Rajesh Williams: നടൻ രാജേഷ് വില്യംസ് അന്തരിച്ചു; മുരളിക്കും നെടുമുടിക്കും ജോയ് മാത്യുവിനും തമിഴിൽ ഡബ് ചെയ്ത താരം
- Published by:Rajesh V
- news18-malayalam
Last Updated:
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 150ലേറെ ചിത്രങ്ങളിൽ വേഷമിട്ടു
ചെന്നൈ: പ്രശസ്ത നടനും ഡബ്ബിങ് ആർട്ടിസ്റ്റും എഴുത്തുകാരനുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 150ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. സിനിമ, സീരിയൽ, ഡബ്ബിങ്, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 47 വർഷമായി സിനിമയിൽ സജീവമാണ്.
1974ൽ പുറത്തിറങ്ങിയ 'അവൾ ഒരു തൊടർക്കഥൈ' എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1979ൽ കന്നി പരുവത്തിൽ നായകനായി. കെ ബാലചന്ദർ സംവിധാനംചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഈ ചിത്രത്തിനുശേഷം സ്വഭാവ വേഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട തമിഴ് ചിത്രങ്ങൾ. മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. തെലുങ്കിലും ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.
advertisement
മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയത് രാജേഷ് ആയിരുന്നു. മുരളിക്കുവേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേൾക്കുമേ, റാം എന്നീ ചിത്രങ്ങൾക്ക് ശബ്ദം നൽകി. പൊയ് സൊല്ല പോറോം എന്ന ചിത്രത്തിൽ നെടുമുടി വേണുവിനും ദേവി എന്ന ചിത്രത്തിൽ ജോയ് മാത്യുവിനും അദ്ദേഹം ഡബ്ബ് ചെയ്തു. ശ്രീറാം റാഘവൻ സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് പുറത്തിറങ്ങിയ അവസാനചിത്രം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
May 29, 2025 11:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Rajesh Williams: നടൻ രാജേഷ് വില്യംസ് അന്തരിച്ചു; മുരളിക്കും നെടുമുടിക്കും ജോയ് മാത്യുവിനും തമിഴിൽ ഡബ് ചെയ്ത താരം