ദുബായിലെ പ്രളയം; ക്ലൗഡ് സീഡിങ്ങല്ല വില്ലനായതെന്ന് വിദഗ്ദർ, എന്താണ് യഥാർഥ കാരണം?
- Published by:meera_57
- news18-malayalam
Last Updated:
മഴമേഘങ്ങളെ ഉപയോഗിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ക്ലൗഡ് സീഡിങ്
യുഎഇയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ദുബായ് അടക്കമുള്ള ഇടങ്ങളിൽ ഇതുവരെയും കാണാത്ത വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. യുഎഇയിൽ ഒരു വർഷം പെയ്യേണ്ട മഴയാണ് ഇപ്പോൾ ഒരൊറ്റ ദിവസം തന്നെ പെയ്തിരിക്കുന്നത്. എന്താണ് ദുബായിലെ ഈ പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്ന ചർച്ച പുരോഗമിക്കുകയാണ്. കൃത്രിമ മഴ പെയ്യിക്കുന്നതിന് വേണ്ടിയുള്ള ക്ലൗഡ് സീഡിങ്ങാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ വിദഗ്ദർ ഇത് തള്ളിക്കളയുകയാണ് ചെയ്യുന്നത്.
മഴമേഘങ്ങളെ ഉപയോഗിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ക്ലൗഡ് സീഡിങ്. എന്നാൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വെള്ളപ്പൊക്കം ഉണ്ടാവുന്ന തരത്തിൽ മഴ പെയ്യില്ലെന്ന് മെട്രോളജിസ്റ്റുകൾ പറയുന്നു. എന്നാൽ കാലാവസ്ഥയെ നിയന്ത്രിക്കാനും കൃത്രിമ മഴ പെയ്യിക്കാനുമുള്ള ശ്രമങ്ങൾ ഇപ്പോൾ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
“ക്ലൗഡ് സീഡിങ് കാരണമല്ല കനത്ത മഴ പെയ്തെന്ന് ഉറപ്പാണ്. ക്ലൗഡ് സീഡിംഗിലാണ് ഇത് സംഭവിച്ചതെങ്കിൽ അത്ര മാത്രം വെള്ളം ഉണ്ടായിരിക്കണം. നേർത്ത വായുവിൽ നിന്ന് ഇത്രയധികം മഴ പെയ്യിക്കാൻ സാധിക്കില്ല,” യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ മുൻ ചീഫ് സയൻ്റിസ്റ്റ് റയാൻ മൗ പറഞ്ഞു.
advertisement
മെട്രോളജിസ്റ്റുകളും കാലാവസ്ഥാ നിരീക്ഷകരും പറയുന്നത് ഈ കനത്ത മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ്. ദുബായിൽ കനത്ത മഴ പെയ്യുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. മൂന്ന് ന്യൂനമർദ്ദങ്ങൾ വഴിയാണ് കൊടുങ്കാറ്റും പ്രളയവും ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അനാവശ്യമായി ക്ലൗഡ് സീഡിങ്ങിനെ കുറ്റപ്പെടുത്തുന്നത് കാരണം കാലാവസ്ഥാ പ്രവചനത്തെയും കാലാവസ്ഥയിലെ മാറ്റങ്ങളെയുമെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് പെൻസിൽവാനിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞൻ മൈക്കൽ മൻ അഭിപ്രായപ്പെട്ടു.
“കനത്ത മഴയെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ കാലാവസ്ഥാ വ്യതിയാനത്തിൻെറ ഭീകരതയാണ് മനസ്സിലാക്കേണ്ടത്. ക്ലൗഡ് സീഡിങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ യഥാർഥ കാരണങ്ങളെ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്,” ഇംപീരിയിൽ കോളേജ് ഓഫ് ലണ്ടനിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഫ്രെഡറിക് ഓട്ടോ പറഞ്ഞു. കടുത്ത വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ കൃത്രിമ മഴ പെയ്യിക്കുന്നതിന് വേണ്ടിയാണ് ക്ലൗഡ് സീഡിങ് ഉപയോഗപ്പെടുത്തുന്നത്. യുഎഇ പോലുള്ള ഇടങ്ങളിൽ അൽപമെങ്കിലും വെള്ളം ലഭിക്കുന്നതിനായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമഴ പെയ്യിക്കാറുണ്ട്.
advertisement
പശ്ചിമേഷ്യയിൽ പൊതുവിൽ കനത്ത മഴയോ വെള്ളപ്പൊക്കമോ ഒന്നും തന്നെ ഉണ്ടാവാറില്ല. എന്നാൽ ഇത്തരത്തിലുള്ള പ്രളയം പശ്ചിമേഷ്യയിൽ സംഭവിക്കുകയേ ഇല്ലെന്ന് പറയാൻ സാധിക്കില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് റീഡിങ് മെട്രോളജിയിലെ പ്രൊഫസറായ സൂസന്ന ഗ്രേ പറഞ്ഞു. തെക്കൻ അറേബ്യൻ പെനിൻസുലയിൽ 2000 മുതൽ 2020 വരെയുള്ള 20 വർഷത്തിനിടയിൽ തന്നെ കനത്ത മഴ പെയ്ത 100ഓളം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മുമ്പും ദുബായിൽ പ്രളയം ഉണ്ടായിട്ടുണ്ട്. 2016 മാർച്ചിൽ ദുബായിൽ മണിക്കൂറുകൾക്കുള്ളിൽ 24 സെൻറിമീറ്റർ വരെ മഴ പെയ്തിട്ടുണ്ടായിരുന്നുവെന്നും വിദഗ്ദർ വ്യക്തമാക്കി. ചെറിയ തോതിൽ മഴ പെയ്യിക്കാൻ മാത്രമേ ക്ലൗഡ് സീഡിങ്ങിലൂടെ സാധിക്കുകയുള്ളൂവെന്നും അവർ ആവർത്തിച്ചു.
Location :
Thiruvananthapuram,Kerala
First Published :
April 19, 2024 9:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിലെ പ്രളയം; ക്ലൗഡ് സീഡിങ്ങല്ല വില്ലനായതെന്ന് വിദഗ്ദർ, എന്താണ് യഥാർഥ കാരണം?