കറൻസി നോട്ടിൽ പേന കൊണ്ട് എഴുതിയാൽ അസാധുവാകുമോ? കേന്ദ്രം പറയുന്നതിങ്ങനെ
- Published by:Sarika KP
- news18-malayalam
Last Updated:
റിസര്‍വ് ബാങ്കിന്റെ പുതിയ നിയമപ്രകാരം പേന കൊണ്ട് എഴുതുകയോ വരയ്ക്കുകയോ ചെയ്ത നോട്ടുകള്‍ അസാധുവായി പരിഗണിക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിന് മറുപടിയുമായാണ് കേന്ദ്രമെത്തിയത്.
ന്യൂഡല്‍ഹി: പേന കൊണ്ട് വരയ്ക്കുകയോ എഴുതുകയോ ചെയ്ത കറന്‍സി നോട്ടുകള്‍ അസാധുവാകും എന്ന തരത്തിൽ പ്രചരിച്ച സന്ദേശത്തിന് വ്യക്തത വരുത്തി കേന്ദ്രം. റിസര്‍വ് ബാങ്കിന്റെ പുതിയ നിയമപ്രകാരം പേന കൊണ്ട് എഴുതുകയോ വരയ്ക്കുകയോ ചെയ്ത നോട്ടുകള്‍ അസാധുവായി പരിഗണിക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിന് മറുപടിയുമായാണ് കേന്ദ്രമെത്തിയത്.
‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നയപ്രകാരം പേന കൊണ്ട് എഴുതിയ കറൻസി നോട്ടുകള്‍ അസാധുവാകും,’ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശം.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ വ്യാജ സന്ദേശം പിഐബിയുടെ ഒഫിഷ്യല്‍ ഫാക്ട് ചെക്ക് വിഭാഗം പരിശോധിച്ചിരുന്നു. തുടര്‍ന്ന് പേന കൊണ്ട് എഴുതിയ കറൻസി നോട്ടുകള്‍ അസാധുവാകില്ലെന്ന് പിഐബിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിക്കുകയായിരുന്നു.
advertisement
അതേസമയം കറന്‍സി നോട്ടുകളുമായി ബന്ധപ്പെട്ട് വ്യക്തമായ നയം ആര്‍ബിഐയ്ക്കുണ്ട്. ക്ലീന്‍ നോട്ട് പോളിസി നയമാണ് ആര്‍ബിഐ പിന്തുടരുന്നത്. കറന്‍സി നോട്ടുകള്‍ വികൃതമാക്കുകയോ കീറുകയോ ചെയ്യരുതെന്ന് ഈ നയത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് ഇന്ത്യന്‍ കറന്‍സിയുടെ അച്ചടിയുടെയും നിയന്ത്രണത്തിന്റെയും ചുമതല. 1934-ലാണ് ഇന്ത്യന്‍ കറന്‍സി അച്ചടിക്കാനുള്ള ചുമതല ആര്‍ബിഐക്ക് ലഭിച്ചത്. കറന്‍സിയുടെ അച്ചടി ഉത്തരവാദിത്തം ആര്‍ബിഐക്കാണെങ്കിലും, ആര്‍ബിഐ ആക്ട് സെക്ഷന്‍ 25 പ്രകാരം, ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡിന്റെ ശുപാര്‍ശകള്‍ സ്വീകരിച്ച ശേഷം ബാങ്ക് നോട്ടുകളുടെ ഡിസൈനും രൂപവും മെറ്റീരിയലും കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കുക.
advertisement
റിസര്‍വ് ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, നാല് കറന്‍സി പ്രസ്സുകളിലാണ് ബാങ്ക് നോട്ടുകള്‍ അച്ചടിക്കുന്നത്. അതില്‍ രണ്ടെണ്ണം സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും രണ്ടെണ്ണം ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡും ആണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ SPMCIL കറന്‍സി പ്രസ്സുകള്‍ നാസിക്കിലും ദേവാസിലുമാണ്. റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള BRBNMPLന്റെ രണ്ട് പ്രസ്സുകള്‍ മൈസൂരുവിലും സാല്‍ബോണിയിലുമാണുള്ളത്.
advertisement
SPMCILന്റെ ഉടമസ്ഥതയിലുള്ള നാല് നാണയശാലകളിലാണ് നാണയങ്ങള്‍ അച്ചടിക്കുന്നത്. മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ആര്‍ബിഐ ആക്ടിലെ സെക്ഷന്‍ 38 പ്രകാരം റിസര്‍വ് ബാങ്ക് വഴി മാത്രമാണ് നാണയങ്ങള്‍ വിതരണം ചെയ്യുക.
ഇന്ന് എല്ലാ ഇന്ത്യന്‍ നോട്ടുകളിലും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രമുണ്ട്. എന്നാല്‍ മുന്‍പ് അങ്ങനെ ആയിരുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് ബ്രിട്ടീഷ് രാജാവിന്റെ ഛായാചിത്രത്തിന് പകരം മഹാത്മാഗാന്ധിയുടെ ചിത്രം നല്‍കണമെന്ന അഭിപ്രായം ഉണ്ടായത്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അന്നത്തെ സര്‍ക്കാരിന് കുറച്ച് സമയം വേണ്ടിവന്നു. 1953ല്‍, പുതിയ നോട്ടുകളില്‍ ഹിന്ദി ഭാഷ അച്ചടിക്കാന്‍ തുടങ്ങി. കാലക്രമേണ, തഞ്ചൂര്‍ ക്ഷേത്രത്തിന്റെയും ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെയും ചിത്രങ്ങളുള്ള നോട്ടുകള്‍ ആര്‍ബിഐ അവതരിപ്പിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 09, 2023 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കറൻസി നോട്ടിൽ പേന കൊണ്ട് എഴുതിയാൽ അസാധുവാകുമോ? കേന്ദ്രം പറയുന്നതിങ്ങനെ