• HOME
 • »
 • NEWS
 • »
 • india
 • »
 • Assembly Election 2022 | മത്സരിച്ചത് 611; വിജയിച്ചത് 351; മോദിയുടെയും യോഗിയുടെയും ചിറകിലേറി ബിജെപിക്ക് തുടർഭരണം

Assembly Election 2022 | മത്സരിച്ചത് 611; വിജയിച്ചത് 351; മോദിയുടെയും യോഗിയുടെയും ചിറകിലേറി ബിജെപിക്ക് തുടർഭരണം

2024ല്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചത്.

 • Share this:
  ‌നിയമസഭാ തെരഞ്ഞെടുപ്പ് (Assembly Election Result 2022) നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും മികച്ച വിജയുമായി ബിജെപി ശക്തി തെളിയിച്ചിരിക്കുകയാണ്. കർഷക പ്രക്ഷോഭം അടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ച് യുപിയിൽ നേടിയ വിജയത്തിന് മധുരം കൂടുതലാണ്. യുപിയിൽ മത്സരിച്ച 376 സീറ്റുകളിൽ 251ലും ബിജെപി മുന്നിലാണ്. ഉത്തരാഖണ്ഡിലെ 70 സീറ്റുകളിൽ 48ലും വിജയിച്ച് ഭരണത്തുടർച്ച നേടി. മണിപ്പൂരിൽ 60 സീറ്റുകളിൽ 30 ഇടത്തും വിജയം ഉറപ്പാക്കി. ഗോവയിലാകട്ടെ 40 സീറ്റുകളിൽ 20 എണ്ണത്തിൽ വിജയിച്ച് ഭരണം പിടിച്ചു.

  സെമിഫൈനലിൽ വമ്പൻ വിജയം; ഇനി 2024ലെ ഫൈനൽ

  2024ല്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ ബിജെപിയുടെ തേരോട്ടം തൽക്കാലത്തേങ്കിലും തുടരുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

  Also Read- Assembly Election Result 2022| നാലിടത്തും ബിജെപിയുടെ തേരോട്ടം; പഞ്ചാബിൽ ആം ആദ്മിയുടെ ആറാട്ട്; തകർന്നടിഞ്ഞ് കോൺഗ്രസ്

  ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് അധികാരത്തില്‍ വരിക എന്നത് ഒരുഘട്ടത്തിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ ഒന്നായിരുന്നു. ആ യുപിയെയാണ് മോദി- യോഗി കൂട്ടുകെട്ട് മാറ്റിമറിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം തികച്ച് ഭരിച്ചതിനൊപ്പം വീണ്ടും അധികാരത്തിലെത്തുകയെന്നത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പുതിയ ഏടാണ്. സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ വിജയം.

  37 വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതി ബിജെപി

  1985ന് ശേഷം തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. അഞ്ചുവർഷം പൂർത്തിയാക്കി ഒരു മുഖ്യമന്ത്രി ഭരണത്തുടർച്ച നേടുന്നതും ഇതാദ്യമാണ്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ 1,02,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവില്‍ 269 സീറ്റുകളിലാണ് ബിജെപി സഖ്യം യുപിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 403 അസംബ്ലി സീറ്റുകളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 202 സീറ്റുകളാണ് വേണ്ടത്.

  ‘ബുൾഡോസറിനു മുന്നിൽ ഒന്നും നിൽക്കില്ല’

  ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആധികാരിക വിജയം ഉറപ്പിച്ചതിനു പിന്നാലെ ബോളിവുഡ് നടിയും മഥുര എംപിയുമായ ഹേമമാലിനിയുടെ പ്രതികരണമായിരുന്നു ഇത്. ‘സർക്കാർ രൂപീകരിക്കാനാവുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. വികസനത്തിൽ ഞങ്ങൾ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടാണ് പൊതുജനം ഞങ്ങളെ വിശ്വസിച്ചത്. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാനാവില്ല. ഒരു മിനിട്ടിൽ എല്ലാത്തിനെയും തീർക്കും. അതിപ്പോ സൈക്കിളായാലും മറ്റെന്തായാലും.’- ഹേമ മാലിനി പറഞ്ഞു.

  കാവി ധരിച്ച സന്യാസി

  2017 മാര്‍ച്ച് 18നാണ് മഹാരാജ് എന്നു വിളിപ്പേരുള്ള യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍, കുറഞ്ഞ കാലത്തിനുള്ളില്‍, വലിയ മാറ്റങ്ങളാണ് യോഗി സര്‍ക്കാര്‍ വരുത്തിയത്. ഇതും ഫലം അനുകൂലമാകാൻ കാരണമായി. കര്‍ഷകരുടെ കടം എഴുതിത്തള്ളിയത്, ഡിഗ്രിവരെ സൗജന്യപഠനം, ഒന്നുമുതല്‍ എട്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം, സ്‌കൂള്‍ബാഗ്, 1.78 കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, ഹൈസ്‌കൂള്‍ ഇന്റര്‍മിഡിയേറ്റ് തലത്തില്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതി, പ്രധാനമന്ത്രിയുടെ ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയനുസരിച്ച് 1.18 കോടി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായപദ്ധതി, 8 പുതിയ മെഡിക്കല്‍ കോളേജുകള്‍, ഗോരഖ്പൂരിലും റായ്ബറേലിയിലും എയിംസ്, ഗോതമ്പ്, അരി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്ക് താങ്ങുവില, 2.29 കോടി കര്‍ഷകര്‍ക്ക് മുദ്ര ആരോഗ്യകാര്‍ഡ് തുടങ്ങിയ നടപടികളും ഇത്തവണ ബിജെപി പ്രചാരണായുധമാക്കി. ‌

  ഉത്തരാഖണ്ഡിലും ഭരണത്തുടർച്ച; തിരിച്ചടിയായി ധാമിയുടെ തോൽവി

  ബിജെപിക്ക് അധികാര തുടർച്ച ലഭിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ തോൽവി ബിജെപിക്ക് തിരിച്ചടിയായി. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന്‍ ചന്ദ്ര കാപ്രിയോട് 6932 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പരാജയം രുചിച്ചത്. അതേസമയം ധാമിയുടെ തോൽവിയോടെ മുഖ്യമന്ത്രിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന പതിവും ഉത്തരാഖണ്ഡിൽ ആവർത്തിച്ചിരിക്കുകയാണ്.

  Also Read- Assembly Election 2022 Result | യുപിയിൽ ഇനി യോഗിയും അഖിലേഷും മാത്രം; അപ്രസക്തരായി കോൺഗ്രസും ബി.എസ്.പിയും

  ഉത്തരാഖണ്ഡിൽ നിലവിൽ 48 സീറ്റ് നേടിയാണ് ബി ജെ പിയുടെ മുന്നേറ്റം തുടരുന്നത്. ഇക്കുറി സംസ്ഥാനത്ത് പതിവ് ആവർത്തിച്ച് ഭരണം പ്രതീക്ഷിച്ച കോൺഗ്രസിന് വെറും 18 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ തവണ 11 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. ബി ജെ പിക്ക് ലഭിച്ചത് 57 സീറ്റുകളായിരുന്നു. അതേസമയം കന്നി പോരാട്ടത്തിറങ്ങിയ ആം ആദ്മിക്ക് സംസ്ഥാനത്ത് നിലംതൊടാൻ സാധിച്ചിട്ടില്ല. സ്വതന്ത്രർ ഉള്‍പ്പടേയുള്ള മറ്റുള്ളവർ 5 സീറ്റില്‍ മൂന്നിട്ട് നില്‍ക്കുന്നുണ്ട്.

  മണിപ്പൂരിലും വിജയം

  മണിപ്പൂരിലും ബിജെപി അധികാരം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ആകെയുള്ള 60 സീറ്റുകളിൽ 30 ഇടത്ത് ബിജെപി മുന്നിട്ടുനിൽക്കുന്നു. കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ താരമായത് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) ജനതാദളും (യു) അടക്കമുള്ള ചെറുപാർട്ടികൾ പിടിച്ചുനിന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച എന്‍പിപി എട്ട് സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്.

  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റുകളാണു ലഭിച്ചത്. പക്ഷേ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു പകരം ബിജെപിയെയാണു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. നാലു സീറ്റുകള്‍ വീതമുള്ള എന്‍പിപിയുടെയും എന്‍പിഎഫിന്റെയും പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. 21 എംഎല്‍എമാരുമായി തുടങ്ങിയ ബിജെപിക്ക് ഇപ്പോള്‍ 28 എംഎല്‍എമാരുണ്ട്. 28 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗസംഖ്യ 13 ആയി ചുരുങ്ങി. മണിപ്പുരിൽ വ്യക്തമായ മുന്നേറ്റം ഉണ്ടായതോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

  ഗോവയിലും ഉറപ്പിച്ചു

  ഗോവയിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ആകെയുള്ള 40 സീറ്റുകളിൽ 20 എണ്ണത്തിലും ബിജെപി ലീഡ് ചെയ്യുന്നു. 12 സീറ്റുകളിൽ കോൺഗ്രസും 2 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും 2 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും മുന്നിട്ടുനിൽക്കുകയാണ്. പ്രമോദ് സാവന്ത്, വിശ്വജീത് റാണെ എന്നീ ബിജെപി നേതാക്കളിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാരുണ്ടാക്കുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു.
  Published by:Rajesh V
  First published: