തൻഹാജി സംവിധായകൻ ഓം റൗട്ട്- പ്രഭാസ് കൂട്ടുകെട്ട് വെള്ളിത്തിരയിലെത്തുന്ന ആദിപുരുഷ് എന്ന ചിത്രം വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു. രാമായണത്തിൽ നിന്നും അവലംബിച്ച കഥയാവും ആദിപുരുഷ് പറയുക.
ശ്രീരാമന്റെ വേഷം ചെയ്യുന്ന പ്രഭാസ് ഒട്ടേറെ തയാറെടുപ്പുകളും മേക്കോവറും നടത്തേണ്ടി വരുമെന്ന് അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സംവിധായകൻ പറയുകയുണ്ടായി.
അമ്പെയ്ത്തിൽ അഗ്രഗണ്യനായ രാമനാവാൻ പ്രഭാസിന് മികച്ച രീതിയിൽ ശരീരം പാകപ്പെടുത്തേണ്ടതായുണ്ട്. ഈ മേക്കോവറിനായി റൗട്ടിന്റെ നേതൃത്വത്തിലെ ടീം പ്രഗത്ഭരുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു. അടുത്ത് തന്നെ പ്രഭാസ് അമ്പെയ്ത്തിൽ പരിശീലനം തുടങ്ങിയേക്കും.
ഈ കഥാപാത്രം ചെയ്യാനുള്ള കഴിവ് പൂർണ്ണമായും ഉള്ളതിനാലാണ് പ്രഭാസിനെ നായകനായി തിരഞ്ഞെടുത്തതെന്ന് റൗട്ട് പറയുന്നു. ലോക്ക്ഡൗൺ ആദ്യ മാസങ്ങളിൽ തന്നെ ഇതേപ്പറ്റി പ്രഭാസുമായി ചർച്ച നടത്തിയിരുന്നെന്നും റൗട്ട് പറയുന്നു. 2021 ജനുവരി മാസത്തിലാവും ഈ 3D ചിത്രം ഷൂട്ടിംഗ് ആരംഭിക്കുക.
പൂജ ഹെഗ്‌ഡെ നായികയാവുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് പ്രഭാസ് ഇപ്പോൾ. ലോക്ക്ഡൗൺ മൂലം ചിത്രീകരണം നിർത്തി വച്ച സിനിമ സെപ്റ്റംബറിൽ പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷ. രാധ കൃഷ്ണകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്.
കൂടാതെ ദീപിക പദുകോൺ നായികയാവുന്ന ചിത്രവും പ്രഭാസിന്റേതായുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ത്രി-ഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിൻ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. രാധേ ശ്യാം പൂർത്തിയാക്കിയാൽ ഉടൻ ഈ ചിത്രത്തിന്റെ പണിപ്പുരയിലാവും പ്രഭാസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.