India-China | അതിർത്തി നന്നായാൽ ബന്ധം നന്നാകും; ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് എസ് ജയശങ്കർ
- Published by:Amal Surendran
- news18-malayalam
Last Updated:
ബന്ധങ്ങള്‍ അനുകൂലമാകുന്നതിനും സുസ്ഥിരമായി നിലനില്‍ക്കുന്നതിനും അടിസ്ഥാനം പരസ്പര സംവേദനക്ഷമത, പരസ്പര ബഹുമാനം, പരസ്പര താല്‍പ്പര്യം, എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് അതിര്‍ത്തിയിലെ സ്ഥിതിഗതികളാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പരസ്പര ബഹുമാനം, പരസ്പര താല്‍പ്പര്യം എന്നിവയില്‍ അധിഷ്ഠിതമാകണം ബന്ധങ്ങളെന്നും മന്ത്രി പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം.
ഏഷ്യയുടെ ഭാവി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഭാവിയില്‍ എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ഏഷ്യാ സൊസൈറ്റി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ ജയശങ്കര്‍ പറഞ്ഞു.
'ബന്ധങ്ങള്‍ അനുകൂലമാകുന്നതിനും സുസ്ഥിരമായി നിലനില്‍ക്കുന്നതിനും, പരസ്പര സംവേദനക്ഷമത, പരസ്പര ബഹുമാനം, പരസ്പര താല്‍പ്പര്യം, എന്നിങ്ങനെ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ സ്ഥിതിഗതികളാണ് രാജ്യങ്ങള്‍ തമ്മിലുളള ബന്ധമെങ്ങനെയായിരിക്കണമെന്ന് നിര്‍ണ്ണയിക്കുകയെന്ന് മാത്രമേ എനിക്ക് ആവര്‍ത്തിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
രണ്ട് വര്‍ഷത്തിലേറെയായി കിഴക്കന്‍ ലഡാക്കിലെ നിരവധി മേഖലകളില്‍ ഇന്ത്യയിലെയും ചൈനയിലെയും സൈനികര്‍ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഉന്നതതല സൈനിക ചര്‍ച്ചകളുടെ ഫലമായി പല മേഖലകളില്‍ നിന്ന് ഇരുപക്ഷവും പിന്‍തിരിഞ്ഞുവെങ്കിലും പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.
ഏഷ്യയുടെ സാധ്യതകളും വെല്ലുവിളികളും ഇന്തോ-പസഫിക്കിലെ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഈ ആശയം തന്നെ വിഭജിക്കപ്പെട്ട ഏഷ്യയുടെ പ്രതിഫലനമാണ്. ചിലര്‍ക്ക് ഈ മേഖലയെ യോജിപ്പ് ഇല്ലാത്ത മേഖലയായി നിലനിര്‍ത്തുന്നതില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
'ക്വാഡ് പോലുള്ള സൈനിക സഹകരണ കൂട്ടായ്മ ആഗോള പൊതുസമൂഹത്തിനും അന്താരാഷ്ട്ര സമൂഹത്തിനും മികച്ച സേവനം നല്‍കുന്നത് ചൈനയെ അസ്വസ്ഥരാക്കുന്നുണ്ട്. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡിനെക്കുറിച്ച് ചൈന കൂടുതല്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇരുപക്ഷങ്ങള്‍ക്കും പരസ്പരമുള്ള കാഴ്ചപ്പാടില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ സമവായം പ്രാവർത്തികമാകുമെന്നും അതിന് പരസ്പര വിശ്വാസം ആവശ്യമാണെന്നും ജയശങ്കര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ പോലും ഈ വെല്ലുവിളി നേരിടുക എന്നത് എളുപ്പമുള്ള കാര്യം ആയിരുന്നില്ല. അതേസമയം, ബാന്‍ഡുങ് കോണ്‍ഫറന്‍സിന്റെ 'ഏഷ്യ ഫോര്‍ ഏഷ്യന്‍' എന്നത് മുന്‍കാലങ്ങളില്‍, നമ്മുടെ രാജ്യത്ത് പോലും, കാല്‍പനിക രാഷ്ട്രീയം പ്രോത്സാഹിപ്പിച്ച ഒരു വികാരമാണ്, ''അദ്ദേഹം പറഞ്ഞു.
advertisement
ഇന്ത്യ, പാകിസ്ഥാന്‍, ബര്‍മ്മ, സിലോണ്‍ (ഇപ്പോള്‍ ശ്രീലങ്ക) തുടങ്ങി മറ്റ് ചില രാജ്യങ്ങളും തമ്മില്‍ 1955-ലാണ് ബാന്‍ഡുങ് സമ്മേളനം നടന്നത്. യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സമാധാനപരമായ സഹവര്‍ത്തിത്വത്തിനും വന്‍ശക്തികളുടെ ആധിപത്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുമായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.
കോവിഡ് മഹാമാരി, യുക്രൈൻ സംഘര്‍ഷം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയവ ഏഷ്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. അതേസമയം, ഡിജിറ്റല്‍ ലോകത്ത് വിശ്വാസവും സുതാര്യതയും ഉറപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Location :
First Published :
August 30, 2022 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China | അതിർത്തി നന്നായാൽ ബന്ധം നന്നാകും; ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് എസ് ജയശങ്കർ