ചെന്നൈ: തമിഴ് ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. ബുധനാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ശരീരഘടനയും മുഖഭാവവും കൊണ്ട് പോലീസ്, ഗ്രാമീണ കർഷകൻ തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം സംവിധായകനും നടനുമായ വിസുവിന്റെ ആദ്യ ചിത്രം പൂന്തോട്ടത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
തഞ്ചാവൂരിലെ പട്ടുകോട്ടൈയ്ക്ക് അടുത്തുള്ള പൊന്നാവരന്‍കോട്ട സ്വദേശിയാണ് ശിവ നാരായണ മൂര്‍ത്തി. പ്രമുഖ ഹാസ്യതാരങ്ങളായ വിവേകിനും വടിവേലുവിനുമൊപ്പം നിരവധി ഹാസ്യ രംഗങ്ങളില്‍ ശിവ നാരായണ മൂര്‍ത്തി അഭിനയിച്ചിട്ടുണ്ട്.
സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമൽ, അജിത് കുമാര്‍, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍ ഉള്‍പ്പടെ 200ല്‍ അധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. വിജയുടെ വേലായുധം, സൂര്യ നായകനായ ഉന്നൈ നിനൈത്ത്, വിക്രം നായകനായി എത്തിയ സാമി എന്നീ സിനിമകളില്‍ അഭിനയിച്ചു. സിനിമാ മേഖലയിലെ നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇതുവരെ 250ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശിവ നാരായണമൂർത്തിക്ക് മൂന്നു മക്കളാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.