Irrfan Khan | പാതിവഴിയിൽ ഓട്ടം നിലച്ച അംഗ്രേസി മീഡിയം; ജീവിതയാത്ര അവസാനിച്ച നായകനും

Last Updated:

Tracing Irrfan Khan from Chandrakantha to Angrezi Medium | കരിങ്കല്ലുപോലെ ഉറച്ച ആ കണ്ണുകൾ തീർത്ത നടന വിസ്മയമല്ലേ ഇർഫാൻ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും

1984ലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ബിരുദധാരിക്ക് ആദ്യമായി സിനിമയിൽ അവസരം ലഭിയ്ക്കുന്നത് 1988ൽ മീര നായരുടെ ഓസ്കാർ നോമിനേഷൻ ചിത്രം 'സലാം ബോംബെ'യിൽ. വീണ്ടും ഒന്നരപ്പതിറ്റാണ്ടോളം കഴിഞ്ഞു ഇർഫാൻ ഖാൻ എന്ന നടനെ നായകൻ എന്ന് വിളിക്കാൻ. 2005ലെ ചിത്രം 'റോഗി'ലെ കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന നായകൻ വിമർശകരെ പോലും അമ്പരപ്പിച്ചു. കരിങ്കല്ലുപോലെ ഉറച്ച ആ കണ്ണുകൾ തീർത്ത നടന വിസ്മയമല്ലേ ഇർഫാൻ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും.
ചെയ്ത നെഗറ്റീവ് ഷെയ്‌ഡുള്ള റോളുകളോട് കയ്യോങ്ങാൻ പ്രേക്ഷകന് തോന്നിയെങ്കിൽ അത്ഭുതപ്പെടേണ്ട; നടൻ കഥാപാത്രമായി മാറുമ്പോഴുള്ള സ്വാഭാവിക പ്രതികരണം ഏറ്റവും അധികം ജനിപ്പിക്കാനായത് അദ്ദേഹത്തിന്റെ കഴിവ്.
ഒരുപക്ഷെ വിധിയുടെ വിളയാട്ടമെന്നു പറയാം; ഒരു മുഴുനീള റോൾ ഇർഫാനെ തേടി വളരെ മുൻപ് തന്നെ എത്തേണ്ടിയിരുന്നതാണ്. സലാം ബോംബെയിൽ 'സലിം' എന്ന കഥാപാത്രം ഇർഫാന് നഷ്‌ടമാക്കിയത് അന്നത്തെ അദ്ദേഹത്തിന്റെ ആരോഗ്യ ദൃഢഗാത്രമായിരുന്നുവെന്ന് 'ഇർഫാൻ, ദി മാൻ, ദി ഡ്രീമർ, ദി സ്റ്റാർ' എന്ന ജീവചരിത്രത്തിൽ അസീം ഛബ്ര കുറിക്കുന്നു.
advertisement
ചേരിയിലെ കഷ്‌ടപ്പാടിൽ വളർന്ന സലീമിന്റെ രൂപമാവാൻ ഇർഫാന്റെ ശരീരം യോജിച്ചതല്ല എന്ന് സംവിധായിക മീരക്ക് തോന്നാനിടയായതാണ് അദ്ദേഹത്തിന് വെറുമൊരു അതിഥി വേഷത്തിൽ ഒതുങ്ങേണ്ടി വന്നത്. അന്നത് കേട്ട ഇർഫാൻ പൊട്ടിക്കരഞ്ഞുവത്രേ. പക്ഷെ മീര നായർ അന്ന് കൊടുത്ത വാക്കുപാലിച്ചു.
2006ൽ തബുവിനൊപ്പം 'ദി നെയിംസേക്' എന്ന മീര നായർ ചിത്രത്തിലെ വേഷം ഇർഫാൻ ഖാൻ എന്ന നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കി.
advertisement
ഈ പുസ്തകത്തിൽ പ്രേക്ഷകർക്ക് പരിചയമില്ലാത്ത ഇർഫാൻ ഖാനെ പറ്റി ഇനിയുമുണ്ട്. ഷൂജിത്ത് സിർക്കാരിന്റെ 'പികു'വിന് വേണ്ടി ഇർഫാൻ വേണ്ടെന്നു വച്ചത് 'ദി മാർഷ്യൻ' എന്ന റൈഡ്‌ലി സ്കോട് സയൻസ് ഫിക്ഷനിലെ വേഷമായിരുന്നു. പരാതിയും പരിഭവവുമില്ലാതെ 'ലൈഫ് ഓഫ് പൈ'ക്കു വേണ്ടി തന്റെ മുഴുവൻ രംഗങ്ങളും വീണ്ടുമൊരുവട്ടം കൂടി ഷൂട്ട്‌ ചെയ്യാൻ സംവിധായകൻ പറഞ്ഞപ്പോൾ നിന്നുകൊടുത്തത് മറ്റൊന്ന്. ഇർഫാനൊപ്പം മറ്റൊരു നടനായ ടോബി ഫൈനൽ കട്ട് രംഗങ്ങളിൽ വേണ്ട എന്ന തീരുമാനമാണ് ഏതൊരു താരത്തെയും അസ്വസ്ഥമാക്കുന്ന തീരുമാനത്തിന് കൂളായി പ്രതികരിക്കാൻ ഇർഫാനെ പ്രേരിപ്പിച്ചത്.
advertisement
ഇർഫാന്റെ ആദ്യ നാളുകൾ ടെലിവിഷൻ രംഗത്തായിരുന്നു. ഇതിൽ ശ്രദ്ധേയമായ കഥാപാത്രം ലഭിച്ചത് നിർജ ഗുലേരിയുടെ ഫാന്റസി പാരമ്പരയായ 'ചന്ദ്രകാന്ത'യിൽ. 'ചന്ദ്രകാന്ത'യിലെ ബദ്രിനാഥ്/ സോംനാഥ് എന്ന ഇരട്ട സഹോദരന്മാരുടെ വേഷങ്ങൾ ഇർഫാൻ കൈകാര്യം ചെയ്തിരുന്നു. ആ കാലഘട്ടത്തിൽ ഇറങ്ങിയ ചാണക്യ, ഭാരത് ഏക് ഖോജ്, സാരാ ജഹാൻ ഹമാരാ, ബനേഗി അപ്നി ബാത്ത്, ശ്രീകാന്ത് പോലുള്ള ടി.വി. പരമ്പരകളിലും ഇർഫാൻ മുഖം കാണിച്ചു.
മലയാളത്തിൽ ഇർഫാന്റെ നായികയാവാൻ അവസരം ലഭിച്ചത് പാർവതിക്കാണ്. 2017ലെ 'ഗരീബ് ഗരീബ് സിംഗിൾ' ആയിരുന്നു ആ ചിത്രം.
advertisement
"ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആണ്. പക്ഷെ സെറ്റിൽ എനിക്കങ്ങനെ ആരാധികയായി തുടരാൻ സമയം ഇല്ലായിരുന്നു. അദ്ദേഹം ഒരു പ്രതിഭയാണ്. വ്യക്തിത്വത്തേക്കാൾ വലിയ ക്രാഫ്റ്റുള്ള ചുരുക്കം ചില വ്യക്തികളിരൊരാൾ," ആയിടെ നൽകിയൊരു അഭിമുഖത്തിൽ പാർവതി ഇർഫാനെപ്പറ്റി പറഞ്ഞതിങ്ങനെ.
Also read: ബോളിവുഡ് നടൻ ഇർഫാൻ ഖാൻ ആശുപത്രിയിൽ
ഹോളിവുഡിലേക്കുള്ള ഇർഫാന്റെ പ്രയാണമെന്ന് പറയുമ്പോൾ സ്ലംഡോഗ് മില്യണെയറും, ലൈഫ് ഓഫ് പൈയും കൊണ്ട് അവസാനിപ്പിക്കേണ്ട കാര്യമില്ല. സ്ലംഡോഗ് മില്യണയർ അമേരിക്കൻ സ്‌ക്രീനുകളിൽ എത്തുമ്പോൾ ഇർഫാൻ അവിടുത്തെ പ്രേക്ഷകർക്ക് പരിചിതനായിക്കഴിഞ്ഞിരുന്നു.
advertisement
ഏഞ്ചലീനാ ജോളിക്കൊപ്പം 2007ൽ മൈക്കിൾ വിന്റർബോട്ടത്തിന്റെ 'എ മൈറ്റി ഹാർട്ട്', വെസ് ആൻഡേഴ്സന്റെ 'ദി ഡാർജീലിങ് എക്സ്പ്രസ്സ്', 'ന്യൂയോർക്ക് ഐ ലവ് യു' ചിത്രങ്ങൾ ഇർഫാനെ അവർക്ക് സുപരിചിതനാക്കി.
വീട്ടിൽ വന്നാൽ ബെഡ്റൂമിൽ നിലത്തിരുന്നു പുസ്തകങ്ങൾ വായിക്കുകയായിരുന്നു ഇർഫാന്റെ പതിവെന്ന് ഭാര്യ ഷുതപ സിഖ്‌ധർ സാക്ഷി. ആഴ്ചയിലൊരിക്കൽ ഒരു ഹോളിവുഡ് സ്ക്രിപ്റ്റെങ്കിലും വായിക്കുമായിരുന്നു. പുലർച്ചെ മൂന്നു മണിവരെ നീളും ഇർഫാന്റെ അഭിനയത്തിനായുള്ള 'ഗൃഹ പാഠം'. ശേഷം സ്‌ക്രീനിൽ.
2011ൽ അന്നത്തെ രാഷ്‌ട്രപതി പ്രതിഭ പാട്ടീലിൽ നിന്നും ഇർഫാൻ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. 2004 മുതൽ 2018 വരെ നേടിയ പുരസ്‌കാരങ്ങളുടെ നെടുനീളൻ പട്ടിക തന്നെ ഇർഫാന് സ്വന്തമായുണ്ട്.
advertisement
ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുൻപ് തിയേറ്ററുകളിലെത്തിയ അവസാന ചിത്രം 'അംഗ്രേസി മീഡിയ'ത്തിനും അതിലെ നായകൻ ചമ്പക് ബൻസാലിനും സംഭവിച്ചത് വൈരുധ്യമെന്നെ പറയാനുള്ളൂ. ചിത്രം ഓടിമുഴുമിപ്പിക്കും മുൻപ് തിയേറ്ററിൽ നിന്നിറങ്ങിയെങ്കിൽ, ജീവിതം നിനച്ചിരിക്കാത്ത നേരത്ത് ഇർഫാന് മുന്നിൽ കട്ട് പറഞ്ഞു. നീണ്ടതെന്ന് തോന്നിപ്പിച്ച, എന്നാൽ വളരെ വേഗം അവസാനിച്ച യാത്ര.
മലയാളം വാർത്തകൾ/ വാർത്ത/Film/
Irrfan Khan | പാതിവഴിയിൽ ഓട്ടം നിലച്ച അംഗ്രേസി മീഡിയം; ജീവിതയാത്ര അവസാനിച്ച നായകനും
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement