Rima Kallingal | റിമ കല്ലിങ്കലിന്റെ 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ
- Published by:meera_57
- news18-malayalam
Last Updated:
നേരത്തെ കാൻസ് ചലച്ചിത്രമേളയിൽ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആഗോളതലത്തിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ (Sajin Baabu) പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. 'ബിരിയാണി' എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിർമിക്കുന്ന ചിത്രത്തിൽ റിമാ കല്ലിങ്കലാണ് (Rima Kallingal) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഞ്ജന ടാക്കീസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമ്മാതാക്കളായും സന്തോഷ് കോട്ടായി സഹനിർമ്മാതാവായും എത്തുന്ന ഈ ചിത്രം, കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നു.
ഈ സിനിമയുടെ അന്താരാഷ്ട്ര യാത്രയിലെ ഒരു പുതിയ അധ്യായമാണ് കാസാനിലെ ഈ പ്രദർശനം. നേരത്തെ കാൻസ് ചലച്ചിത്രമേളയിൽ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആഗോളതലത്തിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. കൂടാതെ, 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കലയും ശക്തമായ കഥാപരിസരവും ഒത്തുചേരുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായി മാറിയിരിക്കുന്നു.
advertisement
ടാറ്റർസ്ഥാൻ-ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ (TIME) സാംസ്കാരിക പരിപാടിയുടെ ഭാഗമായി 2025 ഒക്ടോബർ 8-നും 9-നും റഷ്യയിലെ കാസാനിൽ വെച്ചാണ് ചിത്രത്തിന്റെ പ്രദർശനം. വ്യാപാര, സാംസ്കാരിക, നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം, ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള പ്രത്യേക പരിപാടികൾക്കും ചർച്ചകൾക്കും വേദിയൊരുക്കുന്നുണ്ട്. ഈ ഫോറം കലാപരമായ മൂല്യവും സാംസ്കാരിക പ്രാധാന്യവുമുള്ള സിനിമകളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതിന്റെ തെളിവാണ് 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ തിരഞ്ഞെടുപ്പ്.
advertisement
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രദർശനത്തിൽ പങ്കെടുക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യും. അതോടൊപ്പം, സജിൻ ബാബു 'ആധുനിക ഇന്ത്യൻ സിനിമ: സമകാലിക പ്രവണതകൾ' എന്ന വിഷയത്തിൽ ഒരു പ്രത്യേക പ്രഭാഷണവും നടത്തും. കൂടാതെ, സംവിധായകൻ ഡോ. ബിജു 'ഇന്ത്യൻ സിനിമയും സംസ്കാരാതീതമായ കഥാവതരണങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 2025 ഒക്ടോബർ 16-ന് "തിയേറ്റർ" തിയേറ്ററുകളിലെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 23, 2025 12:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Rima Kallingal | റിമ കല്ലിങ്കലിന്റെ 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ