The Kerala Story| 'ദ കേരള സ്റ്റോറി' റിലീസ് ഇന്ന്; പ്രദർശനത്തിൽ നിന്ന് ചില തിയേറ്ററുകൾ പിന്മാറിയതായി സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
എത്ര തിയേറ്ററുകളിൽ അവസാന നിമിഷം പ്രദർശനമുണ്ടാകുമെന്നതിൽ ഉറപ്പില്ല
കൊച്ചി: വിവാദങ്ങൾക്കിടെ ‘ദ കേരള സ്റ്റോറി’ സിനിമ എന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 2 മണിക്കൂർ 19 മിനുട്ട് ദൈർഘ്യമുള്ള ഭാഗമാണ് തിയറ്ററുകളിൽ എത്തുക. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ ചില തിയേറ്ററുകൾ പ്രദർശനത്തിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സിനിമയിലെ ഐഎസ്ഐഎസ്, ഔറംഗസേബ്, ആലംഗീർ എന്നീ പരാമർശങ്ങൾക്കു സെൻസർ ബോർഡ് തെളിവു വാങ്ങിയിരുന്നു. സബ്ടൈറ്റിൽ പരിഷ്കരിക്കുകയും മലയാള ഗാനത്തിനു സബ്‍ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെന്‍റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കേസ് നേരത്തെ പരിഗണിച്ചപ്പോൾ കോടതി പറഞ്ഞത്. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്നും ട്രെയിലർ മാത്രം പുറത്തുവന്ന ഘട്ടത്തിൽ ഹർജിക്കാരനോട് കോടതി ചോദിച്ചിരുന്നു. ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷന്‍റേതടക്കം വിവിധ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
advertisement
‘ദ കേരള സ്റ്റോറി’ സിനിമയ്ക്കെതിരായ ഹര്‍ജികള്‍ റിലീസിന് മുൻപ് പരിഗണിക്കാന്‍ കേരള ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. സിനിമയില്‍ അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അധ്വാനത്തെ പറ്റി ആലോചിക്കണമെന്നും, സിനിമയെക്കുറിച്ച് പറയുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചിത്രം നല്ലതാണോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
advertisement
കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. സിനിമയിലുള്ളതെല്ലാം യാഥാർത്യമായ കാര്യങ്ങളാണ് എന്നാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുടെ വാദം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാഗ്രത നിർദേശം നൽകി. ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ടായിരുന്നു.
തിയേറ്ററുകൾ പിന്മാറി
കേരളത്തിൽ 50 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും റിലീസിന്റെ തൊട്ടുതലേന്ന് പലരും പിന്മാറി. 17 സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിനെത്തുന്നതെന്നാണ് ഒടുവിലത്തെ വിവരം. ഇതിൽത്തന്നെ എത്ര തിയേറ്ററുകളിൽ അവസാന നിമിഷം പ്രദർശനമുണ്ടാകുമെന്നതിൽ ഉറപ്പില്ല. പിവിആർ ഉൾപ്പെടെയുള്ള പ്രമുഖ മൾട്ടിപ്ലെക്സുകൾ പിന്മാറിയതായി ഇവിടെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരും സോഷ്യൽ മീഡിയയിൽ വിവരം പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും ലുലു മാളിലാണ് പിവിആർ തിയേറ്ററുകൾ പ്രവർത്തിക്കുന്നത്. തിയേറ്ററുകൾക്കു നേരേ ആക്രമണമുണ്ടാകുമെന്ന ഭയവും രാഷ്ട്രീയപാർട്ടികളിൽനിന്നുള്ള സമ്മർദവുമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 05, 2023 8:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
The Kerala Story| 'ദ കേരള സ്റ്റോറി' റിലീസ് ഇന്ന്; പ്രദർശനത്തിൽ നിന്ന് ചില തിയേറ്ററുകൾ പിന്മാറിയതായി സൂചന