ഒരു സിനിമ തുടങ്ങുമ്പോൾ അതിലെ കഥാപാത്രങ്ങൾ ആരാണ്, എന്താണ് പശ്ചാത്തലം എന്നൊക്കെ പരതുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് പ്രധാന കഥാപാത്രങ്ങളും അതിനോളം പ്രാധാന്യം നൽകി ഭക്ഷണവും അടുക്കളയും അവതരിപ്പിച്ചു കൊണ്ടാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സിനിമയുടെ തുടക്കം.
കാലത്തിന്റെ ആവശ്യമായി മാറിയ തത്വങ്ങൾ സ്ഥിരം കാഴ്ചകളിലൂടെ അവതരിപ്പിക്കുന്ന ബ്രില്യൻസ് ഇവിടെ തുടങ്ങുന്നു.
വിദ്യാഭ്യാസവും കഴിവുമുള്ള പെൺകുട്ടി അടുക്കളയിൽ ഒതുങ്ങേണ്ട ആവശ്യം എന്തെന്നുള്ള ചോദ്യം അടിസ്ഥാനപ്പെടുത്തി, ഒരു സിനിമകൊണ്ടുള്ള ചാട്ടുളി പ്രയോഗം മനസ്സിലാക്കിത്തരികയാണ് സംവിധായകൻ ജിയോ ബേബിയും സംഘവും.
ഈ അടിസ്ഥാനം പ്രേക്ഷകർക്ക് സുപരിചിതമാണ് എന്നിരിക്കെ അതിനെ പുതുമയും തനിമയും ചോരാതെ അവതരിപ്പിക്കാനുള്ള ചുമതലയാണ് ഈ ചിത്രത്തിലുടനീളം കാണുക. ഇതുവരെ നിങ്ങൾ കണ്ട സിനിമകളിൽ നായിക നിമിഷ സജയന് സമാനമായ മുഖങ്ങൾ കടന്നു പോയിട്ടുണ്ടാകാം. ഒരു പാട്ടിലൂടെ, അല്ലെങ്കിൽ മിന്നിമറഞ്ഞ് പോകുന്ന സീനുകളിലൂടെ, നിവർത്തികേട് വിളിച്ചോതുന്ന ഡയലോഗുകളിലൂടെ എല്ലാമായിരിക്കാം. 'വെറുതെ ഒരു ഭാര്യയിലെ' ബിന്ദുവിൽ കണ്ടത് ഇതിന്റെ ഒരു പരിച്ഛേദമാകാം.
പക്ഷെ പുതുമോടി മാറും മുൻപ് വിവാഹം ചെയ്തുകൊണ്ട് വന്ന പെണ്ണിനെ കേൾക്കാനോ മനസ്സിലാക്കാനോ അവളുടെ കഷ്‌ടപ്പാടെന്തെന്നോ അറിയാൻ സാധിക്കാത്ത, അല്ലെങ്കിൽ അതിനായി തയാറാവാത്ത കുടുംബത്തെ മലയാള സിനിമ അധികം പരിചയപ്പെട്ടുകാണില്ല.
പട്ടും പൊന്നും പൂവും ചൂടി, നിലവിളക്കേന്തി, വലതുകാലെടുത്ത് വച്ച് ഒരു കുടുംബത്തേക്കു കയറി വരുന്ന പെൺകുട്ടി, കാലപ്പഴക്കമേറിയ വീടിൻറെ അവസ്ഥയിലേക്ക് അവളുടെ ഓജസ്സും പ്രസരിപ്പും ഹോമിച്ചുകളയേണ്ടി വരുന്ന സ്ഥിതിവിശേഷം ഇന്നും നമ്മുടെ നാട്ടിൽ അന്യമല്ല. പഴി വന്നു കേറിയ വീടിനു മാത്രമല്ല, ഈ സാഹചര്യത്തിൽ സ്വന്തം അമ്മ പോലും മകൾക്ക് പറയാനുള്ളത് കേൾക്കാൻ സന്മനസ്സുകാട്ടുകയോ അവളുടെ പ്രശ്നങ്ങളിൽ തുണയായി നിൽക്കാനോ ശ്രമിക്കുന്നില്ല.
'മോള് ചോറ് അടുപ്പത്ത് വച്ചാൽ മതി', 'നമ്മുടെ അച്ഛനല്ലേ, പല്ലുതേക്കാനുള്ള ബ്രഷ് ഒന്നെടുത്തു കൊടുത്തേക്ക്', 'എന്റെ തുണി വാഷിങ് മെഷീനിൽ അലക്കേണ്ട', 'എടീ, എട്ട് പേർക്ക് ചായ' എന്ന് ഭാര്യയോ മരുമകളോ ആയ പെണ്ണിനോട് വളരെ ലാഘവത്തോടു കൂടി ഒരു പുരുഷൻ പറയുമ്പോൾ, കടിച്ചു തുപ്പിയ ഉച്ചിഷ്‌ടം മേശമേൽ നിരത്തി പൊടിതട്ടി പോകുമ്പോൾ, അത് ചെയ്തു തീർക്കുന്നത് അത്ര രസമുള്ള കാര്യമല്ല എന്ന് അവർ ഓർക്കുന്നില്ല. മറ്റൊരാൾക്ക് അലോസരം തോന്നേണ്ട, ബന്ധങ്ങളിൽ വിള്ളലുണ്ടാവേണ്ട എന്ന് കരുതി അവൾ അതിനെല്ലാം തലകുലുക്കുന്നത് ചെയ്യുന്നതിലെ സന്തോഷം കൊണ്ടുമല്ല.
ഭർത്താവ് കാമദാഹം തീർക്കുമ്പോൾ പോലും ആ ദിവസം അടുക്കളയിലേയും തീന്മേശയിലേയും മടുപ്പിക്കുന്ന ഉച്ചിഷ്‌ടത്തിന്റെയും അഴുക്കിന്റെയും അനുഭവം അവളുടെ മനസ്സിൽ നിന്നും മാറിയിരിക്കില്ല. 'ഫോർപ്ലേ' എന്ന വാക്ക് ഭാര്യയുടെ നാവിൽ നിന്ന് കേൾക്കുന്ന അധ്യാപകനായ ഭർത്താവിന് അയാളുടെ ഉറക്കം നഷ്‌ടപ്പെടുന്ന അവസ്ഥ ഉണ്ടായാൽ എന്താ ചെയ്യുക?
ഒടുവിൽ അവൾ ബന്ധനങ്ങൾ പൊട്ടിച്ചെറിയുന്ന വേളയിലെ പൊട്ടിത്തെറിയിൽ ക്ളീഷേകൾ കടന്നു വരാതിരിക്കാൻ സിനിമ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള അവളുടെ വരവ് വലിച്ചുനീട്ടലില്ലാതെ, പൊലിപ്പിക്കൽ ഇല്ലാതെ, അവതരിപ്പിക്കപ്പെടുന്നു.
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുമ്പോൾ അഭിനയ ജോഡി എന്ന നിലയിൽ ഇരുവരും മറ്റൊരു മികച്ച പ്രകടനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.
കഥാപാത്രങ്ങളെ സ്‌ക്രീനിൽ ജീവിച്ച് ഫലിപ്പിക്കുന്ന നിമിഷ ഒരിക്കൽ കൂടി തന്റെ പ്രതിഭ തെളിയിച്ച ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. ഇതിനു മുന്പിറങ്ങിയ 'സ്റ്റാൻഡ് അപ്പിന്' ശേഷം സ്ത്രീസമത്വവും സ്വാതന്ത്ര്യവും മുൻനിർത്തിയുള്ള ഒരു വേഷം നിമിഷ വളരെ മികച്ചതാക്കി. ആൺ മേൽക്കോയ്മയുടെ എല്ലാ ഘടകങ്ങളും തന്റെ കഥാപാത്രത്തിൽ വിളക്കി ചേർക്കാൻ സുരാജ് വെഞ്ഞാറമൂടും മറന്നിട്ടില്ല.
ഒരു കുടുംബ ചിത്രത്തിനായി കാത്തിരിക്കുന്നവർക്ക് വർഷാരംഭത്തിൽ ലഭിച്ച മികച്ച മലയാള ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തില്ല എന്നത് സിനിമയുടെ നഷ്‌ടമല്ല, ബിഗ് സ്‌ക്രീനിന്റെ നഷ്‌ടമാണ്.
ചിത്രം നീ സ്ട്രീം (Neestream) പ്ലാറ്റ്‌ഫോമിൽ പ്രദർശനം തുടരുന്നു.