അഭിനേതാവ്, നിർമ്മാതാവ്, ടെലിവിഷൻ അവതാരകന്‍, ആക്ടിവിസ്റ്റ് വിശേഷണങ്ങൾ ഏറെയാണ് പ്രകാശ് രാജിന്. തെന്നിന്ത്യൻ ചിത്രങ്ങൾക്ക് പുറമെ ബോളിവുഡിലും തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച താരം വൈവിധ്യമാർന്ന കഥാപാത്രങ്ങളുടെ പേരിലാണ് ആരാധക മനസിൽ ഇടം നേടുന്നത്. നായകൻ, വില്ലൻ, കോമഡി എന്ത് വേഷം ആയാലും പ്രകാശ് രാജ് എന്ന താരത്തിന്‍റെ കൈകളിൽ അത് ഭദ്രമാണ്.
അഭിനയ ജീവിതം:1965 മാർച്ച് 26 ന് ബംഗളൂരുവിലാണ് പ്രകാശ് രാജ് ജനിച്ചത്. കന്നഡ സ്റ്റേജ് ഷോകളിലും സീരിയലികളിലുമായി അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹത്തിന്‍റെ കരിയറിലെ ബിഗ് ബ്രേക്ക് കന്നഡ ചിത്രമായ 'ഹരാകേയ കുരി'യാണ്. 1994 ൽ കെ.ബാലചന്ദറിന്‍റെ ഡ്യുയറ്റ് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ രംഗത്തേക്ക് കടന്നത്. ക്രമേണ തെന്നിന്ത്യന്‍ ചിത്രങ്ങളിലെ തിരക്കേറിയ താരമായി പ്രകാശ് രാജ്. അഞ്ച് ദേശീയ അവാർഡുകൾ, എട്ട് തമിഴ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ ഉൾപ്പെടെ എണ്ണമറ്റ പുരസ്കാരങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
'ഖാക്കി' എന്ന ചിത്രത്തിലൂടെ 2004ലാണ് പ്രകാശ് രാജ് ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ തുടങ്ങി വമ്പൻ താരനിര തന്നെ അണി നിരന്ന ചിത്രത്തിൽ അഡീഷണൽ കമ്മീഷണർ ശ്രീകാന്ത് നായിഡു എന്ന വേഷത്തിലാണ് പ്രകാശ് എത്തിയത്.
ദേശീയ പുരസ്കാരങ്ങൾ: 1997 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം ഇരുവറിലെ അഭിനയത്തിനാണ് പ്രകാശ് രാജിന് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. നടനവിസ്മയം മോഹൻലാലിനൊപ്പം മികച്ച പ്രകടനം കാഴ്ച വച്ച ആ ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരമാണ് പ്രകാശ് സ്വന്തമാക്കിയത്. പിന്നീട് തെലുങ്ക് ചിത്രം അനന്തപുരം, തമിഴ് ചിത്രങ്ങളായ ദയ, കാഞ്ചിവരം, കന്നഡ ചിത്രം പുത്തക്കന ഹൈവേ എന്നീ ചിത്രങ്ങളിലൂടെയും ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
ഏഴ് ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യാൻ കഴിയുന്നയാളാണ് പ്രകാശ് രാജ്. മാതൃഭാഷയായ കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, മറാഠി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അദ്ദേഹം നന്നായി സംസാരിക്കും.
വിലക്ക്-വിവാദംതെലുങ്ക് ചലച്ചിത്ര മേഖലയിൽ വിലക്ക് നേരിടേണ്ടി വന്ന ആദ്യ താരമാണ് പ്രകാശ് രാജ്. സിദ്ധു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടർന്നാണ് നടനെ വിലക്കിയതെന്ന് റിപ്പോർട്ട്.
മികച്ച അഭിനേതാവ് എന്നതിലുപരി രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളിൽ സജീവ ഇടപെടൽ നടത്തുന്ന ഒരു ആക്ടിവിസ്റ്റ് കൂടിയാണ് പ്രകാശ് രാജ്. കേന്ദ്ര സർക്കാരിനെതിരായ അദ്ദേഹത്തിന്‍റെ തുറന്ന നിലപാടുകൾ പലപ്പോഴും വിവാദങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
സാമൂഹിക സേവനംസാമൂഹിക പ്രവർത്തകൻ കൂടിയായ പ്രകാശ് രാജ്, തെലങ്കാനയിലെ മഹാബൂബ് നഗർ ജില്ലയിലെ കോണ്ടറെഡ്ഡിപള്ളെ, കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ബന്ദ്‌ലരഹട്ടി എന്നീ ഗ്രാമങ്ങൾ ദത്തെടുത്ത് സംരക്ഷിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.