രമണനെയും, പ്യാരിയെയും, കുഞ്ഞാവയെയും, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും എന്തിനേറെ പറയുന്നു ഐസിസിനെ വരെ ട്രോളിയ ട്രോൾ ലോകത്തു പുത്തൻ താരോദയം; പൊളി ശരത്. സാധാരണ ഗതിയിൽ അതി പ്രശസ്തരായ ആൾക്കാരോ, സംഭവങ്ങളോ ചർച്ചാ വിഷയങ്ങളോ ഇടം പിടിക്കുന്ന ട്രോൾ സ്‌പെയ്‌സിൽ പൊളി ശരത് താരമായിട്ട് അധിക കാലം ആയിട്ടില്ല. കാര്യം മനസ്സിലാകാത്തവർ ഇപ്പോഴും പൊളി ശരത് ആരെന്നു ഇന്റർനെറ്റിൽ പരതുകയുമാവാം. എന്നാൽ പൊളി ശരത് എന്ന വ്യക്തിയെ ആർക്കും കാണാൻ കഴിയില്ല എന്നതാണ് വാസ്തവം.
ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സജിയും, ബോബിയും, ബോണിയും ഉൾപ്പെടുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഒരു രംഗത്താണ് പൊളി ശരത് കടന്നു വരുന്നത്. എന്നാൽ പൊളി ശരത്തിന് ഒരു മുഖം ഇതിനിടയിൽ നിന്നും തപ്പിയെടുക്കാൻ ആവില്ല. ഇതിൽ സൗബിൻ, ഷെയ്ൻ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടുന്ന ബാർ രംഗത്തിലെ ഒരു ഡയലോഗിൽ മാത്രം കടന്നു വരുന്നയാളാണ് പൊളി ശരത്. ഒരു വിഷ്വലിലും ഇയാളെ കാണുന്നില്ല.
കുമ്പളങ്ങി നൈറ്റ്സ് ഇക്കഴിഞ്ഞ ആഴ്ച ടി.വി.യിൽ പ്രക്ഷേപണം ചെയ്ത ശേഷമാണ് പൊളി ശരത് ട്രോൾ താരമാവുന്നത്. എന്തിനും ഏതിനും വിളിക്കാവുന്ന, അല്ലെങ്കിൽ സകലകളെ വല്ലഭനായ വ്യക്തി എന്ന നിലയിലാണ് പൊളി ശരത് ഇവിടങ്ങളിൽ പ്രശസ്തനാവുന്നത്. എന്തായാലും പൊളി ശരത് വൻ ആരാധക വൃന്ദത്തെ നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.