പോരാട്ടങ്ങൾക്കൊടുവിൽ രാമസിംഹൻ (Ramasimhan) സംവിധാനം നിർവഹിച്ച ‘പുഴ മുതൽ പുഴ വരെ’ (Puzha Muthal Puzha Vare) എന്ന ചിത്രം സെൻസർ ചെയ്ത്. സെൻസർ ബോർഡ് സെർറ്റിഫിക്കേഷൻ ലഭിച്ചതായി സംവിധായകൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ‘ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്‌തി, ഇന്ന് സെൻസർ സർട്ടിഫിക്കറ്റ് കൈപറ്റി, ഒട്ടേറെ കറുപ്പ് കണ്ടു… കറുത്ത മനസ്സുകളെ കണ്ടു… അവരോട് യുദ്ധം ചെയ്തു…. വിജയിച്ചു വെന്നിക്കൊടി പാറിച്ചു.. സഹായിച്ച പ്രധാന മന്ത്രി മോദിജിക്കും, വക്കീൽ സുഹൃത്തുക്കൾക്കും നന്ദി. ഒപ്പം പരിശുദ്ധിയുടെ ഒരുപാട് വെണ്മയും കണ്ടു. എല്ലാവർക്കും നന്ദി.. പ്രത്യേകിച്ചും പുതുതായി ചാർജ്ജെടുത്ത സെൻസർ ഓഫീസർ അജയ് ജോയ് സാർ ആത്മാർഥതയോടെ ഇടപെട്ടു… അദ്ദേഹത്തിന്റെ സഹായി സിദ്ധാർതഥനും, സഹപ്രവർത്തകരും കൂടെ നിന്നു… അവർക്ക് പ്രത്യേകം നന്ദി,’ രാമസിംഹൻ ഫേസ്ബുക്ക് കുറിപ്പിൽ രേഖപ്പെടുത്തി.
സിനിമ രണ്ടാമതും പുനഃപരിശോധനാ സമിതിക്കു വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നടപടി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. സിനിമാട്ടോഗ്രാഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായ നടപടിയാണ് ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. സിനിമ രണ്ടാമതും പുനഃപരിശോധനാ സമിതിക്കു വിട്ട ചെയര്‍മാന്റെ നടപടിക്കെതിരേ അലി അക്ബര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
സിനിമ ആദ്യം കണ്ട പുനഃപരിശോധനാ സമിതി ഏഴ് മാറ്റത്തോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാം എന്നായിരുന്നു ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഇതില്‍ തൃപ്തി വരാതെ ചെയര്‍മാന്‍ സിനിമ വീണ്ടും പുതിയ പുനഃപരിശോധനാ സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ഇതിനെയാണ് കോടതിയില്‍ ചോദ്യം ചെയ്തത്. രണ്ടാമത് മറ്റൊരു സമിതിയുടെ പരിഗണനയ്ക്കു വിടാന്‍ ചെയര്‍മാന് അധികാരമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ആദ്യ ശുപാര്‍ശ അംഗീകരിക്കുകയോ യോജിപ്പില്ലെങ്കില്‍ വിഷയം ബോര്‍ഡിന്റെ പരിഗണനയ്ക്കു വിടുകയോ ആണ് വേണ്ടത്. മറ്റൊരു സമിതി സിനിമ വീണ്ടും കാണേണ്ടതുണ്ടോ എന്നതില്‍ തീരുമാനം എടുക്കേണ്ടത് ബോര്‍ഡാണെന്നും കോടതി ചൂണ്ടിക്കാട്ടി. ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ ആദ്യം കണ്ട എക്‌സാമിനിങ് കമ്മിറ്റി പ്രദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനോട് യോജിക്കാതെയാണ് പുനഃപരിശോധനാ സമിതിക്കു വിട്ടത്.
എട്ട് അംഗങ്ങള്‍ അടങ്ങിയതായിരുന്നു ഈ സമിതി. ഇതില്‍ അഞ്ചുപേര്‍ ചേർന്ന് ചിത്രത്തിൽ ഏഴ് മാറ്റത്തോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാം എന്ന് ശുപാര്‍ശ നല്‍കി. ഇത് തള്ളിയാണ് പുതിയ സമിതിയുടെ പരിശോധനയ്ക്കായി അയച്ചത്. ആദ്യസമിതിയില്‍ ചരിത്ര പണ്ഡിതന്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ടാമത് രൂപവത്കരിച്ച സമിതിയില്‍ അത്തരത്തിലുള്ള വിദഗ്ധര്‍ ഇല്ലെന്നതും ചൂണ്ടിക്കാട്ടിയിരുന്നു. 12 മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശമാണ് രണ്ടാമത്തെ സമിതി മുന്നോട്ടുവെച്ചത്. ഇത് സിനിമയെ തന്നെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മലബാർ കലാപത്തെ അധികരിച്ചുള്ള മലയാള ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. തലൈവാസൽ വിജയ് ഉൾപ്പെടെ ഒരു വലിയ താരനിര ഈ സിനിമയുടെ ഭാഗമായുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.