ആലപ്പാടിന് വേണ്ടി പൃഥ്വി, അന്തം വിട്ട് ഫോളോവെഴ്‌സും
Last Updated:
കരിമണൽ ഖനനം വരുത്തുന്ന ജീവിത പ്രതിസന്ധിയിൽ ഉഴലുന്ന ആലപ്പാട് നിവാസികൾക്കായി മലയാള സിനിമയിൽ നിന്നും പൃഥ്വിരാജിന്റെ ശബ്ദം കൂടി. ഒരു ഫേസ്ബുക് പോസ്റ്റിലൂടെ പൃഥ്വി തൻ്റെ ആശങ്കകളും, ആകുലതകളും വിവരിക്കുമ്പോൾ, ഫോളോവേഴ്സ് അന്തം വിട്ട് നിൽപ്പാണ്. തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ആലപ്പാടിന് വേണ്ടിയുള്ള ഇംഗ്ലീഷ് പോസ്റ്റ് കണ്ടു കാര്യം എന്തെന്ന് പലരും മനസ്സിലാക്കിയത് ഏറ്റവും അവസാനം കണ്ട ഹാഷ് ടാഗ് കണ്ടാണ്. തെളിവായി അവർ പോസ്റ്റിനു നൽകിയ കമൻറുകൾ പറയും. പോസ്റ്റിന്റെ പരിഭാഷ ചുവടെ.
"ഒരു ഫേസ്ബുക് പോസ്റ്റ് എത്രമാത്രം സഹായകമാകും എന്ന് സത്യസന്ധമായും എനിക്കറിയില്ല. ഒരു പ്രശ്നം ശ്രദ്ധയിൽപ്പെടുമ്പോൾ നമ്മൾ സമൂഹ മാധ്യമങ്ങളിൽ എടുത്തു ചാടുന്നത് അർത്ഥവത്തല്ലാത്ത കാര്യമായാണ് തോന്നുന്നത്. പക്ഷെ, വിശ്വാസം ചോദ്യചെയ്യപ്പെടുകയും മതം ചർച്ചചെയ്യപ്പെടുകയുമ്പോഴത്തെ ഒച്ചപ്പാടാണ് ഇന്നത്തെ സാഹചര്യത്തിൽ എന്നെ ഏറ്റവും അധികം അലട്ടുന്നത്. മനുഷ്യരുടെയും, അവർ വീടെന്നു വിളിക്കുന്ന സ്ഥലത്തിൻറെയും അപകടകരമായ നിലനിൽപ്പും പ്രൈം ടൈം വാർത്തകളുടെ പ്രിയ ഭോജനമായി മാറുന്നു. ഈ പോസ്റ്റ് ഏറ്റവും പ്രതീക്ഷിക്കുന്ന ഹാഷ് ടാഗുകൊണ്ടു ഞാൻ അവസാനിപ്പിക്കാൻ പോവുകയാണ്. പക്ഷെ എല്ലാം ഒരു ഹാഷ് ടാഗ് ആയി ഒതുങ്ങിപ്പോകുന്നെന്ന വേദനാജനകമായ ചിന്ത അൽപ്പം വിഷമകരമാണ്. എൻ്റെ ശബ്ദം നിരന്തരം വളർന്നു വരുന്നൊരു കൂട്ടായ ശബ്ദത്തിന്റെ ഭാഗമാകുമെന്നും, ഉടനെ അല്ലെങ്കിൽ ഒരൽപം കൂടിക്കഴിഞ്ഞ് ആ ശബ്ദം അധികാരികളെ പ്രവർത്തനത്തിലേക്ക് നയിക്കുമെന്നും പ്രത്യാശിക്കുന്നു."
advertisement
ഇക്കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ ടൊവിനോ തോമസ് ആലപ്പാടിന് വേണ്ടി സംസാരിച്ചിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കടലിനും കായലിനും മദ്ധ്യേ കിടക്കുന്ന ചെറു ഗ്രാമമാണ് ആലപ്പാട്. ഒരു വശം ടി.എസ്. കനാലും, മറുവശം അറബിക്കടലും. കരിമണലിനാൽ സമ്പുഷ്ടമായ ആലപ്പാടിൽ ഖനനം തകൃതിയായി നടക്കുകയാണ്. സ്ഥലവാസികൾ പ്രതിഷേധവുമായി രംഗത്തുണ്ട്. 89.5 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്നിടത്തിപ്പോൾ 7.6 ചതുരശ്ര കിലോമീറ്റർ മാത്രമേ അവശേഷിക്കുന്നുള്ളു എന്നാണ് പ്രതിഷേധക്കാരുടെ വാദം. പിറന്ന മണ്ണിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശം തങ്ങളിൽ നിന്നും തട്ടിയെടുക്കരുതെന്നാണ് മത്സ്യബന്ധന തൊഴിലാളികളായ ജനങ്ങളുടെ പ്രധാന ആവശ്യം.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2019 4:19 PM IST