• HOME
 • »
 • NEWS
 • »
 • film
 • »
 • റിതഭാരിക്ക് ഇവിടെയല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് കോൺടാക്ട്

റിതഭാരിക്ക് ഇവിടെയല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് കോൺടാക്ട്

 • Last Updated :
 • Share this:
  #മീര മനു

  രണ്ടു വർഷം മുൻപ് ഗോവ IFFIയിൽ തൻ്റെ ബംഗാളി ചിത്രം ഒന്യോ അപ്പാല ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കാൻ പോയ റിതഭാരി ചക്രബർത്തി തീർത്തും അവിചാരിതമായാണ് ഡോക്ടർ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികൾ കാണാൻ ഇട വരുന്നതും, അദ്ദേഹത്തെ നേരിട്ട് കണ്ടു പരിചയപ്പെടുന്നതും. "ചിത്രം എന്നെ തീർത്തും അത്ഭുതപ്പെടുത്തി. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നു അടുത്ത് ചെന്ന് പറഞ്ഞു. അഥവാ എന്നെ സിനിമയിലേക്ക് വിളിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നു ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന് ജീവൻ വേണമെന്നുള്ളത് കാരണം മറ്റു പോംവഴി ഇല്ലായിരുന്നു," ഇത്രയുംപറഞ്ഞ് റിതഭാരി പൊട്ടിച്ചിരിക്കുന്നു. ആ കണ്ടുമുട്ടലിന്റെ ഫലമാണ് ചലച്ചിത്ര മേളയിലെ പെയിന്റിംഗ് ലൈഫിലെ റിതഭാരിയുടെ വേഷം. മലയാള ചിത്രമല്ലെങ്കിലും, മലയാളിയായ ഡോക്ടർ ബിജുവിന്റെ സംവിധാനത്തിലൂടെ റിതഭാരി മലയാളത്തിലെത്തിയിട്ടുണ്ട്.

  ശേഷം ബിജുവിന്റെ സൗണ്ട് ഓഫ് സൈലെൻസ് വന്നു. എന്നാൽ അതിൽ റിതഭാരി ഇല്ലായിരുന്നു. കൊൽക്കത്ത ചലച്ചിത്ര മേളയിൽ അവർ വീണ്ടും കണ്ടു മുട്ടി, എവിടെ എന്റെ ചിത്രമെന്ന് കണ്ടപാടെ റിതഭാരി ചോദിച്ചു. ഇനി രക്ഷയില്ല. അടുത്ത പടം പെയിന്റിംഗ് ലൈഫ് വന്നപ്പോൾ, അതിലെ സ്വന്തം കാര്യം മാത്രം ചിന്തിച്ചു ജീവിക്കുന്ന നടിയുടെ വേഷത്തിനു പറ്റിയ ആൾ റിതഭാരി തന്നെയായിരുന്നു. "സ്വന്തം ജീവിതം മാത്രം ചിന്തിച്ചു ജീവിക്കുന്നതാണ് കഥാപാത്രം. അവർ എന്ത് ചെയ്യണം, എങ്ങോട്ടു പോകണം എന്നത് മാത്രമാണ് വിഷയം. അങ്ങനെയിരിക്കെ അവരുടെ ഷൂട്ടിംഗ് സംഘം ഒരു താഴ്വരയിൽപ്പെട്ടു പോകുന്നു. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുമ്പോഴും നടിക്ക് ചിന്ത അവരെക്കുറിച്ചു മാത്രമാണ്. അങ്ങനെ കഴിഞ്ഞ വർഷം എന്നെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇംഗ്ലീഷ് ആയതു കൊണ്ട് ഭാഷ പ്രശ്നമില്ല." മറു ഭാഷയിൽ നിന്നുമുള്ള ഗീതാഞ്ജലി ഥാപ്പയും ചിത്രത്തിലുണ്ടായിരുന്നത് കൊണ്ട് റിതഭാരിക്ക് ഒരു കൂട്ടായി.  എന്നാൽ കഥയിലുള്ളത് പോലത്തെ സന്ദർഭം ഷൂട്ടിങിനിടെയും സംഭവിച്ചു. താഴ്വരയിൽ പല സൗകര്യങ്ങളും ഇല്ലാതായി. കറണ്ട് പോയി. ചൂട് വെള്ളം ലഭിക്കാതെയായി. ഇന്റർനെറ്റു ബന്ധം പോലും തകർന്നു. "രാവിലെ ഞാനും പ്രകാശും (പ്രകാശ് ബാരെ) ഒരു വൈഫൈ ക്യാപ്ച്ചറുമായി നിൽക്കും. സിഗ്നൽ കിട്ടുമ്പോൾ ഞാൻ അമ്മയെ വിളിച്ച്‌ 'അമ്മെ ഞാൻ ജീവിച്ചിരിപ്പുണ്ട്' എന്ന് പറയും," റിതഭാരി വിവരിക്കുന്നു.

  ഡോക്ടർ ബിജുവിന്റെ ആരാധിക കൂടിയാണ് റിതഭാരി. "അദ്ദേഹം നല്ലൊരു മനുഷ്യനാണ്. വളരെ ക്രിയേറ്റീവ് ആയ വ്യക്തി. ജീവിതത്തിന്റെ നല്ല വശങ്ങളെ നോക്കിക്കാണുന്ന പ്രകൃതം. പ്രോത്സാഹനം നൽകുകയും, ശാന്തനായിരിക്കുകയും ചെയ്യും. എന്നാൽ സമൂഹത്തിൽ എന്തൊക്കെ മാറണം എന്നതിനെ സംബന്ധിച്ച് അദ്ദേഹം നിശ്ശബ്ദനാവില്ല. തുറന്നു പറയും. എന്തിനൊക്കെ പ്രതിഷേധിക്കണം എന്നദ്ദേഹത്തിനറിയാം. അതിനു ധിക്കാരിയോ, കോപാകുലരോ ആവേണ്ടതില്ല. വളരെ ജന്റിൽമാനായി തന്നെ പറയേണ്ടതെന്താണോ, അത് പറയാൻ അദ്ദേഹത്തിനറിയാം. അതാണ് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ചതും," റിതഭാരി പറയുന്നു.

  സ്വയം താനൊരു കഠിനാധ്വാനിയായ അഭിനേതാവെന്ന് സധൈര്യം പറയാൻ റിതഭാരിക്ക് കഴിയും. അത് കൊണ്ട് തന്നെ ഒരു മലയാള സിനിമയിലേക്ക് ക്ഷണം വന്നാൽ നിരസിക്കില്ല. കൂടുതൽ ചിത്രങ്ങളും ബംഗാളിയിൽ ആണെങ്കിലും എവിടെയും തളച്ചിടപ്പെടാൻ റിതഭാരി ആഗ്രഹിക്കുന്നില്ല. ബംഗാളിയും, ഹിന്ദിയും, ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാൻ അറിയ്യാം. മലയാളത്തിൽ നിന്നും റിതഭാരിയെ ആകർഷിക്കുന്ന തരത്തിലെ റോൾ വന്നാൽ ഏറ്റെടുക്കാൻ ഒട്ടും മടിയില്ല. "മലയാളമോ, ഇറാനിയനോ, പേർഷ്യനോ, ഇനി ആംഗ്യ ഭാഷയാണെങ്കിൽ അതും പഠിക്കാൻ സന്തോഷമേയുള്ളൂ. ഒരു ടീമോ, സംവിധായകനോ, നിർമ്മാതാവോ, അഭിനേതാക്കളോ എന്നെ ക്ഷണിക്കുകയാണെങ്കിൽ ഞാൻ തീർത്തും വരാൻ തയ്യാറാണ്."  മലയാളം ഒരു മനോഹരമായ ഭാഷയാണെന്നാണ് റിതഭാരി പറയുന്നത്. "ഒരിക്കൽ ഡോക്ടർ ബിജുവുമായി ഞാൻ ഇവിടുത്തെ സാഹിത്യവും വായനാ സംസ്കാരവും സംബന്ധിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ഇവിടെ മഹത്തായ എഴുത്തുകാരും, കലാകാരുമുണ്ടെന്ന് മനസ്സിലായി. തല്ക്കാലം വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളാണ് എനിക്ക് രക്ഷ. ഇപ്പോൾ മറ്റൊരു ഭാഷ അറിയാവുന്നയൊരാൾ ബംഗാളി സാഹിത്യം മനസ്സിലാക്കണമെങ്കിലും അതെ വഴിയുള്ളൂ. ഡോക്ടർ, പ്രകാശ് എന്നിവർ എനിക്ക് ചില പുസ്തകങ്ങൾ പറഞ്ഞു തന്നു. ഒരു പക്ഷെ മലയാള ഭാഷയുടെ അടിസ്ഥാനമെങ്കിലും പഠിച്ചാൽ എനിക്കതിന്റെ യഥാർത്ഥ വികാരം ഉൾക്കൊള്ളാൻ സാധിച്ചേക്കും." ഡോക്ടർ നിർദ്ദേശിച്ച പുസ്തകങ്ങൾ ഒരുപാടുണ്ട്, അതന്വേഷിച്ചു പോകാൻ തീരുമാനിച്ചു കൂടിയാണ് റിതഭാരിയുടെ ഈ വരവ്. സെറ്റിൽ താനും, ഗീതാഞ്ജലിയും, ടെൻസിംഗും ഒഴികെ എല്ലാവരും മലയാളം പറയുന്നത് കണ്ട്, ഭാഷ പഠിച്ചാൽ കൊള്ളാം എന്നൊരു മോഹം കൂടിയുണ്ട് റിതഭാരിക്ക്.

  കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇതാദ്യമാണെങ്കിലും, ഇവിടുത്തെ ചിത്രങ്ങളും, ജനവികാരവും റിതഭാരിയെ വല്ലാതങ്ങാകർഷിക്കുന്നു. "പ്രളയത്തിന് ശേഷവും ഇവിടെ ചലച്ചിത്രമേളയുണ്ടായതെന്നത് വലിയ കാര്യമാണ്. ഇവിടുത്തെ സിനിമാ സ്നേഹികളെയും സർക്കാരിനെയും അഭിനന്ദിച്ചേ മതിയാവൂ.

  കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം റിതഭാരി അഭിനയിച്ചത് ബോളിവുഡിലെ പ്രധാനികളോടൊപ്പമാണ്. ആയുഷ്മാൻ ഖുറാനയുടെ മ്യൂസിക് വീഡിയോയിലൂടെ തുടക്കം. കൽക്കി കോക്ളിന്റെ ഹ്രസ്വചിത്രം 'നേക്കഡ്' റിതഭാരി തന്നെ ആവിഷ്ക്കരിച്ച്‌, നിർമ്മിച്ചതാണ്. പിന്നെ അനുഷ്ക ശർമ്മ നിർമ്മിച്ച് അഭിനയിച്ച പരി.പരി ഒരു കൊമേർഷ്യൽ വിജയ ചിത്രം കൂടിയാണ്. അനുഷ്കയുടെ വിവാഹത്തിന് തൊട്ടു മുൻപായിരുന്നു ചിത്രീകരണം.  "അനുഷ്കയ്ക്കൊപ്പം വർക്ക് ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. അവരൊരു സ്ത്രീയാണ്, അവർ തന്നെ ഉള്ളടക്കം തീരുമാനിക്കുന്നു. മുഖ്യധാരയിൽ നിന്നും വിഭിന്നമെങ്കിലും, അതിന്റെ വാണിജ്യ സാദ്ധ്യതകൾ അവർ തള്ളിക്കളയാറില്ല. രജത് കപൂറും ചിത്രത്തിലുണ്ടായിരുന്നു. ക്ലൈമാക്സ് വളരെ രസകരമായിരുന്നു, അനുഷ്ക എന്ന ആത്മാവ് എന്നെ തല്ലിത്തകർക്കുന്നതാണ് അവസാനം. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ആളുമായി ആത്മാവ് സ്നേഹബന്ധത്തിലാണ്. ഒരു ആത്മാവും, സ്ത്രീയും, പുരുഷനുമുള്ള ത്രികോണ പ്രണയമാണ് പ്രമേയം." ഇവിടെ ഉടലെടുത്ത സുഹൃദ് ബന്ധം റിതഭാരിയുടെ ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ രജത് കപൂറിനെ കൊണ്ട് വന്നു. ചിത്രം അടുത്ത വർഷം പുറത്തിറങ്ങും.

  നേക്കഡ്, നടി രാധിക ആപ്തെക്കുണ്ടായ അനുഭവത്തിൽ നിന്നും ആവിഷ്കരിച്ച ചിത്രമാണ്. അവർ അഭിനയിച്ച ഹ്രസ്വ ചിത്രത്തിൽ നിന്നുമുള്ള ക്ലിപ്പിംഗ് എടുത്തു അശ്ലീല വിഡിയോയെന്ന പേരിൽ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചിരുന്നു. "ഈ അവസരത്തിൽ, ബോസ് നൽകുന്ന ചോദ്യാവലിയുമായി നടിയെക്കണ്ടു അഭിമുഖം ചെയ്യുന്ന മാധ്യമപ്രവർത്തകയാണ് ഞാൻ. നിങ്ങൾ നഗ്നയാവാനുള്ള കാരണം, നിങ്ങളെ കണ്ടിട്ടല്ലേ നാട്ടിൽ ബലാൽസംഗം നടക്കുന്നത് തുടങ്ങിയ ചോദ്യങ്ങളുണ്ട്. കൽക്കിയാണ് നടിയുടെ വേഷം ചെയ്യുന്നത്. കൽക്കി ഞങ്ങൾ നൽകിയ സ്ക്രിപ്റ്റിനെക്കാൾ തന്റെ ഭാഗത്തു നിന്നുമുള്ള സംഭാവന കൂടി നൽകിയാണ് മുഴുമിക്കുന്നത്. സാധാരണ ഗതിയിൽ വളരെ നയപരമായ രീതിയിൽ മാത്രമേ മിക്ക അഭിനേതാക്കളും സംസാരിക്കാറുള്ളു. ഒന്നും പറയാൻ താത്പര്യമില്ലാത്തവരും, ഒന്നും പറയാത്തവരും. എന്നാൽ കൽക്കി അങ്ങനെയല്ല. നിർഭയയാണ്, നല്ലൊരു വ്യക്തിയാണ്. ഒപ്പം വർക്ക് ചെയ്യുന്നത് രസമാണ്."  കത്തിപ്പടരുന്ന #മീ ടൂ വിവാദം അടിസ്ഥാനമാക്കി ഒരു ചിത്രം ചെയ്യണമെന്ന് റിതഭാരിക്ക്‌ ആഗ്രഹമുണ്ട്. എങ്കിൽ അതിൽ കൽക്കി തന്നെ ആവണം നായികയെന്നുണ്ട്. "എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചു പറയാൻ ഭയമില്ലാത്ത ഒരു നടിയെയാണ് എനിക്ക് വേണ്ടത്. തെറ്റോ, ശരിയോ കണ്ടെത്തുന്നതല്ല, ഒരു സംവാദത്തിനു അവസരം നൽകുകയെന്നതാണ് നമ്മൾ ചെയ്യുന്നത്. ബാക്കി ഈ രാജ്യത്തെ ജനങ്ങൾ തീരുമാനിക്കട്ടെ. ഇതൊന്നും വാതിലിനു പുറത്തു വരാത്ത കാര്യങ്ങളല്ല. കൽക്കി ഒരു ദേശീയ താരമാണ്. അവർ ഒപ്പമുള്ളപ്പോൾ എനിക്ക് മീ ടൂവിനെക്കുറിച്ചു പറയാൻ ശക്തമായ പിൻബലമുണ്ടാവും.,"

  ഇന്റിമസിയോ, നഗ്‌നതയോ സ്‌ക്രീനിൽ കാണിക്കുന്നതിൽ ഒട്ടും വിമുഖതയില്ലെന്നും റിതഭാരി അടിവരയിട്ടു പറയുന്നു. "സ്‌ക്രീനിൽ സെക്സ് വിൽക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഒരു സ്ത്രീയുടെ ശരീരം വളരെ മനോഹരമാണ്. വസ്ത്രത്തിനുള്ളിലും അല്ലാതെയും ഞാൻ ആകർഷണീയ എന്നുറപ്പുണ്ട്. എല്ലാ സ്ത്രീകളും മനോഹരമാണ്. നൂറ്റാണ്ടുകളോളം കവികളെയും, കലാകാരെയും പ്രചോദിപ്പിച്ചിട്ടുണ്ട്. പക്ഷെ അത് വില്ക്കാന് പാടില്ല. നിങ്ങൾക്കതിനെ ആദരിക്കാം, അവതരിപ്പിക്കാം, അതിലെ കലയെ പ്രകീർത്തിക്കാം. അതിനൊരു വിലയിട്ടു വിപണിയിൽ കൊണ്ട് വരാൻ പാടില്ല."

  പത്തു വർഷം മുൻപ് ബംഗാളി ടെലിവിഷൻ രംഗത്താണ് റിതഭാരിയുടെ തുടക്കം. സിനിമയിൽ വന്നെങ്കിലും ഇന്നും ടെലിവിഷനുള്ള സാധ്യതകൾ അനന്തമാണെന്ന് റിതഭാരിയുടെ കണ്ടെത്തൽ. "അതൊരുപാട് ജനങ്ങളിലേക്ക് എത്തുന്നു. ഒരു സിനിമ നഷ്ടമായാലും ടെലിവിഷൻ പരിപാടി വിടില്ല. സാങ്കേതികമായി നമ്മൾ ഗ്രാമീണ ഭാരതമാണ്. എൻ്റെ ആദ്യ ടെലിവിഷൻ ഷോ വൻ ഹിറ്റായിരുന്നു. പക്ഷെ പിന്നീട് ഞാൻ തിരികെ പോയില്ല. അതൊരു നീണ്ട നാളത്തെ ഉത്തരവാദിത്തമാണ്. ഞാൻ വളരെ അധികം കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു."

  അഭിനേത്രി മാത്രമല്ല അവർ. ഒരു ആക്ടിവിസ്റ്റും, സാമൂഹിക പ്രവത്തകയും കൂടിയാണ്. അമ്മക്കൊപ്പം ചേർന്നൊരു NGO നടത്തുന്നുണ്ട്. സ്കഡ് സൊസൈറ്റി ഫോർ സോഷ്യൽ കമ്മ്യൂണിക്കേഷൻ എന്ന സംഘടന ബധിര മൂക കുട്ടികൾക്കായി പ്രവർത്തിക്കുന്നു.

  First published: