2014ൽ പൃഥ്വിരാജിനെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്ത ചിത്രമാണ് സെവൻത് ഡേ. ഈ സിനിമയെപ്പറ്റി കഴിഞ്ഞ ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്തിരുന്ന ഒരു ടി.വി. പരിപാടിയിൽ പൃഥ്വിരാജ് ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. തീർത്തും യാദൃശ്ചികമായി നടൻ ടൊവിനോ തോമസ് ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടതെങ്ങനെ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ടൊവിനോയുടെ കഥാപാത്രത്തിനായി ആദ്യം നിശ്ചയിച്ചിരുന്ന, പൃഥ്വിരാജിന്റെ കൂടി സുഹൃത്തായ നടൻ, പിന്മാറിയ സാഹചര്യത്തിലാണ് ടൊവിനോയുടെ കടന്നു വരവ്.
അന്ന് ABCDയിൽ അഭിനയിച്ച വില്ലന്റെ അഭിനയപ്രകടനം അറിയാൻ വേണ്ടി മാത്രം പൃഥ്വിരാജ് ആ സിനിമ കണ്ടു. ശേഷം സെവൻത് ഡേയിലേക്ക് ക്ഷണിക്കുകയായിരുന്നു. നന്നായി അഭിനയം കാഴ്ച വച്ച ടൊവിനോയെ പൃഥ്വി 'എന്ന് നിന്റെ മൊയ്തീനിലേക്ക്' കൂടി വിളിക്കുകയും ചെയ്തു.
അന്ന് നടന്ന സംഭവങ്ങളെപ്പറ്റി 'സെവൻത് ഡേ' നിർമ്മാതാവ് ഷിബു ജി. സുശീലൻ ഫേസ്ബുക് കുറിപ്പിൽ എഴുതുന്നു. അഡ്വാൻസ് തുക നൽകി സിനിമ തുടങ്ങാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് ആ പിന്മാറ്റം. മാത്രമല്ല, അതോടൊപ്പം ഫോട്ടോഷൂട്ടിൽ പങ്കെടുത്ത മറ്റൊരാൾ കൂടി ആ സിനിമയിൽ എത്തിയില്ല. പോസ്റ്റ് ചുവടെ:
ഈ വീഡിയോയിൽ പ്രിയ നടൻ പൃഥ്വിരാജ് പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം. എന്റെ ചില തീരുമാനങ്ങൾ ഒരു നടന്റെ ഉയർച്ചയെ സഹായകമായതിൽ അഭിമാനം കൊള്ളുന്നു. മെമ്മറീസിൽ പൃഥ്വിരാജ്നൊപ്പം അഭിനയിച്ച രാഹുൽ മാധവിനെ ആയിരുന്നു സെവൻത് ഡേയിൽ കാസ്റ്റ് ചെയ്തിരുന്നത്.
അഡ്വാൻസ് നൽകി ഫോട്ടോ ഷൂട്ടിംഗ് വരെ കഴിഞ്ഞു. സിനിമ അനൗൺസ് ചെയ്തു. സിനിമ തുടങ്ങാൻ ഒരാഴ്ച മാത്രം. അപ്പോഴാണ് ആ സമയത്ത് തമിഴ് സിനിമയിൽ ചാൻസ് ലഭിച്ച രാഹുൽ മാധവ് ചെന്നൈയിൽ പോയി തിരിച്ചു വന്ന് പറഞ്ഞത് കേട്ട് സത്യത്തിൽ എനിക്ക് വിഷമം തോന്നിയത്. കാരണം അദ്ദേഹത്തെ മാറ്റുന്നതിനൊപ്പം അഡ്വാൻസ് നൽകി ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത മറ്റൊരു നടൻ ആയ അജ്മലിനെ കൂടി മാറ്റേണ്ടി വന്നു. പകരം അനു മോഹൻ കൂടി എന്റെ സിനിമയിലേക്ക് എത്തി. ഞാൻ രാഹുൽ മാധവിനോട് അഡ്വാൻസ് തിരിച്ചു തരാൻ ഫോൺ ചെയ്തു പറഞ്ഞു. അദ്ദേഹം അഡ്വാൻസ് ഷൂട്ടിംഗ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തിരിച്ചു നൽകി.
പക്ഷേ അജ്മലിൽ നിന്ന് അഡ്വാൻസ് ഞാൻ തിരിച്ചു ചോദിച്ചില്ല. ചോദിക്കുന്നത് ശരിയല്ല എന്ന് തോന്നി. കാരണം അദ്ദേഹം അഭിനയിക്കാൻ റെഡിയായിരുന്നു. എന്റെ ചില തീരുമാനങ്ങൾ നല്ലതായിരുന്നു എന്ന് സിനിമ തുടങ്ങിയപ്പോൾ മനസിലായി. പൃഥ്വിരാജ് ടൊവിനോ സൗഹൃദം സെവൻത് ഡേയി ൽ തുടങ്ങി ലൂസിഫർ വരെ എത്തി. എന്റെ തീരുമാനങ്ങൾക്ക് പൃഥ്വിരാജിന്റെ സപ്പോർട് വളരെ വലുതായിരുന്നു. അത് എന്നും ഓർക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Prithviraj, Seventh Day movie, Shibu G Suseelan, Tovino Thomas