മൂവായിരത്തോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ദുബായ് പൊലീസ്
Last Updated:
സെലിബ്രിറ്റികളുടെയും പ്രശസ്തരായ വ്യക്തികളുടെയും പേരിലുള്ള അക്കൗണ്ടുകളാണ് സൈബർ കുറ്റകൃത്യങ്ങൾക്കായി കൂടുതൽ ഉപയോഗപ്പെടുത്തുന്നത്
ദുബായ് : 2018 മാത്രം ദുബായ് പൊലീസ് പൂട്ടിച്ചത് 2920 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. വ്യാജപ്പേരുകളിലുള്ള 500 അക്കൗണ്ടുകൾ അടക്കം 2920 വ്യാജസോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചുവെന്നാണ് ദുബായ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ജനറൽ ജമാൽ സലിം അൽ ജലാഫ് അറിയിച്ചിരിക്കുന്നത്. സാധരാണക്കാരെക്കാൾ കൂടുതൽ സെലിബ്രിറ്റികളുടെയും പ്രശസ്തരായ വ്യക്തികളുടെയും പേരിലുള്ള അക്കൗണ്ടുകളാണ് സൈബർ കുറ്റകൃത്യങ്ങൾക്കായി കൂടുതൽ ഉപയോഗപ്പെടുത്തുന്നതെന്നാണ് ദുബായ് പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമായി ഉപയോഗിക്കണമെന്നും ഏതെങ്കിലും തരത്തിലുളള അധിക്ഷേപമോ,അക്രമമോ ഓണ്‍ലൈൻ വഴി നേരിടേണ്ടി വന്നാൽ എത്രയും വേഗം റിപ്പോർട്ടും ചെയ്യണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എല്ലാവിധത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളും നേരിടാൻ പൊലീസ് സർവസജ്ജമാണ്. പല സൈബർ അതിക്രമങ്ങളും കണ്ടുപിടിക്കാനും പ്രതിരോധിക്കാനും പുതിയ സാങ്കേതിക വിദ്യകളും സ്മാർട്ട് പദ്ധതികളും വളരെയധികം സഹായകമാകുന്നുണ്ടെന്നും അൽ ജലാഫ് വ്യക്തമാക്കി.
Also Read-ആദ്യമായി ദീർഘകാല വിസ അനുവദിച്ച് യു.എ.ഇ
advertisement
സാമ്പത്തിക ചൂഷണത്തിനോ അല്ലെങ്കിൽ ആളുകളെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നതിനോ ആണ് സോഷ്യൽ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെയും ചില വ്യവസായികളുടെയുമൊക്കെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് അവരെ അധിക്ഷേപിക്കുക എന്ന ലക്ഷ്യം വച്ചു മാത്രമാണ്. സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് ഇത്തരം ഹാക്കർമാർ വ്യാജ പ്രൊഫൈലുകളില്‍ ഉപയോഗിക്കുന്നത്, അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇവരെ തിരിച്ചറിയുക പ്രയാസമാണെന്നും പൊലീസ് മേധാവി പറയുന്നു.
advertisement
വിവിധ പദ്ധതികളിലൂടെയും ബോധവത്കരണ പ്രചരണങ്ങളിലൂടെയും സോഷ്യൽ മീഡിയ അതിക്രമങ്ങൾ പ്രതിരോധിക്കാനുളള ശ്രമമാണ് പൊലീസ് നടത്തി വരുന്നതെന്നാണ് സൈബര്‍ക്രൈം വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സലിം ഒബൈദ് സലിമിൻ അറിയിച്ചിരിക്കുന്നത്. പരിചയമില്ലാത്ത ആളുകളുമായി സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും അവർ ആരുമായൊക്കെ സൗഹൃദം സ്ഥാപിക്കുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വിശ്വാസ്യത ഉറപ്പാക്കുന്നതിനായി സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്വന്തം പേരിൽ തന്നെ ആയിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വാട്സ് ആപ്പ് ഹാക്കിംഗും ഇപ്പോൾ വർദ്ധിച്ച് വരുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇതിന് തടയിടാനുള്ള മാർഗങ്ങൾ പൊലീസ് രൂപപ്പെടുത്തി വരികയാണ്. പബ്ലിക് പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതനുസരിച്ച് ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
Location :
First Published :
Jan 20, 2019 11:08 AM IST










