പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വ്യാജപ്രചാരണം; യുഎഇയിൽ അറസ്റ്റിലായ 35 പേരിൽ 19 ഇന്ത്യക്കാരും; പിഴ 23 ലക്ഷം
- Published by:Rajesh V
- news18-malayalam
Last Updated:
യുഎഇ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഒരു വർഷം തടവും 1,00,000 ദിർഹം (ഏകദേശം 23 ലക്ഷത്തോളം രൂപ) പിഴയും ശിക്ഷ ലഭിക്കാം
ഇസ്രായേൽ, അമേരിക്ക, ഇറാൻ എന്നിവർ ഉൾപ്പെട്ട യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായതും കെട്ടിച്ചമച്ചതുമായ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാരടക്കം 35 പേരെ അറസ്റ്റ് ചെയ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ഉത്തരവിട്ടു.
യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം (WAM) റിപ്പോർട്ട് ചെയ്തതനുസരിച്ച്, കസ്റ്റഡിയിലെടുത്തവരെ വേഗത്തിലുള്ള വിചാരണയ്ക്കായി കൈമാറിയിട്ടുണ്ട്. പിടിയിലായവരിൽ വിവിധ രാജ്യക്കാരായ 25 പേരുടെ പുതിയ പട്ടികയിൽ 17 ഇന്ത്യക്കാരുണ്ട്. ഇതിനുപുറമെ, ശനിയാഴ്ച അറസ്റ്റ് ചെയ്ത രണ്ട് ഇന്ത്യക്കാരടക്കം പത്ത് പേർ വേറെയുമുണ്ട്.
പൊതു ക്രമസമാധാനം തകർക്കാനും അസ്ഥിരതയുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള വ്യാജ വിവരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങളും തടയുന്നതിനായി നടത്തിയ നിരീക്ഷണത്തിന് പിന്നാലെയാണ് ഈ നടപടിയെന്ന് അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പ്രസ്താവനയിൽ പറഞ്ഞു.
advertisement
മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് അന്വേഷണം
ആദ്യ ഗ്രൂപ്പ്: യുഎഇ വ്യോമാതിർത്തിയിൽ മിസൈലുകൾ തടയുന്നതിന്റെയോ ആളുകൾ അത് കാണുന്നതിന്റെയോ യഥാർത്ഥ ദൃശ്യങ്ങൾക്കൊപ്പം, ആക്രമണം നടക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കമന്ററികളും ശബ്ദപ്രഭാവങ്ങളും ചേർത്ത് പ്രചരിപ്പിച്ചവരാണിവർ. ഇത് ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കാനും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ ശത്രുക്കൾക്ക് ലഭിക്കാനും കാരണമാകുമെന്ന് അധികൃതർ പറഞ്ഞു. ഈ ഗ്രൂപ്പിൽ അഞ്ച് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയും നേപ്പാൾ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
രണ്ടാം ഗ്രൂപ്പ്: എഐ ഉപയോഗിച്ച് നിർമിച്ച ദൃശ്യങ്ങളോ യുഎഇക്ക് പുറത്ത് നടന്ന സംഭവങ്ങളുടെ വീഡിയോകളോ രാജ്യത്തിനുള്ളിൽ നടന്നതാണെന്ന വ്യാജേന പ്രചരിപ്പിച്ചവരാണിവർ. സ്ഫോടനങ്ങളുടെ ദൃശ്യങ്ങൾക്കൊപ്പം ദേശീയ പതാകയോ തീയതിയോ ചേർത്ത് വിശ്വസിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്. ഈ ഗ്രൂപ്പിൽ അഞ്ച് ഇന്ത്യക്കാരും നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു.
advertisement
മൂന്നാം ഗ്രൂപ്പ്: ശത്രു രാജ്യത്തെയും അതിന്റെ സൈനിക നടപടികളെയും പുകഴ്ത്തുകയും ആ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തവരാണിവർ. അഞ്ച് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയുമാണ് ഈ വിഭാഗത്തിൽ പിടിയിലായത്.
യുഎഇ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഒരു വർഷം തടവും 1,00,000 ദിർഹം (ഏകദേശം 23 ലക്ഷത്തോളം രൂപ) പിഴയും ശിക്ഷ ലഭിക്കാം.
അതേസമയം, യുദ്ധവുമായി ബന്ധപ്പെട്ട് ശത്രുക്കൾക്ക് വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ച് ഇറാനിൽ ഏകദേശം 500 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുകയോ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ച് അയച്ചു കൊടുക്കുകയോ ചെയ്തവരാണ് അവിടെ പിടിയിലായതെന്ന് ഇറാാനിയൻ പോലീസ് അറിയിച്ചു.
advertisement
Summary: The United Arab Emirates (UAE) has ordered the arrest and expedited trial of 35 individuals—including 19 Indian nationals—for disseminating fabricated and misleading content on social media. The move comes as regional tensions escalate between Israel, the United States, and Iran, with authorities moving to curb the spread of misinformation that could incite public disorder.
Location :
New Delhi,New Delhi,Delhi
First Published :
Mar 16, 2026 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വ്യാജപ്രചാരണം; യുഎഇയിൽ അറസ്റ്റിലായ 35 പേരിൽ 19 ഇന്ത്യക്കാരും; പിഴ 23 ലക്ഷം










