'നല്ല ഹിന്ദുവും നല്ല മാർക്സിസ്റ്റും തീർച്ചയായും നല്ല മനുഷ്യരാകണം'- വ്യക്തിയധിക്ഷേപത്തിനെതിരെ ശ്രീകുമാരൻ തമ്പി
Last Updated:
ശബരിമലയെക്കുറിച്ച് ഏറ്റവും പ്രശസ്തമായ സിനിമ 44 വർഷം മുമ്പ് എഴുതുകയും പ്രശസ്തമായ നിരവധി അയ്യപ്പഭക്തി ഗാനങ്ങളുടെ രചയിതാവുമായ തന്നെ അയ്യപ്പ വിരുദ്ധനായും ഹിന്ദുവിരോധിയായും പ്രഖ്യാപിച്ച് അധിക്ഷേപിക്കാൻ ശ്രമിച്ച സംഘപരിവാർ അനുകൂലിയ്ക്കെതിരെ പൊട്ടിത്തെറിച്ച് ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പി. സമൂഹമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിൽ വ്യക്തിയധിക്ഷേപങ്ങളും അവഹേളനവും തുടർച്ചയായി വന്നശേഷമാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തിയത്. 24 മണിക്കൂറിനുള്ളിൽ അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. ആര് ഹർത്താൽ നടത്തിയാലും അന്യായവും അധാർമികവുമാണെന്ന ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കൃഷ്ണ മുരളി എന്നയാളാണ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. ഇതിന് പിന്നിൽ ചില ഗൂഢാലോചനയുണ്ടെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. മലയാളി സിനിമയിലെ ആദരണീയ വ്യക്തിത്വവും മതേതര കേരളത്തിന്‍റെ പ്രതീകവുമായ ശ്രീകുമാരൻ തമ്പിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരെ ഇതിനോടകം പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്കിലെ എന്റെ അയ്യായിരം സുഹൃത്തുക്കളുടെയും മുപ്പത്തോരായിരം ഫോളോവെഴ്‌സിന്റെയും അറിവിലേക്ക് :
കഴിഞ്ഞ നവംബര്‍ 17ന് ഫേസ്ബുക്കില്‍ ഞാന്‍ ഇട്ട നിര്‍ദോഷകരമായ ഒരു പോസ്റ്റിനുള്ള മറുപടി എന്ന പോലെ കൃഷ്ണ മുരളി Krishna Muraly എന്ന ആള്‍ അയാളുടെ വാളില്‍ എഴുതിയ വരികള്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു. എങ്കിലും ഞാന്‍ ക്ഷമിച്ചു , എന്നാല്‍ ഇന്നലെ ഇതിനു പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടെന്നു എനിക്ക് വിശ്വസനീയമായ അറിവ് കിട്ടി. കൃഷ്ണമുരളിയുടെ സുഹൃത്തായ ഒരു വ്യക്തി ഭാരതീയ ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളില്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതായി എന്റെ ആരാധകര്‍ അറിയിച്ചു. അതുകൊണ്ട് ഞാന്‍ ഈ കൃഷ്ണമുരളിയെ UNFRIEND ചെയ്യുന്നു .. അന്ന് ഹര്‍ത്താല്‍ സംബന്ധിച്ച് ഞാന്‍ ഇട്ട പോസ്റ്റും അതിനു എന്നെ കടന്നാക്രമിച്ചു കൊണ്ട് അയാള്‍ പോസ്റ്റ് ചെയ്ത വരികളും താഴെ ചേര്‍ക്കുന്നു.. ദയവായി എന്റെ യഥാര്‍ഥ സുഹൃത്തുക്കള്‍ ഇതുപോലുള്ള കപടസുഹൃത്തുക്കളുടെ കാര്യത്തില്‍ ഒരു കണ്ണ് വയ്ക്കുക.
advertisement
എന്റെ അഭിമാനത്തിന് മുറിവേല്‍കുന്ന പ്രശ്‌നമായതു കൊണ്ട് ഇയാളുടെയും ഇയാളുടെ പിന്നിലുള്ള സുഹൃത്തിന്റെയും പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.. അതിന്റെ ഭാഗമായി ഞാന്‍ കൃഷ്ണ മുരളിക്കു അയച്ച മെസ്സേജിന്റെ പൂര്‍ണ്ണരൂപം താഴെ ചേര്‍ക്കുന്നു. എനിക്ക് ഏറ്റവും വലുത് കക്ഷി ഭേദമെന്യേ എന്നെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കളായ നിങ്ങളാണ്..
----------
പ്രിയപ്പെട്ട ശ്രീ . കൃഷ്ണ മുരളി,
2018 നവംബര്‍ പതിനേഴാം തീയതി ഫേസ് ബുക്കില്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇതാണ്.
advertisement
' ഏതു പാര്‍ട്ടി നടത്തിയാലും ഹര്‍ത്താലിനോട് എനിക്ക് യോജിപ്പില്ല .അത് അന്യായമാണ്. അധാര്‍മ്മികമാണ്. '
ഇതില്‍ ഞാന്‍ ഒരു പാര്‍ട്ടിയെയും കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതിനു മറുപടിയായി കൃഷ്ണ മുരളി എന്ന നിങ്ങള്‍ അതേ ദിവസം നിങ്ങളുടെ ഫേസ്ബുക്ക് വാളില്‍ ഇട്ട പോസ്റ്റിലെ ഓരോ വരിയും എനിക്ക് അപകീര്‍ത്തികരമാണ്. എന്നെ അയ്യപ്പ വിരോധിയും ഹിന്ദു വിരോധിയുമായിട്ടാണ് നിങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ? അയ്യപ്പനെക്കുറിച്ചു മലയാളത്തില്‍ വന്ന ഏറ്റവും വലിയ സിനിമയായ സ്വാമി അയ്യപ്പന്റെ തിരക്കഥയും സംഭാഷണവും എഴുതിയ ആളാണ് ഞാന്‍. ആചിത്രത്തിലെ രണ്ടു പാട്ടുകളും ഞാനാണ് എഴുതിയത്. ആ ചിത്രത്തിന്റെ ലാഭം കൊണ്ടാണ് എന്റെ ഗുരുനാഥനായ മെറിലാന്‍ഡ് സുബ്രഹ്മണ്യം മുതലാളി പമ്പയില്‍ സ്വാമി അയ്യപ്പന്‍ റോഡും അയ്യപ്പന്മാര്‍ക്കു വിശ്രമിയ്ക്കാന്‍ ഉള്ള ഷെഡുക്കളും മറ്റും നിര്‍മ്മിച്ചത്.
advertisement
'അവാര്‍ഡുകള്‍ക്ക് വേണ്ടി ഞാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പിന്നാലെ നടക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞത് എനിക്ക് മാനനഷ്ടം ഉണ്ടാക്കുന്നതാണ്. ഞാന്‍ ഒരിക്കലും ഒരു പാര്‍ട്ടിയുടെയും സംഘടനയുടെയും സ്ഥാപനത്തിന്റെയും പിന്നാലെ അവാര്‍ഡുകള്‍ക്കു വേണ്ടി നടന്നിട്ടില്ല. നമ്മുടെ സാംസ്‌കാരിക മന്ത്രി. ശ്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് നടന്ന ' സത്യന്‍ സ്മാരക' ത്തിന്റെ ഉദ്ഘാടനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ ഇതു പ്രത്യേകിച്ച് എടുത്തു പറയുകയുണ്ടായി. ആസമയത്തു ഞാനും വേദിയില്‍ ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല എന്റെ ജന്മനാടായ ഹരിപ്പാട്ട് നടന്ന സമ്മേളനത്തില്‍ വച്ചും എനിക്ക് വള്ളത്തോള്‍ അവാര്‍ഡ് നല്‍കിയ വേദിയില്‍ വച്ചും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. (ഹരിപ്പാട്ട്‌നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യമായി രമേശ് ചെന്നിത്തല മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്ത മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ഥി എന്റെ മൂത്ത സഹോദരനായ അഡ്വക്കറ്റ് പി.ജി.തമ്പിയായിരുന്നു എന്നതും ഓര്‍ക്കുക.)
advertisement
,ഞങ്ങള്‍ എല്ലാ കാലത്തും ഈശ്വര വിശ്വാസികളായിരുന്നു.
ഗാനരചനയുടെ അമ്പതാം വര്‍ഷം പ്രമാണിച്ചു തിരുവനന്തപുരം പൗരാവലി എനിക്ക് പുത്തരിക്കണ്ടം- മൈതാനത്തില്‍ വച്ച് നല്കിയ സ്വീകരണത്തില്‍ ജനറല്‍ കണ്‍വീനര്‍ ബിജെപിയുടെ കേരള സെക്രട്ടറിയായ സി. ശിവന്‍കുട്ടിയും ഉത്ഘാടകന്‍ സ: വി.എസ്.അച്യുതാനന്ദനും ആധ്യക്ഷം വഹിച്ചത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ യുമായ വി.എസ്.ശിവകുമാറും ആയിരുന്നു .എല്ലാവരും എന്നെ ഒരു രാഷ്ട്രീയക്കാരനായല്ല കലാകാരനായാണ് കാണുന്നത് . മുഖ്യമന്ത്രി സ: പിണറായി വിജയന്‍ ജെ.സി.ഡാനിയല്‍ അവാര്‍ഡ് മാത്രമല്ല മറ്റനേകം അവാര്‍ഡുകള്‍ വിവിധ സ്ഥലങ്ങളില്‍ ,വിവിധ വേദികളില്‍ വച്ച് എനിക്ക് നല്‍കിയിട്ടുണ്ട്. ഏറ്റവും വലിയ ബി.ജെ.പി. നേതാവായ ഓ.രാജഗോപാലിന്റെ കയ്യില്‍ നിന്നും ഞാന്‍ പുരസ്‌കാരം വാങ്ങിയിട്ടുണ്ട്. ലീഡര്‍ കെ.കരുണാകരന്‍, ഇ കെ നായനാര്‍ , ഇ . ചന്ദ്രശേഖരന്‍ നായര്‍ , വി.എസ്അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, അന്തരിച്ച മന്ത്രി കാര്‍ത്തികേയന്‍, കടകംപള്ളി സുരേന്ദ്രന്‍ . വി.എസ്.ശിവകുമാര്‍ , കെ മുരളീധരന്‍ തുടങ്ങിയവരും എത്രയോ വട്ടം എന്റെ കയ്യിലേക്ക് അവാര്‍ഡ് മെമന്റോ കൈമാറിയിരിക്കുന്നു.. ഭാരതീയ ജനതാപാര്‍ട്ടിയുടെ മലയാള മുഖപത്രമായ 'ജന്മഭൂമി' കഴിഞ്ഞ വര്‍ഷത്തെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം എനിക്കാണ് തന്നത്. .
advertisement
ഭാരതത്തിന്റെ സഞ്ചിത സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന എനിക്ക് ഒരേ സമയം നല്ല ഹിന്ദുവും നല്ല മാര്‍ക്‌സിസ്‌റ് അനുഭാവിയായും ജീവിക്കാന്‍ സാധിക്കും കാരണം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന് പറഞ്ഞവനാണ് യഥാര്‍ത്ഥ ഹിന്ദു. അഖില ലോക തൊഴിലാളികളേ സംഘടിക്കുവിന്‍....എല്ലാവര്‍ക്കും തുല്യനീതി ലഭിക്കട്ടെ എന്ന് പറയുന്നവനാണ് യഥാര്ത്ഥ മാര്‍ക്‌സിസ്‌ററ്. നല്ല ഹിന്ദുവും നല്ല മാര്‍ക്‌സിസ്റ്റും തീര്‍ച്ചയായും നല്ല മനുഷ്യരാവണം. ഞാന്‍ മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും കൂടെയാണ് .. സ്ത്രീ പുരുഷ സമത്വം സമൂഹത്തിന്റെ എല്ലാ മേഖലകളിലും വരണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. രാഷ്രീയത്തിലും അത് അത്യന്താപേക്ഷിതമാണ്.. സ്ത്രീ വിമോചനം വിഷയമാക്കി എന്റെ മുപ്പത്തഞ്ചാമത്തെ വയസ്സില്‍ '' മോഹിനിയാട്ടം'' എന്ന സിനിമ എഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ആളാണ് ഞാന്‍ . ഒരിക്കലും എനിയ്ക്കു സ്ത്രീ വിരോധി ആകാന്‍ സാധ്യമല്ല.. സാക്ഷാല്‍ ആദിപരാശക്തിയുടെ ( കോസ്മിക് എനര്‍ജി ) അംശം തന്നെയാണ് 'അമ്മ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ .
advertisement
ഒരിക്കല്‍ എന്റെ FB സുഹൃത്തായിരുന്ന നിങ്ങള്‍ മറ്റൊരാളിന്റെ പ്രേരണയാലാണ് ഇങ്ങനെയൊരു കൃത്യം ചെയ്തതെന്ന് ഇന്നലെ ഞാന്‍ അറിഞ്ഞു. ആ വ്യക്തി ഭാരതീയ ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളില്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതായി എന്റെ ആരാധകര്‍ അറിയിച്ചു. താങ്കള്‍ അയാളുടെ സുഹൃത്താണെന്നും അവര്‍ തന്നെയാണ് എന്നെ അറിയിച്ചത്. താങ്കള്‍ ഫേസ്ബുക്കില്‍ ഇട്ട ആ പോസ്റ്റ് പിന്‍വലിച്ചു എന്നോട് മാപ്പു പറഞ്ഞു പുതിയ പോസ്റ്റ് ഉടനെ ഇട്ടില്ലെങ്കില്‍ ഞാന്‍ പോലീസ് സൈബര്‍ സെല്ലില്‍ കൊടുക്കുന്ന കേസില്‍ മറ്റേ വ്യക്തിയോടൊപ്പം കൃഷ്ണ മുരളി എന്ന നിങ്ങളും പ്രതിയാകും. നിങ്ങളെപ്പോലേ അസഭ്യമായ ഭാഷ ഉപയോഗിക്കുന്ന വ്യക്തിയല്ല ഞാന്‍. അതുകൊണ്ടാണ് ഈ മാന്യത കാണിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം തരുന്നു. ഒന്നുകില്‍ തെറ്റ് തിരുത്താം. അല്ലെങ്കില്‍ നിയമനടപടികളുടെ ഭാഗമാകാം. ..
എന്ന്
ശ്രീകുമാരന്‍ തമ്പി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നല്ല ഹിന്ദുവും നല്ല മാർക്സിസ്റ്റും തീർച്ചയായും നല്ല മനുഷ്യരാകണം'- വ്യക്തിയധിക്ഷേപത്തിനെതിരെ ശ്രീകുമാരൻ തമ്പി