തിരുവനന്തപുരം: കവിയും നാടക, സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം. വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്നു. ചുനക്കര കാര്യാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന്.
ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി, മരുമക്കൾ : സി.അശോക് കുമാർ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ), പി.ടി.സജി ( മുംബൈ റെയിൽവേ ), കെ.എസ്. ശ്രീകുമാർ (സിഐഎഫ്ടി).
ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര രാമൻകുട്ടി പ്രശസ്തനായത്. വിവിധ നാടക സമിതികൾക്കായി നൂറുകണക്കിന് ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചു. 1978ൽ ആശ്രമം എന്ന ചിത്രത്തിലെ 'അപ്സരകന്യക' എന്ന ഗാനം എഴുതിയാണ് ചുനക്കര സിനിമയിലേക്കു പ്രവേശിച്ചത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ ചുനക്കര മലയാളികൾക്ക് സമ്മാനിച്ചു.
75 സിനിമകളില്‍ ഇരൂന്നൂറിലേറെ പാട്ടുകള്‍ക്ക് വരികളെഴുതിയാണ് ചുനക്കര രാമന്‍കുട്ടി മലയാളി ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. നാടക ഗാനങ്ങളില്‍ നിന്ന് തുടങ്ങിയ ചുനക്കര നിരവധി സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ പങ്കാളിയായി. മലയാളി മനസില്‍ എന്നും പൂത്തുലഞ്ഞ് നില്‍ക്കുന്ന വരികള്‍. ദേവീ നിൻ രൂപം, സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. 1984ൽ വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്.
സംഗീത സംവിധായകന്‍ ശ്യാമുമായി ചേര്‍ന്ന് നിരവധി ഹിറ്റുകള്‍. ഗാനരചയിതാവായി പേരെടുത്തെങ്കിലും ഗായകനായി അറിയാനായിരുന്നു ചുനക്കരയുടെ ആഗ്രഹം. ഭാര്യയുടെ മരണവും ബൈപ്പാസ് സർജറിയും കഴിഞ്ഞതോടെ ചലച്ചിത്ര ഗാനരചനയിൽനിന്നു വിട്ടുനിന്ന ചുനക്കരയെ കവിതാരചനയിലേക്കു വഴിതിരിച്ചുവിട്ടതും ദേവരാജൻമാഷായിരുന്നു. 2004ൽ അഗ്നിസന്ധ്യ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.2015ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു.
TRENDING Gold Smuggling Case| NIA സംഘം വീണ്ടും സെക്രട്ടേറിയേറ്റിൽ; പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു [NEWS]മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപിക്കുന്നു; സർക്കിൾ ഇൻസ്പെക്ടർക്കും രോഗം സ്ഥിരീകരിച്ചു [NEWS] സംസ്ഥാനത്ത് ഇനി ആർക്കും കോവിഡ് പരിശോധന നടത്താം; ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ[NEWS]
1936 ജനുവരി 19ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായാണ് ജനിച്ചത്. പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. പിന്നീട് ആകാശവാണിയിൽ പാട്ടെഴുതാനുള്ള അവസരം ലഭിച്ചു. പിന്നീട് നാടകവേദികളിൽ സജീവമായി. കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്‌സ്, കേരളാ തിയേറ്റേഴ്‌സ്, നാഷണൽ തിയേറ്റേഴ്‌സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചു. മലയാള വേദി എന്ന പേരിൽ സ്വന്തമായി നാടക സമിതിയും തുടങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam films, Obit news, Obituary, Songs