Beoncy Laishram | ബിയോൺസി എന്ന കോവിഡ് പോരാളി; വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ആദ്യ ട്രാൻസ് വുമൺ ഡോക്ടർ
Beoncy Laishram | ബിയോൺസി എന്ന കോവിഡ് പോരാളി; വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ആദ്യ ട്രാൻസ് വുമൺ ഡോക്ടർ
തന്‍റെ വ്യക്തിത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ ബസ് ഡ്രൈവറായ പിതാവ് ജീവനൊടുക്കാൻ വരെ ശ്രമിച്ചു. മൂത്ത സഹോദരനും ഇക്കാര്യം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
ഇംഫാൽ: പിപിഇ കിറ്റിനുള്ളിൽ സർവ്വസമയവും പ്രവർത്തനസജ്ജരായി ഓടി നടക്കുന്ന ഡോക്ടർമാർ. കോവിഡ് വാർഡുകളിലെ സർവ്വസാധാരണ കാഴ്ചയാണിത്. മണിപ്പൂർ ഇംഫാല്‍ ഷിജ ഹോസ്പിറ്റല്‍ ആൻഡ് റിസർച്ച് സെന്‍ററിലെ കോവിഡ് വാർഡിലും ക്ഷീണം മറന്ന് കർമ്മനിരതയായിരിക്കുന്ന ഒരു ഡോക്ടറെ കാണാനാകും. ഡോ.ബിയോൺസി ലയ്ഷ്രം. എന്താണ് ബിയോൺസിക്ക് ഇത്ര പ്രത്യേകത എന്നല്ലേ. മണിപ്പൂരിലെ ആദ്യ ട്രാൻസ് വുമൺ ഡോക്ടർ ആണ് ഈ ഇരുപത്തിയേഴുകാരി. മണിപ്പൂരിലെ എന്നല്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു തന്നെയുള്ള ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടറാണ് ബിയോൺസി.
'എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു ഞാനൊരു ആൺകുട്ടിയല്ല എന്ന്.. എങ്കിലും എംബിബിഎസ് മൂന്നാം വർഷം എത്തുന്നത് വരെ ഇക്കാര്യം ഞാൻ ആരോടും തുറന്നു പറഞ്ഞിരുന്നില്ല.. യൂണിസെക്സ് വസ്ത്രങ്ങൾ ആയിരുന്നു കൂടുതലും ധരിച്ചിരുന്നത്' ബിയോൺസി പറയുന്നു.
ഇംഫാലിലെ കിഴക്കൻ മേഖലയായ ലെയ്ഫ്രക്പം ലെയ്കകയിൽ നിന്നും ഷിജാ ഹോസ്പിറ്റൽ വരെയെത്തി നിൽക്കുന്ന തന്‍റെ യാത്ര അത്ര സുഖകരം ആയിരുന്നില്ലെന്നും ഇവർ വിശദീകരിക്കുന്നു. മൂന്ന് മക്കളുള്ള ലയ്ഷ്രാം കുടുംബത്തിലെ ഇളയ ആളായിരുന്നു ബിയോൺസി. തന്‍റെ വ്യക്തിത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ ബസ് ഡ്രൈവറായ പിതാവ് ജീവനൊടുക്കാൻ വരെ ശ്രമിച്ചു. മൂത്ത സഹോദരനും ഇക്കാര്യം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
'ചില സുഹൃത്തുക്കളും വളരെ മോശമായാണ് പെരുമാറിയത്. എവിടെപ്പോയാലും അധിക്ഷപവും പരിഹാസവും. ഈ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ മുറിക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടി. എന്‍റെ വ്യക്തിത്വം പരസ്യപ്പെടുത്തുന്നതിനും ആളെകളെക്കൊണ്ട് അത് അംഗീകരിപ്പിച്ചെടുക്കുന്നതിനും വളരെയധികം കഷ്ടപ്പെടേണ്ടി വന്നു.. 2016 ഓടെ എനിക്ക് ബോധ്യമായി പഴയ ജീവിതം ഇനിയും ജീവിക്കാനാകില്ല. അന്നുമുതലാണ് ഞാൻ എന്നെ തന്നെ ഒരു 'നുപി മാൻബി' (മണിപ്പൂരിലെ ഒരു ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റി) ആയി തിരിച്ചറിഞ്ഞ് തുടങ്ങിയത്.. ' ബിയോൺസി പറയുന്നു.
തനിക്ക് ഒരു പ്രണയമുണ്ടെന്നും ബിയോൺസി പറയുന്നുണ്ട്. നല്ലരീതിയിൽ തന്നെയാണ് ആ ബന്ധം മുന്നോട്ട് പോകുന്നത്. എന്നാൽ ഇപ്പോൾ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ല. നിലവിൽ പഠനത്തിനും തൊഴിലിനുമാണ് പ്രാധാന്യം നൽകുന്നതെന്നും ഈ ഡോക്ടർ പറയുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.