ഉണ്ണി മുകുന്ദന്റെ 'മാർക്കോ' നിർമിച്ച ഷരീഫ് മുഹമ്മദ് നമ്പർ പ്ളേറ്റിനു മാത്രം ഒരു കോടിയിലധികം ചിലവിട്ട് കാർ സ്വന്തമാക്കി
- Published by:meera_57
- news18-malayalam
Last Updated:
ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന് നിലവിൽ ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുണ്ട്
ദുബായിയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. S 529 എന്ന നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന് നിലവിൽ ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുണ്ട്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന് കീഴിൽ നിർമ്മിച്ച ആദ്യ സിനിമയായ 'മാർക്കോ' വൻ വിജയമായതിന് പിന്നാലെ 'കാട്ടാളൻ' എന്ന ആന്‍റണി വർഗ്ഗീസ് പെപ്പെ ചിത്രവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
തൃശ്ശൂരിലെ തളിക്കുളം സ്വദേശിയും ഒരു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നുവന്നയാളുമായ ഷരീഫ് മുഹമ്മദ് 2008-ൽ ദുബായിയിൽ സെയിൽസ് കോര്‍ഡിനേറ്ററായിട്ടാണ് തന്‍റെ കരിയർ ആരംഭിച്ചത്. ശേഷം ഖത്തറിലെ ഒരു എയർപോർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊക്യുർമെന്‍റ് ഓഫീസറായി, അതിന് പിന്നാലെ ഒരു വാഹന ലീസിംഗ് കമ്പനിയിലും ജോലി ചെയ്യുകയുണ്ടായി. 2011-ലാണ് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നത്തിലേക്ക് അദ്ദേഹം എത്തിയത്. അതേ വർഷം ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന് ഖത്തറിൽ തുടക്കം കുറിച്ചു. ഒരു മാൻപവർ കൺസള്‍ട്ടൻസിയാണ് ആദ്യമായി തുടങ്ങിയത്.
advertisement
2017-ൽ ക്യൂബ്സ് ഇന്‍റർനാഷണൽ ലോജിസ്റ്റിക്സിന് ഇന്ത്യയിൽ തുടക്കമിട്ടു. ക്യൂബ്സ് ഇന്‍റർനാഷണലിന് കീഴിൽ ലോജിസ്റ്റിക്സ്, മീഡിയ പ്രൊഡക്ഷൻ, ഷിപ്പിംഗ്, സിവിൽ, എംഇപി എഞ്ചിനീയറിംഗ്, ജനറൽ ട്രേഡിംഗ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ സജീവമാണ് ഇപ്പോൾ ഷരീഫ് മുഹമ്മദ്.
അതേസമയം, ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആദ്യമായി നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' തിയേറ്ററുകളിൽ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തിൽ എത്തിയതോടൊപ്പം 100 കോടി ക്ലബ്ബിലും കയറുകയുണ്ടായി. നിർമ്മിച്ച ആദ്യ സിനിമ തന്നെ വിതരണം ചെയ്തുകൊണ്ട് ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് വ്യത്യസ്തത പുലർത്തി. അടുത്തതായി 'കാട്ടാളൻ' എന്ന ചിത്രത്തിലൂടെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.
advertisement
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ 'ആന്‍റണി വർഗ്ഗീസ്' എന്ന പേരിൽ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകതയുണ്ട്. മറ്റു ഭാഷാ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് 'മാർക്കോ' പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
advertisement
Summary: Producer Shareef Muhammed of Unni Mukundan movie Marco shelled out one-and-a-half crores to purchase favourite number for his new car
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 31, 2025 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉണ്ണി മുകുന്ദന്റെ 'മാർക്കോ' നിർമിച്ച ഷരീഫ് മുഹമ്മദ് നമ്പർ പ്ളേറ്റിനു മാത്രം ഒരു കോടിയിലധികം ചിലവിട്ട് കാർ സ്വന്തമാക്കി