#മീര മനു
പ്രിയപ്പെട്ട ടെഡി ബെയറിനെ കണ്ട് ഉറക്കം ഉണരുന്ന അമ്പിളി. പുറത്ത് ക്രിക്കറ്റ് കളിക്കാൻ കൂട്ടുകാർ കാത്തു നിൽപ്പുണ്ടാവും. കുന്നിൻ മുകളിലെ വീട്ടിൽ നിന്നും നേരെ അങ്ങോട്ട്. കൂട്ടുകാർ കുട്ടികളാണെങ്കിലും പ്രായത്തിനൊത്ത് മനസ്സ് കൊണ്ട് വളരാത്ത 'വലിയ കുട്ടി'യായി അമ്പിളി ഇവർക്കൊപ്പം കൂടുന്നു. പ്രാരാബ്‌ധമോ മറ്റുതരവാദിത്തങ്ങളോ ഇല്ലാതെയുള്ള സുഖ ജീവിതം. ആൾക്ക് ആകെയുള്ള കാമുകി ടീന നൽകുന്ന വീഡിയോ ചാറ്റ് ആണ് പ്രധാന വിനോദം. അച്ഛനമ്മമാർ ഇല്ലാതെ വളർന്ന അമ്പിളിയുടെ ചുറ്റുപാടും രീതികളും ടീനയെ സംബന്ധിച്ചൊരു വിഷയമേ അല്ല.
നാട്ടിൻപുറത്തെ, ആർക്കും എളുപ്പം പറ്റിക്കാവുന്ന, ആരെയും മനസ്സ് തുറന്നു സ്നേഹിക്കാൻ കഴിവുള്ള അമ്പിളിയുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നത് ടീനയുടെ സഹോദരൻ ബോബിയുടെ വരവാണ്. സൈക്ലിംഗ് ചാമ്പ്യൻ കൂടിയായ ബോബി അമ്പിളിയുടെ ഇഷ്ട വ്യക്തികളിൽ ഒരാളും.
ആദ്യ പകുതി അമ്പിളിയുടെയും, അയാളുടെ പരിസരങ്ങളുടെയും ആമുഖക്കുറിപ്പായി മാറുമ്പോൾ, രണ്ടാം പകുതി ചിത്രത്തിന്റെ പ്രധാന ലക്ഷ്യത്തിലേക്ക് കടക്കുന്നു. സാധാരണ നാട്ടിൻപുറത്തെ കഥയായി അവസാനിക്കാതെ, റോഡ് മൂവിയിലേക്ക് 'അമ്പിളിയുടെ' ഗതി മാറുകയാണ് ഇവിടെ.
കുമ്പളങ്ങി നൈറ്റ്സിലെ സജി, വൈറസിലെ ഉണ്ണികൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങൾക്ക് ശേഷം സൗബിൻ വ്യത്യസ്ത ലുക്കുമായി എത്തുന്ന ചിത്രമാണ് 'അമ്പിളി'. ചിത്രത്തിൽ നിന്നും പുറത്തു വന്ന സൗബിന്റെ നൃത്തം ചിത്രത്തെ വളരെ വേഗം ചർച്ചാ വിഷയമാക്കി മാറ്റി. തന്മയത്വം നിറഞ്ഞ പ്രകടനമാണ് സൗബിൻ കഥാപാത്രങ്ങളുടെ ഹൈലൈറ്റ്. എന്നാൽ അതിനൊരു വെല്ലുവിളിയാണ് അമ്പിളി നൽകുന്നത്.
മമ്മൂട്ടിയുടെ പുട്ടുറുമീസിലും ദിലീപിന്റെ ചക്കരമുത്തിലും കണ്ട പോലെ ഒരു യുവാവിന്റെ മനസ്സിലെ ബാല്യം അവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലിയാണ് സൗബിനെ ഏൽപ്പിച്ചിരിക്കുന്നത്. അത് ആവർത്തന വിരസത ഇല്ലാതെ സൗബിൻ മനോഹരമായി കൈകാര്യം ചെയ്യുന്നുമുണ്ട്. വളരെ നാച്ചുറൽ ആയി വേഷം കൈകാര്യം ചെയ്യുന്ന നടനിൽ നിന്നും അമ്പിളിയിലേക്ക് ദൂരമേറെയുണ്ട് താനും. അക്കാരണം കൊണ്ട് തന്നെ പ്രേക്ഷകന് സൗബിൻ മുൻപ് ചെയ്ത കഥാപാത്രങ്ങൾ വച്ച് 'അമ്പിളി'യെ അളക്കാൻ കഴിയില്ല.
ഗപ്പി സംവിധാനം ചെയ്ത ജോൺപോൾ ജോർജിന്റെ തന്നെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ അമ്പിളിയിൽ ഒരു 'ജോൺപോൾ എഫ്ഫക്റ്റ്' നിറയുന്നത് കാണാം. ഗപ്പിയിൽ സ്നേഹിക്കാൻ രക്ത ബന്ധത്തിൽപെട്ടവർ ആരും ഇല്ലാത്ത ഒരു വ്യക്തി, നിസ്വാർത്ഥമായി മറ്റുള്ളവർക്ക് വേണ്ടി മനസ്സ് തുറക്കുമ്പോൾ, അമ്പിളിയിലും നായക കഥാപാത്രം അങ്ങനെ തന്നെ തുടരുന്നു. ശേഷം കെട്ടുപാടുകൾ ഇല്ലാതെ ഹിമാലയം ലക്‌ഷ്യം വച്ച് ഇവർ നടത്തുന്ന യാത്രയും അമ്പിളിയിലും ഗപ്പിയിലും ഒരു പോലെ നിറയുന്നു.
വഴിത്തിരിവാകുന്ന നവീൻ നസീമിന്റെ സൈക്ലിംഗ് ചാമ്പ്യൻ കഥാപാത്രം സിനിമയിലെ മറ്റൊരു ശ്രദ്ധേയ പ്രകടനമാണ്. സൗബിൻ-നവീൻ ഗിവ് ആൻഡ് ടേക് ചിത്രത്തിന്റെ നിർണ്ണായക ഘടകമായി മാറുന്നു. ആദ്യ ചിത്രത്തിൽ നവീൻ തന്നെയേല്പിച്ച വേഷം ഭംഗിയായി കൈകാര്യം ചെയ്യുന്നുമുണ്ട്.
'അമ്പിളി'യിലെ നെടുംതൂണായ രണ്ടാം പകുതിയിൽ ആദ്യ പകുതിയെ വെല്ലുന്ന ക്യാമറ എടുത്തു പറയേണ്ടതാണ്. നാട്ട് വഴികളേക്കാൾ കൂടുതൽ മഞ്ഞിൻ താഴ്വരയായ കശ്മീരിലെ വഴിയിലേക്കുള്ള ദൃശ്യമനോഹാരിത ഒപ്പിയെടുക്കാൻ ശരൺ വേലായുധന്റെ ക്യാമറ കഠിനാധ്വാനം ചെയ്തെന്ന് വ്യക്തം. കൂടാതെ ചിത്രത്തിന്റെ മൂഡിന് പലയിടങ്ങളിലും ക്യാമറ അവിഭാജ്യഘടകം ആവുന്നുണ്ട്. മികച്ച ദൃശ്യമികവിൽ ഒരു റോഡ് മൂവി പ്രതീക്ഷിക്കുന്ന പ്രേക്ഷകന് നിരാശയുണ്ടാവില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ambili FDFS, Ambili film review, Ambili First Day First Show, Ambili malayalam film, Ambili movie, Ambili movie review, Ambili review, Naveen Nazim, Soubin Shahir