Film review: Oru Yamandan Premakadha: ലല്ലുവിന്റെ ജീവിത കഥ ആദ്യമായി വെള്ളിത്തിരയിൽ
Last Updated:
Film review: Oru Yamandan Premakadha| കുറച്ചു മണിക്കൂറുകൾ ഒരു തിയേറ്ററിനുള്ളിൽ ഇരുന്ന് മനസ്സ് തുറന്നു പൊട്ടിച്ചിരിക്കാം
#മീര മനു
അന്യ ഭാഷകൾ കൊത്തിക്കൊണ്ട് പോയ ദുൽഖർ സൽമാൻ ഒരിടവേളക്ക് ശേഷം ഒരു യമണ്ടൻ പ്രേമകഥയിലൂടെ മലയാളത്തിൽ തിരികെ എത്തുകയാണ്. നിറപ്പകിട്ടാർന്ന ചുറ്റുപാടിൽ ഒരുക്കിയ, അധികം പരിചിതമല്ലാത്ത, പഴഞ്ചൻ മണമില്ലാത്ത ഒരു പ്രണയ കഥ. വലിയ അവകാശ വാദങ്ങൾ ഉന്നയിക്കാൻ ഇല്ലെങ്കിലും പ്രേക്ഷകനെ എങ്ങനെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താം എന്ന ചിന്ത സ്ക്രിപ്റ്റിൽ പിറന്നൊരു ചിത്രം.
പ്രമാണി കുടുംബമായ കൊമ്പനായിലെ ജോൺ വക്കീലിന്റെ 'അനുസരണ ശീലം' ബാധിക്കാത്ത മൂത്ത പുത്രനാണ് ദുൽഖറിന്റെ ലല്ലു. അനിയൻ പാപ്പി ഒരു ലക്ഷം രൂപ ശമ്പളത്തിന് ആദ്യ ജോലിക്ക് കയറുമ്പോൾ, നാട്ടിലെ കൂട്ടവും, കൂട്ടുകാരും, പെയിന്റ് പണിയും ഒക്കെയായി ലല്ലു കൂടുന്നു. ലല്ലുവിനെ പെണ്ണുകെട്ടിക്കണം എന്ന സന്ധിയിൽ എത്തുമ്പോൾ ആണ് പ്രശ്നം. അതുവരെയും ആരെയും പ്രണയിക്കാത്ത, എന്നാൽ പ്രണയിച്ചേ കെട്ടൂ എന്ന് വാശിപിടിച്ചു നടക്കുന്ന ലല്ലു. അതിനു ലല്ലുവിന് ഒരു 'സ്പാർക്' വേണം അതുപോലെ തിരിച്ചും. ഇതിനായുള്ള പെടാപ്പാടിൽ നടക്കുന്ന കൂട്ടുകാരും ലല്ലുവും ചേർന്നുള്ള ലോകത്താണ് കടമാക്കുടി ഗ്രാമം. ഒരു ട്രെയ്‌ലർ പോലും ഇറക്കാത്ത ചിത്രം മുൻവിധികൾക്കൊന്നും അവസരം കൊടുക്കാതെയാണ് ഈ പ്രേമകഥയെ തിയേറ്ററിൽ എത്തിച്ചത്.
advertisement

അപ്പോൾ കാശ് മുടക്കുന്ന പ്രേക്ഷകന് എന്ത് കിട്ടും എന്ന ചോദ്യത്തിനുത്തരം ഇതാണ്. ഈ വേനലവധിക്കാലത്തു നിങ്ങൾക്ക് കുറച്ചു മണിക്കൂറുകൾ ഒരു തിയേറ്ററിനുള്ളിൽ ഇരുന്ന് മനസ്സ് തുറന്നു പൊട്ടിച്ചിരിക്കാം. അതിന് ദുൽഖറിനേക്കാൾ ചുമതല സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരീഷ് കണാരൻ എന്നിവർക്കുണ്ട്. വിഷ്ണുവിന്റെ അന്ധ കഥാപാത്രം മലയാള സിനിമ ഇന്നേവരെ കണ്ട തരം റോളുകളിൽ നിന്നും വളരെയധികം വ്യത്യസ്തത പുലർത്തുന്നു.
advertisement
ആക്ഷേപിക്കലല്ലാതെ ഒരു അന്ധ കഥാപാത്രം ഇത്രയധികം ഹ്യൂമർ കൈകാര്യം ചെയ്യുന്നെങ്കിൽ അതിന് കാരണം അത് കൈകാര്യം ചെയ്ത നടൻ തന്നെയാണെന്നതിന് സംശയമില്ല. കുറച്ചു കാലങ്ങളായി ആ പഴയ പ്യാരിയെയും, സ്രാങ്കിനെയും ഒക്കെ തിരികെ പിടിച്ച സലിം കുമാർ തന്റെ ഡയലോഗുകൾ കൊണ്ട് തകർക്കുകയാണ്. നിശബ്ദമായ എക്സ്പ്രെഷൻ പോലും തമാശയാക്കി മാറ്റാൻ കഴിവുള്ള ഹരീഷ് കണാരൻ വളരെ കുറച്ചു നേരത്തെ സ്ക്രീൻ പ്രെസൻസ് പോലും മികവുറ്റതാക്കുന്നു. ഇവരുടെ കൂട്ടത്തിൽ തന്നെ സിറ്റുവേഷണൽ ഹ്യൂമർ കൊണ്ട് സൗബിൻ ഷാഹിറും ഒപ്പം നിൽക്കുന്നു. തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ വില്ലൻ വേഷവും തനിക്കിണങ്ങും എന്ന് തെളിയിക്കുന്നു.
advertisement
പ്രേമകഥ 'യമണ്ടൻ' ആവാനുള്ള കാരണം ഇപ്പോഴേ പറഞ്ഞാൽ സസ്പെൻസ് പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്ക് അത് കണ്ടാസ്വദിക്കാനുള്ള അവസരം നഷ്ടമാകും. കാരണം ഇവിടുത്തെ കാമുകനും കാമുകിയും, അവരുടെ കണ്ടുമുട്ടലും, പിന്നീടുള്ള ജീവിതവും എല്ലാം പ്രതീക്ഷകളിൽ കൊള്ളിക്കാവുന്ന രീതിയിൽ അല്ല.
തിരിച്ചു വന്ന ദുൽഖർ നിരാശപ്പെടുത്തുന്നില്ല. മലയാള സിനിമയിലെ 'ബ്രോ'പടങ്ങളിലെ നായകൻ എന്ന നിർവചനം ദുൽഖർ ഇവിടെയും നിലനിർത്തിയിട്ടുണ്ട്. പോരെങ്കിൽ കട്ട ഹീറോയിസം കൊണ്ടുള്ള വീമ്പിളക്കലിനൊന്നും ഒരു യമണ്ടൻ പ്രേമ കഥ മുതിരുന്നുമില്ല. മലയാള സിനിമാലോകത്ത് ആകമാനം അലയടിക്കുന്ന മോഹൻലാൽ തരംഗം പശ്ചാത്തല സംഗീതത്തിൽ തുടങ്ങി ക്ളൈമാക്സ് വരെ ഒരു യമണ്ടൻ പ്രേമകഥയിലും ഉണ്ട്. അത് കണ്ടു തന്നെ അറിയുക.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 25, 2019 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Film review: Oru Yamandan Premakadha: ലല്ലുവിന്റെ ജീവിത കഥ ആദ്യമായി വെള്ളിത്തിരയിൽ