• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

മോഹന്‍ലാലിന്‍റെ നീരാളി - ഭയത്തിന്‍റെ ചലച്ചിത്രഭാഷ്യം

news18india
Updated: July 12, 2018, 7:07 PM IST
മോഹന്‍ലാലിന്‍റെ നീരാളി - ഭയത്തിന്‍റെ ചലച്ചിത്രഭാഷ്യം
news18india
Updated: July 12, 2018, 7:07 PM IST
#സിബി  സത്യൻ

(കഴിഞ്ഞദിവസം മുംബൈയിൽ നടന്ന പ്രിവ്യൂവിനു ശേഷം എഴുതിയത്)

ഭയം എന്ന വികാരത്തെ ഒരു കഥാപാത്രമാക്കി മാറ്റിയെടുക്കുക, സിനിമയുടെ ഏതാണ്ടെല്ലാ സമയവും അത് പ്രേക്ഷകനൊപ്പം സഞ്ചരിക്കുക, അതയാളെ മുള്‍മുനയില്‍ നിര്‍ത്തുക - അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി എന്ന മോഹന്‍ലാല്‍ സിനിമയെ ചുരുക്കത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
Loading...

അടിസ്ഥാന മനുഷ്യവികാരങ്ങളെ കഥാപാത്രം തന്നെയാക്കി മാറ്റി അതിന്‍റെ അടിസ്ഥാനത്തില്‍ എടുത്ത സിനിമകള്‍ മലയാളത്തിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ അധികം കണ്ടിട്ടില്ല. ഒരുപക്ഷേ ഇല്ലെന്നു തന്നെ പറയാം. എന്നാല്‍, വിദേശചിത്രങ്ങള്‍ ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ക്ക് പലവട്ടം മുതിര്‍ന്ന് വന്‍ വിജയമായിട്ടുണ്ട്. ആ തരത്തില്‍ ഒരു ഗംഭീര പരീക്ഷണം തന്നെയാണ് നീരാളി മുന്നോട്ടു വെയ്ക്കുന്നത്.

അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള ഒരു വികാരമാണ് ഭയം. പ്രത്യേകിച്ച് ഒരു ചിത്രത്തിലുടനീളം അതിനെ അഭിനയിച്ചു കാട്ടേണ്ടി വരുമ്പോള്‍. മറ്റൊന്ന്, സൂപ്പര്‍താരങ്ങള്‍ സാധാരണ ഈ വികാരത്തെ അധികം കൈകാര്യം ചെയ്യാന്‍ ശ്രമിക്കാറില്ല. കാരണം, ഭയമില്ലാത്ത അമാനുഷരാണല്ലോ മിക്ക ചിത്രങ്ങളിലും അവര്‍. എന്നാല്‍ ഭയത്തെക്കുറിച്ചുള്ള ഈ അടിസ്ഥാന സിനിമാ സങ്കല്‍പങ്ങളെ മാറ്റിയെഴുതുകയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍.

നീരാളി എന്ന ചിത്രം മുന്നോട്ടു വെയ്ക്കുന്ന ചലച്ചിത്രഭാഷ വളരെ വ്യത്യസ്തമാണ്. അത് മിക്കപ്പോഴും ഒരു വലിയ കൊക്കയിലേക്ക് വീഴാറായി മരക്കൊമ്പില്‍ തങ്ങി നില്‍ക്കുന്ന വാഹനമാണ്. ഒരൊറ്റ തള്ളലില്‍, അശ്രദ്ധമായ കൈവെയ്പില്‍ എല്ലാം തവിടുപൊടിയാകാം. അല്ലെങ്കില്‍ മരണത്തിനും ജീവിതത്തിനുമിടയിലെ ത്രിശങ്കുവിന്റെ വിരസത തീര്‍ക്കാം. എന്നാല്‍, ഈ ഭാഗം അങ്ങേയറ്റം ശ്രദ്ധയോടെ കൈകാര്യം ചെയ്ത സംവിധായകന്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. സിനിമയുടെ കഥ തന്നെ നിര്‍ണായക സന്ധിയാണ്. ചലനമില്ലാത്ത അവസ്ഥ. പക്ഷേ അവിടെ സിനിമ ചലിക്കുന്നുണ്ട്, പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്, മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്, അസ്വസ്ഥനാക്കുന്നുണ്ട്. ഭയത്തിന്‍റെ നീരാളിക്കൈകള്‍ അവനുമേലും പിടി മുറുക്കുന്നുണ്ട്. അവനും പ്രാര്‍ഥിക്കാന്‍ തുടങ്ങുന്നുണ്ട്. അതുതന്നെയാണ് സിനിമയുടെ, നടന്‍റെ, സംവിധായകന്‍റെ എഡിറ്ററുടെ വിജയം. ഭയത്തിന്‍റെ അപാരതകള്‍ ദൃശ്യവല്‍ക്കരിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത പ്രമുഖ ബോളിവുഡ് സിനിമാട്ടോഗ്രാഫറും മലയാളിയുമായ സന്തോഷ് തുണ്ടിയിലിന്‍റെ ക്യാമറയുടെ കണ്ടെത്തലുകള്‍ ഈ ചിത്രത്തിന്റെ വഴി നിശ്ചയിക്കുന്നുവെന്നു പറയാതെ വയ്യ.രത്‌നക്കല്ലുകളുടെ മുല്യം നിശ്ചയിക്കുന്ന ഒരു ജെമ്മോളജിസ്റ്റാണ് സണ്ണി എന്ന മോഹന്‍ലാല്‍. പൂർണ ഗർഭിണിയായ ഭാര്യ മോളിക്കുട്ടിയായി നദിയ മൊയ്തു എത്തുന്നു. ഭാര്യയ്ക്കടുത്തെത്താന്‍ ബാംഗളൂരുവില്‍ നിന്നും പോകുന്ന കമ്പനി വണ്ടിയില്‍ കയറുന്ന സണ്ണിയുടെ യാത്രയാണ് സിനിമയുടെ കഥാതന്തു. ഒപ്പം ഡ്രൈവര്‍ വീരപ്പനായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു. ഈ യാത്രയിലെ പ്രധാന നിമിഷത്തിന്റെ അനിശ്ചിതത്വത്തെ ചലിപ്പിക്കാന്‍ സബ് പ്‌ളോട്ടുകളും സംവിധായകന്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഡ്രൈവര്‍ വീരപ്പന്‍റെ കഥ മുഖ്യകഥയ്ക്ക് സമാന്തരമായി മുന്നോട്ടു പോവുകയും ഉദ്വേഗം തീര്‍ക്കുകയും ചെയ്യുന്നു. ഭാര്യയോട് അങ്ങേയറ്റം സ്‌നേഹമുള്ളവനായിരിക്കെത്തന്നെ, സണ്ണിയുടെ പ്രണയ, ലൈംഗിക സാഹസങ്ങളും സമാന്തരമായി പോവുകയും കഥയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകളുണ്ടാക്കുകയും ചെയ്യുന്നു.

ഇതിലെല്ലാം ഉപരിയാണ് ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുന്ന നിമിഷങ്ങളില്‍ മോഹന്‍ലാല്‍ കാഴ്ച വെയ്ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍. ഭയത്തിന്‍റെ അപാരമായ ചില മുഹൂര്‍ത്തങ്ങളില്‍ അയാള്‍ ഉന്മാദത്തിന്‍റെ ചില നിമിഷങ്ങളിലേക്കു വഴുതി വീഴുന്നതായി തോന്നിപ്പിക്കുന്നു. മറ്റൊരു നിമിഷത്തില്‍ അയാള്‍ അങ്ങേയറ്റം പ്രായോഗികബുദ്ധിയുള്ള മനുഷ്യനാകുന്നു. അസാധാരണമായ മനസാന്നിധ്യത്തോടെ ജീവിതത്തിന്‍റെ പല സങ്കീര്‍ണതകളെയും നേരിടുന്നു. ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ തനിക്കു മാത്രം വഴങ്ങുന്ന അഭിനയത്തിളക്കത്തിന്‍റെ മനോഹരവേളകള്‍ അയാളൊരുക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടും പാര്‍വതിയും നദിയാ മൊയ്തുവും തങ്ങളുടെ ചെറുതെങ്കിലും പ്രധാനമേറിയ റോളുകള്‍ ഗംഭീരമാക്കിയിട്ടുണ്ട്.

ടോം ഹാങ്ക്‌സിന്റെ കാസ്റ്റ് എവേ എന്ന സിനിമ ലോക സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. വിമാനാപകടത്തില്‍ കടലില്‍ പെട്ട് ആള്‍താമസമില്ലാത്ത ദ്വീപില്‍ അകപ്പെട്ടു പോകുന്ന ഫെഡ് എക്‌സ് ഉദ്യോഗസ്ഥന്റെ കഥ. സിനിമ അയാളുടെ ഏകാന്തതയുടെയും അതിജീവനത്തിന്റെയും കഥ പറയുന്നു. ഒരു സര്‍വൈവല്‍ ത്രില്ലര്‍ എന്നു വിളിക്കാവുന്ന സിനിമ. നീരാളിയും സമാനമായ സര്‍വൈവല്‍ ത്രില്ലറാണ്. കാസ്റ്റ് എവേയില്‍ സംവിധായകന് ലഭിക്കുന്ന സ്‌പേസ് ഒരു കടലും ഏകാന്തമായ ഒരു ദ്വീപും മുഴുവനാണെങ്കില്‍ നീരാളിയില്‍ ആ സ്‌പേസ് തീരെ ചെറിയൊരിടത്തിലേക്ക് ഒതുങ്ങുന്നു. അതു തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയും. ആ വെല്ലുവിളിയുടെ കൂടി അതിജീവനമാണ് ഈ സിനിമ. അതുകൊണ്ടു തന്നെയാണ് അത് അങ്ങേയറ്റം വ്യത്യസ്തമാകുന്നതും.
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍