മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
നേരത്തെ എൻസിപി നിയമസഭാ കക്ഷി നേതാവായി സുനേത്ര പവാറിനെ തിരഞ്ഞെടുത്തിരുന്നു
മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച ലോക് ഭവനിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവർ പങ്കെടുത്തു. ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മുതിർന്ന എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തെ തുടർന്നാണ് ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ചുമതലയേറ്റത്.
സുനേത്ര പവാറിന് നൽകേണ്ട വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും അജിത് പവാർ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമം, കായികം, എക്സൈസ് തുടങ്ങി ആറോളം പ്രധാന വകുപ്പുകൾ അവർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുനേത്ര പവാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. മഹാരാഷ്ട്രയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായ അവർ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി അശ്രാന്തം പരിശ്രമിക്കുമെന്നും അന്തരിച്ച അജിത് പവാറിന്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
advertisement
നേരത്തെ എൻസിപി നിയമസഭാ കക്ഷി നേതാവായി സുനേത്ര പവാറിനെ ഐകകണ്ഠേന തിരഞ്ഞെടുത്തിരുന്നു. മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ അവതരിപ്പിച്ച നിർദ്ദേശത്തെ മറ്റ് നേതാക്കളും പിന്തുണച്ചതോടെയാണ് സുനേത്രയ്ക്ക് മന്ത്രിസഭയിലേക്കുള്ള വഴി തെളിഞ്ഞത്. അജിത് പവാറിന്റെ മരണം സൃഷ്ടിച്ച നേതൃശൂന്യത നികത്തി സർക്കാരിൽ സ്ഥിരത ഉറപ്പാക്കാനുള്ള ഭരണസഖ്യത്തിന്റെ നിർണ്ണായക നീക്കമാണിത്.
അതേസമയം, എൻസിപിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന ശരദ് പവാറിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഫെബ്രുവരി 12-ന് ലയനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനിടെ അജിത് പവാറിന്റെ മകൻ ബാരാമതിയിലെ വസതിയിലെത്തി ശരദ് പവാറിനെ കണ്ടിരുന്നു. എന്നാൽ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി ഉയർത്തുന്നതിനെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നും ആ തീരുമാനത്തിൽ തന്നോട് ആലോചിച്ചിട്ടില്ലെന്നും ശരദ് പവാർ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
Jan 31, 2026 6:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു










