ബംഗളൂരു വിമാനത്താവളത്തില്‍ ലൗഞ്ച് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 87,000 രൂപ
- Published by:Sneha Reghu
- news18-malayalam
Last Updated:
അപരിചിതരായ വ്യക്തികള്‍ തന്റെ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ തുടങ്ങിയപ്പോഴാണ് എന്തോ പ്രശ്നം സംഭവിച്ചെന്ന് തട്ടിപ്പിനിരയായ യുവതി മനസിലാക്കിയത്
ബംഗളൂരു വിമാനത്താവളത്തില്‍ യുവതി ലൗഞ്ച്(വിശ്രമമുറി) തട്ടിപ്പിന് ഇരയായി. വിമാനത്തില്‍ കയറുന്നതിന് മുമ്പ് വിശ്രമിക്കാനായി മുറി അന്വേഷിച്ച യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഭാര്‍ഗവി മണിയെന്ന യുവതിയാണ് താന്‍ തട്ടിപ്പിനിരയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തന്റെ ക്രെഡിറ്റ് കാര്‍ഡ് താന്‍ കൈയ്യില്‍ കരുതിയിരുന്നില്ലെന്നും പകരം അതിന്റെ ഫോട്ടോയാണ് ലൗഞ്ച് സ്റ്റാഫിന് നല്‍കിയതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫേഷ്യല്‍ സ്‌കാന്‍ ചെയ്യാന്‍ അവര്‍ ഭാര്‍ഗവിയോട് നിര്‍ദേശിച്ചു. സുരക്ഷാ ആവശ്യങ്ങള്‍ക്കാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവര്‍ യുവതിയോട് പറഞ്ഞു. എന്നാല്‍, ഇതിലൂടെ ഭാർഗവിയുടെ ഫോണിലുണ്ടായിരുന്ന സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാർ മോഷ്ടിക്കുകയായിരുന്നു.
ലൗഞ്ച് സ്റ്റാഫ് നിര്‍ദേശിച്ചത് അനുസരിച്ച് ഭാര്‍ഗവി ലൗഞ്ച് പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തുവെങ്കിലും അത് ഉപയോഗിച്ചില്ല. എന്നാല്‍ തൊട്ടടുത്തുള്ള കഫേയിലെത്തി കാപ്പി കുടിച്ചു. തന്റെ ഫോണിലേക്ക് കോളുകള്‍ വരുമ്പോള്‍ അത് എടുക്കാന്‍ കഴിയുന്നില്ലെന്ന് കുറച്ചുസമയങ്ങള്‍ക്കുശേഷം ഭാര്‍ഗവി മനസ്സിലാക്കി. ആദ്യം നെറ്റ് വര്‍ക്കിന്റെ പ്രശ്‌നമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, അപരിചിതരായ വ്യക്തികള്‍ തന്റെ കോളുകള്‍ക്ക് ഉത്തരം നല്‍കാന്‍ തുടങ്ങിയപ്പോഴാണ് എന്തോ പ്രശ്‌നമുള്ള കാര്യം അവര്‍ മനസ്സിലാക്കിയത്.
പിന്നാലെ തന്റെ ക്രെഡിറ്റ് കാര്‍ഡിലേക്ക് 87,000 ഈടാക്കിയതായും ആ തുക ഒരു ഫോണ്‍പേ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. തന്റെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും കോളുകള്‍ വഴിതിരിച്ചുവിടുന്നതിനും അനധികൃത ഇടപാടുകള്‍ക്കായി ഒടിപികള്‍ തടസ്സപ്പെടുത്തുന്നതിനുമായി തട്ടിപ്പുകാര്‍ ആപ്പ് ഉപയോഗിച്ചതായി അവര്‍ സംശയം പ്രകടിപ്പിച്ചു.
advertisement
ഇതിനിടെ പുതിയ ഒരു വീഡിയോയും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെയോ അതിന്റെ അധികൃതരെയോ താന്‍ ഒരു ഘട്ടത്തിലും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അധികൃതര്‍ താനുമായി ബന്ധപ്പെട്ടുവെന്നും സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും അവര്‍ പറഞ്ഞു. ഈ സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അവര്‍ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരം അറിയിക്കുകയും ബാങ്കില്‍ വിളിച്ച് ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയുമായിരുന്നു.
അതിനിടെ ഹോങ്കോങ്ങില്‍ 59 പേര്‍ നഗ്ന വീഡിയോ തട്ടിപ്പിനിരയായെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രണ്ട് കോടിയിലധികം രൂപയാണ് തട്ടിപ്പുകാര്‍ ഇവരില്‍ നിന്ന് തട്ടിയെടുത്തത്. വീഡിയോ കോളിനിടെ വസ്ത്രം അഴിക്കാന്‍ തട്ടിപ്പുകാര്‍ ഇരകളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹണിട്രാപ്പിന് ഇരയാക്കി പണം തട്ടിയെടുക്കുകയായിരുന്നു. സ്വകാര്യ വീഡിയോകള്‍ ഓണ്‍ലൈനില്‍ പരസ്യമാക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് അയച്ചുനല്‍കുമെന്നും ഇത് തടയാന്‍ രണ്ട് കോടിയിലധികം രൂപ നല്‍കണമെന്നും തട്ടിപ്പുകാര്‍ ഇരകളോട് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഹോങ്കോംഗ് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
October 23, 2024 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗളൂരു വിമാനത്താവളത്തില്‍ ലൗഞ്ച് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 87,000 രൂപ