HOME » NEWS » Film » MOVIES LUCIFER MOVIE

Film Review: Lucifer: മാസ് പടം കാണേണ്ടവർ ഇതിലെ ഇതിലെ

Lucifer movie review | മികച്ചത് മാത്രം ആഗ്രഹിച്ച് ടിക്കറ്റെടുക്കുന്ന പ്രേക്ഷകൻ നിരാശപ്പെടില്ല

news18india
Updated: March 28, 2019, 3:14 PM IST
Film Review: Lucifer: മാസ് പടം കാണേണ്ടവർ ഇതിലെ ഇതിലെ
Lucifer movie review | മികച്ചത് മാത്രം ആഗ്രഹിച്ച് ടിക്കറ്റെടുക്കുന്ന പ്രേക്ഷകൻ നിരാശപ്പെടില്ല
  • Share this:
#മീര മനു

നായകനും, ഗായകനും, നിർമ്മാതാവുമായി പ്രേക്ഷകമുന്നിലെത്തിയ പൃഥ്വിരാജിന്റെ പുതിയ മുഖം. സിനിമാ ജീവിതത്തിന്റെ 17-ാം വർഷം സംവിധായകനായി അരങ്ങേറ്റം. ആദ്യ സംവിധാന ചിത്രത്തിൽ നായകൻ മോഹൻലാൽ. എഴുത്തിൽ പിഴക്കാത്ത പാരമ്പര്യമുള്ള മുരളി ഗോപിയുടെ സ്ക്രിപ്റ്റ്. അങ്ങനെ ഒരു പിടി കാരണങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രതീക്ഷകളുടെ ഭാരമേറ്റിയാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്. ആ പ്രതീക്ഷകളെ ലൂസിഫർ തെറ്റിച്ചില്ലെന്ന് മാത്രമല്ല, മിന്നും പ്രകടം കാഴ്ചവച്ച് കാണികളെ വിസ്മയിപ്പിക്കുക കൂടി ചെയ്തുവെന്ന് പറയാതിരിക്കാനാവില്ല.

എന്ത് കൊണ്ട് ലൂസിഫർ?

1. ഇന്ത്യൻ രാഷ്ട്രീയത്തിൽ പലപ്പോഴായി കണ്ടു പരിചയിച്ച രാഷ്ട്രീയ വടം വലിയാണ് ഒറ്റയവരിയിൽ ലൂസിഫർ. പി.കെ.ആർ. അഥവാ പി.കെ. രാംദാസ് എന്ന രാഷ്ട്രീയ അതികായന്റെ മരണം രാഷ്ട്രീയ കേരളത്തെ പ്രക്ഷുബ്ധമാക്കുന്നു. അധികാര കസേരയിലേക്ക് അദ്ദേഹത്തിൻറെ രണ്ടു മക്കളായ പ്രിയദർശിനിയുടെയും (മഞ്ജു വാര്യർ), ജതിന്റെയും (ടൊവിനോ തോമസ്) പേരുകൾ ഉൾപ്പെടെ നിർദ്ദേശിക്കപ്പെടുന്നു. അധികാര മോഹികൾ മറ്റൊരു ഭാഗത്ത്. ആർക്കും പഥ്യമല്ലാത്ത പി.കെ.ആറിന്റെ പ്രിയങ്കരൻ സ്റ്റീഫൻ നെടുമ്പള്ളി (മോഹൻലാൽ) ഇവർക്കിടയിലേക്കു കടന്നു വരുന്നു. പണ്ടൊരിക്കൽ ഇന്ത്യൻ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയ കുടുംബ രാഷ്ട്രീയത്തിന്റെ അലയൊലികൾ ലൂസിഫർ വീണ്ടും ഓർമ്മിപ്പിക്കുന്നു.

മോഹൻലാലും പൃഥ്വിരാജും ലൂസിഫറിൽ


2. നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഢന് ശേഷം മോഹൻലാലിനെ ഒരിക്കൽ കൂടി അത്തരത്തിൽ കാണാൻ കഴിഞ്ഞത് ലൂസിഫറിലാണ്. ആ മാസ്സ് ഇൻട്രോ മാത്രം മതി. കൂടുതൽ വിവരണത്തിന്റെ ആവശ്യമില്ല. എന്നാൽ പഴയകാലത്തെ തീപാറുന്ന ഡയലോഗുകളോ, വികാര വിസ്ഫോടനങ്ങളോ സ്റ്റീഫൻ നെടുമ്പള്ളിക്ക് ആവശ്യമില്ല. തൂവെള്ള വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്റ്റീഫൻ എന്ന സാധാരണ മനുഷ്യൻ പക്ഷെ സങ്കീർണ്ണതകളുടെ ചുരുളഴിയാ രഹസ്യമായി അവസാനം വരെയും തുടരുന്നു.

3. രാഷ്ട്രീയത്തെ കളങ്കപ്പെടുത്തുന്ന കോർപ്പറേറ്റ്-അധോലോക നായകനായി വിവേക് ഒബ്‌റോയ് തന്റെ ആദ്യ മലയാള ചിത്രത്തിൽ തിളങ്ങുന്നു. ഹിന്ദി ചുവയിൽ മലയാളം സംസാരിക്കുന്ന സ്ഥിരം ഹിന്ദി വില്ലൻ കഥാപാത്രങ്ങളിൽ നിന്നും വിവേക് വ്യത്യസ്തനാണ്. ബോബി എന്ന ബിമൽ നായരായി ചിത്രത്തിലുടനീളം വിവേക് പ്രാധാന്യം ചോർന്നു പോകാത്ത കഥാപാത്രമായി നിലനിൽക്കുന്നു. റഷ്യൻ അധോലോക നായകൻ സയീദ് മസൂദായി പൃഥ്വിയും തിളങ്ങുന്നു. ഒപ്പം എടുത്ത് പറയേണ്ടതാണ് ടൊവിനോയുടെ ജതിൻ. വിദേശ രീതികളുമായി അന്യദേശത്തു വളർന്ന പുത്രൻ, രാഷ്ട്രീയ പാരമ്പര്യം പിന്തുടരാനായി നാട്ടിൽ എത്തുന്നതും വളരെ പെട്ടെന്ന് തന്നെ നാടൻ രീതികളുമായി പൊരുത്തപ്പെടുന്നതും സ്പൂഫിന്റെ ഛായയിൽ അവതരിപ്പിച്ചിരിക്കുന്നു.

Youtube Video


4. മലയാളത്തിലെ സ്ഥിരം അടി-ഇടി ഫോർമാറ്റുകളിൽ തളച്ചിടപ്പെടാതെ മാസ്സ് പടത്തിനും മസാല പടത്തിനും ഇടയിൽ അതിർവരമ്പ് തീർത്താണ് ലൂസിഫറിന്റെ നിർമ്മാണം. മുൻപും തന്റെ പല ചിത്രങ്ങളിൽ സംവിധാന വിഭാഗത്തിൽ പരീക്ഷണാർത്ഥം കൈ വച്ച് പാരമ്പര്യമുള്ള പൃഥ്വിരാജ് ഒരു നവാഗതന്റെ ഭയവിഹ്വലതകൾ ഇല്ലാതെ തന്നെ അത് ഭംഗിയായി നിർവഹിക്കുന്നു.

5. സുജിത് വാസുദേവ്-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ഫ്രയിമുകൾ ഓരോന്നും മറ്റൊന്നിൽ നിന്നും മികച്ചതായി തോന്നിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ആക്ഷൻ രംഗങ്ങളിൽ പോലും സുജിത് കയ്യടക്കത്തോടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കാണാം.

6. രാഷ്ട്രീയ കുതിരക്കച്ചവടത്തെ അടച്ചാക്ഷേപിക്കുന്നതിനൊപ്പം തന്നെ ഇവരുടെ സ്തുതിപാടകർക്കും ഇരിപ്പിടം താങ്ങികൾക്കും ഉള്ള വിമർശനം പലരീതിയിൽ ചിത്രത്തിൽ കാണാം. രാഷ്ട്രീയ പശ്ചാത്തലം പഴയകാലത്തെ ഓർമ്മിപ്പിക്കുമെങ്കിലും അതിന്റെ ചുറ്റുപാട് നവയുഗത്തിനു ചേരും വിധം കെട്ടിപ്പടുക്കാൻ സാധിച്ചു.

7. ക്യാമറക്ക് മുന്നിലും പിന്നിലും മികച്ചത് മാത്രം ആഗ്രഹിച്ച് ടിക്കറ്റെടുക്കുന്ന പ്രേക്ഷകനെ ലൂസിഫർ നിരാശപ്പെടുത്തില്ല.

First published: March 28, 2019, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories