L2 Empuraan: വരവറിയിച്ച് ഖുറേഷി അബ്രാം; ആവേശമായി എമ്പുരാൻ ട്രെയ്‌ലർ
- Published by:Sarika N
- news18-malayalam
Last Updated:
മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും
മലയാളി സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസ് ആയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലര്‍ പുറത്തുവന്നു. ഇന്ന് ഉച്ചക്ക് 1:08നാണ് ട്രെയിലർ പുറത്തിറക്കുമെന്ന് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സർപ്രൈസായി ട്രെയ്ലർ പുറത്തുവിടുകയായിരുന്നു. ട്രെയ്ലർ ചോർന്നതാണ് ഇതിനു കാരണമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമിച്ച എമ്പുരാൻ മാർച്ച് 27നാണ് തിയറ്ററുകളിൽ എത്തുക.
മലയാള സിനിമയിൽ ആദ്യമായി IMAX (ഐമാക്സ്) റിലീസ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും എമ്പുരാനുണ്ട് . തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളിൽ IMAX ഫോർമാറ്റിൽ ചിത്രം കാണാൻ സാധിക്കും. അബ്രാം ഖുറേഷിയും, പ്രിയദർശിനി രാംദാസും, ജതിൻ രാംദാസും കൂട്ടരും രണ്ടാം വരവിൽ എന്താകും ബാക്കിവച്ചേക്കുക എന്ന കാര്യത്തിൽ പ്രതീക്ഷയേക്കാളുപരി ആകാംക്ഷയാകും പ്രേക്ഷകരെ തിയേറ്ററിലേക്ക് നയിക്കുക. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടും മാർച്ച് 27ന് പ്രദർശനത്തിനെത്തും. വെളുപ്പിന് ആറു മണിക്ക് തന്നെ പ്രേക്ഷകർക്ക് മുന്നിൽ ആദ്യ ഷോയ്ക്ക് തിരിതെളിയും.
advertisement
ഇന്ത്യ, അമേരിക്ക, യു.എ.ഇ., യു.കെ. എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് 'എമ്പുരാൻ' ചിത്രീകരിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ, മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ഇന്ത്യയിൽ ഗുജറാത്ത്, ഹൈദരാബാദ്, ഫരീദാബാദ്, ഷിംല, ലഡാക്ക്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും, അമേരിക്കയിൽ ന്യൂയോർക്ക്, ന്യൂ മെക്സിക്കോ, ലൂസിയാന, സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. യു.എ.ഇയിൽ റാസ് അൽ-ഖൈമയിലായിരുന്നു ഷൂട്ടിംഗ്.മോഹൻലാൽ കഥാപാത്രമായ അബ്രാം ഖുറേഷി, പൃഥ്വിരാജിന്റെ സായിദ് മസൂദ് തുടങ്ങിയ വേഷങ്ങളുടെ കൂടുതൽ ആഴത്തിലെ ആവിഷ്കരണമാകും എമ്പുരാനിൽ കാണുക. ചിത്രത്തിലെ 36 കഥാപാത്രങ്ങളെ നീണ്ട 18 ദിവസങ്ങൾ കൊണ്ട് അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള കഥാപാത്രങ്ങൾ സിനിമയുടെ ഭാഗമാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 20, 2025 6:55 AM IST