ആം ആദ്മിയിലെ സാധാരണക്കാരനൊക്കെ പഴങ്കഥ; ന്യൂജൻ ആം ആദ്മിക്ക് 11000 കോടിയുടെ ആസ്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
എംഎൽഎമാരിൽ പോലും സമ്പന്നരായ സ്ഥാനാർത്ഥികളിലേക്കുള്ള മാറ്റം ആം ആദ്മി പാർട്ടിയിൽ ദൃശ്യമാണ്
സാധാരണക്കാരായ ആളുകളെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഒരു ദശാബ്ദം മുമ്പ് ആം ആദ്മി പാർട്ടി (എഎപി)ഉയർന്നുവന്നത്. എന്നാൽ പാർട്ടിയുടെ സമീപകാല തിരഞ്ഞെടുപ്പുകൾ ആ സ്ഥാപക തത്വത്തിൽ നിന്നുള്ള പ്രകടമായ മാറ്റത്തെ സൂചിപ്പിക്കുന്നു.
ഒക്ടോബർ 24 ന് പഞ്ചാബിൽ നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി വ്യവസായി രജീന്ദർ ഗുപ്തയെ ഞായറാഴ്ച പാർട്ടി നാമനിർദ്ദേശം ചെയ്തു. മറ്റൊരു വ്യവസായി സഞ്ജീവ് അറോറ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് പഞ്ചാബിലെ ഏറ്റവും ധനികനായ, ട്രൈഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ എത്തുന്നത്. ഫോർബ്‌സിന്റെ 2025 ലെ കണക്കനുസരിച്ച് രജീന്ദർ ഗുപ്തയ്ക്ക് ഏകദേശം 120 കോടി യുഎസ് ഡോളർ (11,000 കോടി രൂപ) ആസ്തിയുണ്ട്. ലോകത്തിലെ ഏറ്റവും ധനികരായ സംരംഭകർ പട്ടികയിൽ അദ്ദേഹം 2,790-ാം സ്ഥാനത്താണ്.വരും ദിവസങ്ങളിൽ രജീന്ദർ ഗുപ്ത സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ കൃത്യമായ കണക്കുകൾ വെളിപ്പെടുത്തും. ലുധിയാന ആസ്ഥാനമായുള്ള ട്രൈഡന്റ്, ഗാർഹിക തുണിത്തരങ്ങൾ, പേപ്പർ, രാസവസ്തുക്കൾ എന്നിവയ്ക്ക് പേരുകേട്ടതാണ്.
advertisement
ഇന്ത്യൻ രാഷ്ട്രീയത്തിൽ, ഒരു ധനികന് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കുന്നത് അസാധാരണമല്ല. എന്നാൽ ഇന്ത്യയുടെ പരമ്പരാഗത രാഷ്ട്രീയത്തിൽ നിന്ന് മാറി സഞ്ചരിക്കുന്നു എന്ന് അവകാശപ്പെടുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അതിന്റെ സ്ഥാപക തത്വത്തിൽ നിന്നുള്ള പ്രകടമായ വ്യതിചലനമാണെന്ന് അടിവരയിടുന്നതാണ്.
നിലവിൽ രാജ്യസഭയിൽ ഒമ്പത് ആം ആദ്മി എം.പിമാരുണ്ട്.ഇതിൽ അഞ്ച് പേർക്ക് ഒരു കോടി രൂപയിൽ കൂടുതൽ ആസ്തിയുണ്ടെന്ന്
തിരഞ്ഞെടുപ്പ് സമയത്ത് ഈ സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കിയുള്ള അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) കണക്കുകൾ കാണിക്കുന്നു.പഞ്ചാബിൽ നിന്നുള്ള ആറ് എംപിമാരിൽ നാലുപേർക്ക് ഒരു കോടിയിലധികം സ്വത്തുണ്ട് - ഡോ. വിക്രംജിത് സിംഗ് സാഹ്നി (498 കോടി രൂപ); അശോക് കുമാർ മിത്തൽ (91.34 കോടി രൂപ); ഹർഭജൻ സിംഗ് (81.80 കോടി രൂപ); സന്ദീപ് കുമാർ പഥക് (4 കോടി രൂപ). രാജ്യസഭയിലെ ഏറ്റവും ധനികരായ പത്ത് എംപിമാരിൽ ഒരാളാണ് സാഹ്നി.രാഘവ് ഛദ്ദ (37 ലക്ഷം), സന്ത് ബൽബീർ സിങ് (3 ലക്ഷം) എന്നിവരാണ് മറ്റ് രണ്ട് പഞ്ചാബ് രാജ്യസഭാ എംപിമാർ. ഡൽഹിയിൽ നിന്ന് ആം ആദ്മി പാർട്ടിക്ക് മൂന്ന് എംപിമാരുണ്ട് - സഞ്ജയ് സിംഗ് (31.22 ലക്ഷം രൂപ); നരേൻ ദാസ് ഗുപ്ത (11 കോടി രൂപ); സ്വാതി മാലിവാൾ (19 ലക്ഷം രൂപ).
advertisement
460 കോടിയിലധികം ആസ്തിയുള്ള അറോറ രാജ്യസഭയിലെ ഏറ്റവും ധനികരായ എംപിമാരിൽ ഒരാളാണ്. പഞ്ചാബ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ജൂണിലാണ് അദ്ദേഹം രാജ്യസഭയിൽ നിന്ന് രാജിവച്ചത്.രാജ്യസഭയിലെ ഏറ്റവും ധനികനായ എംപി ബിആർഎസിൽ(Bharat Rashtra Samithi) നിന്നുള്ള ഹെറ്റെറോ ഗ്രൂപ്പ് ചെയർമാൻ ബി പാർത്ഥ സാരധി റെഡ്ഡിയാണ്. 5,300 കോടിയിലധികം രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
എംഎൽഎമാരിൽ പോലും സമ്പന്നരായ സ്ഥാനാർത്ഥികളിലേക്കുള്ള മാറ്റം ദൃശ്യമാണ്. 2015 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 67 എംഎൽഎമാരുണ്ടായിരുന്നു. ഇതിൽ 26 പേർക്ക് ഒരു കോടി രൂപയിൽ താഴെയാണ് സ്വത്ത് ഉണ്ടായിരുന്നത്.. 2020 ൽ 62 എംഎൽഎമാരിൽ 17 എംഎൽഎമാർക്ക് മാത്രമാണ് ഒരു കോടി രൂപയിൽ താഴെ സ്വത്ത് ഉണ്ടായിരുന്നത്. 2025 ൽ എഎപി എംഎൽഎമാരുടെ എണ്ണം 22 ആയി കുറഞ്ഞു, ഏഴ് പേർക്ക് മാത്രമാണ് ഒരു കോടി രൂപയിൽ താഴെ സ്വത്ത് ഉള്ളത്.
advertisement
2017 ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ എഎപി 20 സീറ്റുകൾ നേടി. ഇതിൽ എട്ട് എംഎൽഎമാർക്ക് ഒരു കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ളതായി എഡിആർ രേഖകൾ പറയുന്നു. 2022ൽ എഎപി 92 സീറ്റുകൾ നേടിയപ്പോൾ, കോടീശ്വരന്മാരായ എംഎൽഎ മാരുടെ എണ്ണം 63 ആയി.
എന്നാൽ ഇതൊരു ആസൂത്രിത മാറ്റമല്ലെന്ന് ന്യൂസ് 18 നോട് സംസാരിച്ച ഒരു പാർട്ടി നേതാവ് പറഞ്ഞു.അത്തരം ആളുകൾക്ക് വസരം നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 06, 2025 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആം ആദ്മിയിലെ സാധാരണക്കാരനൊക്കെ പഴങ്കഥ; ന്യൂജൻ ആം ആദ്മിക്ക് 11000 കോടിയുടെ ആസ്തി