷ കൊച്ചിയോടാണ് ചേർന്നു നിൽക്കുന്നത്. കടലോരം ഭാഷാപരമായ പ്രത്യേകത ഏറെയുള്ള ഇടമായതിനാൽ ഇത് ചിലപ്പോഴെങ്കിലും കല്ലുകടിയാണ്.

പല കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സുലൈമാൻ മാലിക്കായി ഫഹദ്  ജീവിക്കുന്നു.


മുൻകാല താരം ജലജ ഉജ്ജ്വലമായി തിരിച്ചു വരുന്നു. വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ജോജു ജോർജ്, ഇന്ദ്രൻസ് തുടങ്ങിയവരുടെ കഥാപാത്രങ്ങൾ അവരുടെ മുൻകാല വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്.  ചിത്രം ആമസോൺ പ്രൈമിൽ.

Published by: user_57
First published: July 15, 2021, 9:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories