'ഡാ തടിയാ' എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ശേഖർ മേനോൻ. ഡി.ജെ. ലോകത്ത് നിന്നും സിനിമയിലേക്കുള്ള ആദ്യ നായകവേഷത്തിൽ തന്നെ മറക്കാനാവാത്ത 'ലൂക്കാച്ചനായി' എത്തിയ ശേഖർ അൽപ്പം നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടുമെത്തുന്നു, ഒപ്പം യുവാക്കളുടെ പ്രിയ നടൻ
ശ്രീനാഥ് ഭാസിയും.
കെ. സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്' എന്ന കവിത മ്യൂസിക് വീഡിയോ രൂപത്തിൽ എത്തുമ്പോൾ ഇവർ രണ്ടുപേരുമാണ് സ്‌ക്രീനിൽ. റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ മുഹ്സിൻ പരാരിയാണ് ‘കോഴിപ്പങ്ക്’ നിർമ്മിച്ച് അവതരിപ്പിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ, വൈറസ് സിനിമകളുടെ കോ-റൈറ്റർ ആണ് മുഹ്‌സിൻ പരാരി. റൈറ്റിംഗ് കമ്പനിയുടെ യൂട്യൂബ് ചാനലിൽ വീഡിയോ റിലീസ് ചെയ്തു. ശേഖർ സംഗീതം ചിട്ടപ്പെടുത്തി, ശ്രീനാഥ് ഭാസി പാടിയ കോഴിപ്പങ്കിന് ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നത് അഭിലാഷ് കുമാറാണ്.
തനി നാടൻ വരികളിൽ വളരെ വ്യത്യസ്തവും ശ്രദ്ധി ആകർഷിക്കപ്പെടുന്ന തരത്തിലുമാണ് ശേഖർ മേനോൻ ഈണമിട്ടിരിക്കുന്നത്. പങ്ക് (punk) എന്ന സംഗീത ശാഖയുടെ പേര് തന്നെ ഗാനത്തിന്റെ തലക്കെട്ടിലും ഉൾപ്പെടുത്തിയിരിക്കുന്നു.
ഡാ തടിയാ, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ് അഭിലാഷ് കുമാർ. തിരക്കഥാകൃത്തും സംവിധായകനുമായ
മുഹ്സിൻ പരാരിയുടെ സംരംഭമായ റൈറ്റിംഗ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ് ആണ് കോഴിപ്പങ്ക്.
സലീം കുമാർ, ഇന്ദ്രൻസ് എന്നീ സിനിമാതാരങ്ങളോടൊന്നിച്ച് ശേഖർ തന്നെ സംഗീതം ചിട്ടപ്പെടുത്തുന്ന രണ്ട് പ്രൊജക്റ്റുകളാണ് അടുത്തതായി യൂട്യൂബിൽ റൈറ്റിംഗ് കമ്പനി അവതരിപ്പിക്കാൻ ഇരിക്കുന്നത്. റൈറ്റിംഗ് കംപനി പ്രാഥമികമായ തിരക്കഥകൾ ഉൽപാദിപ്പിക്കുന്നതിലും അതിനെ അനുയോജ്യമായ പ്ലാറ്റ്ഫോമുകളിൽ എത്തിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തുന്ന ഒരു സംരംഭമായിരിക്കും. ആയതിനാൽ തന്നെ യൂടൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് പുറമെ ചലചിത്ര വ്യവസായത്തിന്റെയും എഴുത്തിന്റെയും എല്ലാ സാധ്യതകളിലും സംഭാവനകൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നു.
ലോക്ക്ഡൗണിന് തൊട്ടു മുൻപായി തിയേറ്ററുകളിലെത്തിയ 'കപ്പേള'യാണ് ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം. ഇതിൽ അന്നാ ബെന്നായിരുന്നു നായിക. കോവിഡ് പ്രതിസന്ധി ആരംഭിച്ചു ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ഒരുപിടി പുതിയ ചിത്രങ്ങൾ ശ്രീനാഥ് ഭാസിയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കൊടി, സുമേഷ് ആൻഡ് രമേശ്, ഐഡി മഴ കാറ്റ് തുടങ്ങിയ ചിത്രങ്ങൾ ഇനി വരാനിരിക്കുന്നവയാണ്. അരുൺ കുമാർ അരവിന്ദിന്റേയും അമൽ നീരദിന്റേയും ചിത്രങ്ങളിലും ശ്രീനാഥ് ഭാസി വേഷമിടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.