ആഴ്ചയില്‍ 4 ദിവസം ജോലി; പുതിയ പരിഷ്‌കാരവുമായി സൗദിയിലെ കമ്പനി
- Published by:Nandu Krishnan
- trending desk
Last Updated:
തൊഴിലാളികളുടെ കാര്യക്ഷമതയ്ക്കും ജോലിയിലെ സംതൃപ്തിയ്ക്കും പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്‌കാരത്തിന് തുടക്കം കുറിച്ചത്.
റിയാദ്: ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവര്‍ത്തിദിനമാക്കി സൗദി അറേബ്യയിലെ കമ്പനി. റിയാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് കമ്പനിയായ ലുസിഡിയ ആണ് പ്രവര്‍ത്തിദിനങ്ങള്‍ നാലായി ചുരുക്കിയത്. ഈ തൊഴില്‍പരിഷ്‌കാരം നടപ്പാക്കുന്ന സൗദിയിലെ ആദ്യത്തെ കമ്പനിയായി ലുസിഡിയ മാറിയിരിക്കുകയാണ്.
തൊഴിലാളികളുടെ കാര്യക്ഷമതയ്ക്കും ജോലിയിലെ സംതൃപ്തിയ്ക്കും പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്‌കാരത്തിന് തുടക്കം കുറിച്ചത്.
ആഴ്ചയില്‍ നാല് ദിവസമാണ് ജോലിയെങ്കില്‍ കൂടി ശമ്പളത്തില്‍ യാതൊരു കുറവുമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. ജോലിസമയത്തിലും മാറ്റമുണ്ടാകില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ തൊഴിലാളികള്‍ക്ക് അവധിയായിരിക്കും.
പ്രവര്‍ത്തിദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി ചുരുക്കിയതോടെ തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിച്ചുവെന്ന് ലുസിഡിയയിലെ ജീവനക്കാരനെ ഉദ്ധരിച്ച് അല്‍ ഇഖ്ബാരിയ ടിവി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ശനി, ഞായര്‍ ദിനങ്ങള്‍ വാരാന്ത്യ അവധി ദിവസങ്ങളായി സ്വീകരിക്കുന്നതിലൂടെ ആഗോളതലത്തിലെ സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥാനവും സ്വാധീനവും മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് സൗദിയിലെ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ധനായ ഡോ. ഖലീല്‍ അല്‍ തിയാബി പറഞ്ഞു.
advertisement
നേരത്തെ രാജ്യത്തെ വാരാന്ത്യ അവധിദിനങ്ങളില്‍ യുഎഇ മാറ്റം വരുത്തിയത് വലിയ രീതിയില്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 2022 ജനുവരി 1 മുതലാണ് ശനി, ഞായര്‍ ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമം യുഎഇയില്‍ പ്രാബല്യത്തില്‍ വന്നത്.
Location :
New Delhi,Delhi
First Published :
September 13, 2024 2:19 PM IST