Drishyam 3:'പേടിക്കേണ്ട..ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കിക്കോളും'; ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് മോഹന്‍ലാല്‍
- Published by:Sarika N
- news18-malayalam
Last Updated:
പ്രേക്ഷകരുടെ ആകാംക്ഷയാണ് ദൃശ്യം സിനിമയുടെ സവിശേഷതയെന്നും മോഹൻലാൽ
എറണാകുളം: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'ദൃശ്യം' ചലച്ചിത്ര പരമ്പരയുടെ മൂന്നാം ഭാഗമായ 'ദൃശ്യം 3' യുടെ ചിത്രീകരണം ആരംഭിച്ചു. എറണാകുളത്തെ പൂത്തോട്ട എസ്.എൻ. കോളേജിൽ നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംസാരിച്ച നടൻ മോഹൻലാൽ, മുൻ ഭാഗങ്ങൾ സ്വീകരിച്ചതുപോലെ പ്രേക്ഷകർ മൂന്നാം ഭാഗത്തെയും ഹൃദയത്തിൽ സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് വ്യക്തമാക്കി. 'ദൃശ്യം 3' ഒരു തടസ്സവും കൂടാതെ പൂർത്തിയാകണമെന്നും, ചിത്രം വലിയൊരു സൂപ്പർഹിറ്റായി മാറണമെന്നുമാണ് താൻ പ്രാർഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകർ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാർഥന,' മോഹൻലാൽ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'ജോർജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും പേടിക്കേണ്ട,' എന്ന് തമാശരൂപേണ പ്രതികരിച്ചു. കൂടാതെ പ്രേക്ഷകരുടെ ഈ ആകാംക്ഷയാണ് ദൃശ്യത്തിന്റെ സവിശേഷതയെന്നും കൂട്ടിച്ചേർത്തു.
മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച സമയത്ത് 'ദൃശ്യം 3' യുടെ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. 'ഈ സമയവും ദിവസവും ഞങ്ങൾക്ക് ഏറ്റവും മറക്കാൻ പറ്റാത്തതാണ്. മോഹൻലാൽ സാറിന് ഇത്രയും വലിയ അംഗീകാരം കിട്ടി. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായാണ് ഞാൻ കാണുന്നത്. ദൃശ്യം 3 ഏറ്റവും പ്രിയപ്പെട്ടതാണ്. ഈ സമയത്ത് അത് തുടങ്ങാൻ കഴിയുന്നു എന്നത് ഏറ്റവും വലിയ സന്തോഷം തരുന്ന കാര്യമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും താരങ്ങളും പൂജാ ചടങ്ങിൽ പങ്കെടുത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
September 22, 2025 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Drishyam 3:'പേടിക്കേണ്ട..ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കിക്കോളും'; ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് മോഹന്‍ലാല്‍