ഹജ്ജ് തീർത്ഥാടനം; മക്കയിലേക്ക് 2.70 ലക്ഷം പേർക്ക് സൗദി നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിന്?
- Published by:Rajesh V
- news18-malayalam
Last Updated:
അനധികൃതമായി മക്കയിൽ പ്രവേശിക്കുന്നവർക്ക് 4.29 ലക്ഷം രൂപ പിഴ ചുമത്തും
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, വാർഷിക ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി സൗദി അറേബ്യ ഏകദേശം 2,70,000 പേരുടെ മക്കയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. പുണ്യ തീർത്ഥാടന സ്ഥലത്ത് അപകടസാധ്യതകൾ ഒഴിവാക്കുന്നതിനാണ് നടപടി. ഞായറാഴ്ചയോടെ, ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏകദേശം 1.4 ദശലക്ഷം തീർത്ഥാടകർ മക്കയിൽ എത്തി. വരും ദിവസങ്ങളിൽ കൂടുതൽപേരെത്തും.
അനധികൃത പ്രവേശനം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നടപടിയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞവർഷം ഹജ്ജ് തീർത്ഥാടനത്തിനിടെ കനത്ത ചൂടിലും തിക്കിത്തിരക്കിലുംപെട്ട് 550 ഓളം തീർത്ഥാടകർ മരിച്ചിരുന്നു. ഇതടക്കം പരിഗണിച്ചുകൊണ്ടുള്ളതാണ് നടപടി. ഇസ്ലാമിലെ ഏറ്റവും പവിത്രമായ കടമകളിൽ ഒന്നാണ് ഹജ്ജ് തീർത്ഥാടനം.
4.29 ലക്ഷം പിഴ ചുമത്തും
അനധികൃതമായി ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്, 5,000 ഡോളർ വരെ (4.29 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്തും. നാടുകടത്തൽ, മറ്റ് ശിക്ഷകൾ എന്നിവ ഉൾപ്പെടെയുള്ള കർശന നടപടികളും സ്വീകരിച്ചിട്ടുണ്ട്. സൗദി പൗരന്മാർ ഉൾപ്പെടെ എല്ലാവർക്കും നിയമങ്ങൾ ബാധകമാണ്.
advertisement
"തീർത്ഥാടകർ നമ്മുടെ നിരീക്ഷണത്തിലാണ്, അനുസരിക്കാത്തവർ നമ്മുടെ പിടിയിലും" - നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ഒമാരി പറഞ്ഞു.
ഹജ്ജ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 23,000-ത്തിലധികം പേർക്ക് ഇതിനകം പിഴ ചുമത്തി. 400 ഹജ്ജ് സേവന കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സുരക്ഷ വർധിപ്പിക്കുന്നതിനായി, നിരീക്ഷണത്തിനും അഗ്നിബാധ നിയന്ത്രണത്തിനുമായി സൗദി അറേബ്യയുടെ സിവിൽ ഡിഫൻസ് ഈ വർഷത്തെ തീർത്ഥാടനത്തിൽ ഡ്രോണുകൾ വിന്യസിക്കുമെന്ന് അറിയിച്ചിച്ചുണ്ട്.
മക്കയിലെ അഞ്ച് ദിവസത്തെ മതപരമായ ആചാരങ്ങളുടെ ഒരു പരമ്പരയാണ് ഹജ്ജ് തീർത്ഥാടനം. ശാരീരികമായും സാമ്പത്തികമായും ആരോഗ്യമുള്ള മുസ്ലീങ്ങൾക്ക് തീർത്ഥാടനം നടത്തുക എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യേണ്ട കടമയാണ്.
Location :
New Delhi,New Delhi,Delhi
First Published :
June 04, 2025 11:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് തീർത്ഥാടനം; മക്കയിലേക്ക് 2.70 ലക്ഷം പേർക്ക് സൗദി നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിന്?