ന്യൂഡല്‍ഹി: 2021-22 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനത്തിന്റെ 96 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2020-21 ല്‍ 42 കോടിയായിരുന്നു ഇലക്ടറല്‍ ബോണ്ടില്‍ നിന്നും പാര്‍ട്ടിയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ 2021-22 ആയപ്പോഴേക്കും ഇത് 528.14 കോടിയായി ഉയര്‍ന്നു.
2021-22ല്‍ പാര്‍ട്ടിയ്ക്ക് 545.74 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. അതില്‍ 528.14 കോടി രൂപയും ഇലക്ടറല്‍ ബോണ്ടില്‍ നിന്നുമാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫീസ്, ഫണ്ട് ശേഖരണം തുടങ്ങിയ വിഭാഗത്തില്‍ നിന്നും ഏകദേശം 14.36 കോടി രൂപയോളം പാര്‍ട്ടിയ്ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം പാര്‍ട്ടി ചെലവും വര്‍ധിച്ചിട്ടുണ്ട്. 2020-21ല്‍ 132 കോടി രൂപയായിരുന്നു തൃണമൂലിന്റെ ചെലവ് വിഹിതം. എന്നാല്‍ 2021-22 ഓടെ ഇത് 268 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
Also read- വിവാഹവേദിയിൽ വരന്റെ ആദ്യ ഭാര്യയെത്തി; വധു വരന്റെ സഹോദരനെ വിവാഹം കഴിച്ചു
2017ലെ കേന്ദ്ര ബജറ്റിലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന ആശയം കൊണ്ടു വരുന്നത്. പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്കാവുന്ന സംവിധാനമാണിത്. ഇലക്ടറല്‍ ബോണ്ടിന്റെ രേഖയില്‍ പണം നല്കിയ ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ പേരു വിവരങ്ങള്‍ ഉണ്ടായിരിക്കില്ല. ആയിരം, പതിനായിരം, ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിവയുടെ ഗുണിതങ്ങളായി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയാണ് ബോണ്ടുകള്‍ വില്‍ക്കുന്നത്.
സംഭവന നല്കാന് ഉദ്ദേശിക്കുന്നവര്‍ക്ക് ബാങ്കില്‍ നിന്ന് ബോണ്ടുകള്‍ വാങ്ങി ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാം. 15 ദിവസത്തിനുള്ളില്‍ ഈ ബോണ്ട് പണമായി രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടിലേക്ക് മാറ്റാനാകും. 15 ദിവസത്തിനുള്ളില്‍ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയിട്ടില്ല എങ്കില്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും.
വ്യക്തികള്‍ക്കോ, കമ്പനികള്‍ക്കോ വാങ്ങാവുന്ന ബോണ്ടുകളുടെ എണ്ണത്തിന് പരിധികളില്ല. 6534.78 കോടിക്കുള്ള 12,924 ബോണ്ടുകളാണ് 2018 മാര്‍ച്ച് മുതല്‍ 2021 ജനുവരി വരെ വിറ്റു പോയത്. കമ്പനികള്‍ക്ക് പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്കാനാകുന്ന സംവിധാനം എന്നാണ് 2017 ലെ ബജറ്റ് പ്രസംഗത്തില്‍ അന്നത്തെ ധനകാര്യ മന്തി അരുണ്‍ ജയ്റ്റ്ലി വിശദീകരിച്ചത്.
Also read- ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലും; മൈസൂരു ബിഷപ്പിനെ വത്തിക്കാൻ നീക്കി
എന്നാല്‍, ഉത്തരവ് വന്നപ്പോള്‍ വ്യക്തികള്‍, എന്‍ജിഒ, മത സംഘടനകള്‍, എന്നിവക്കെല്ലാം ഇത്തരത്തില്‍ പണം കൈമാറാവുന്ന അവസ്ഥ വന്നു. എന്നാല്‍ ഇലക്ടറല്‍ ബോണ്ടില്‍ നിന്നും ലഭിച്ച വരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്ത് വിടേണ്ടതില്ല എന്ന റെപ്രസന്റേഷന്‍ ഓഫ് ദ പീപ്പിള്‍ ആക്ട് ഭേദഗതിക്ക് എതിരായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചത്. പിന്തിരിപ്പന് നടപടിയാണിതെന്ന് ആയിരുന്നു കമ്മീഷന്റെ വിലയിരുത്തല്‍.
2017 മെയ് മാസത്തില്‍ പേഴ്സണല്‍,പബ്ലിക്ക് ഗ്രീവന്‍സ്, ലോ ആന്‍ഡ് ജസ്റ്റിസ് സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് മുമ്പാകെ സബ്മിഷനായാണ് കമ്മീഷന് നിലപാട് പറഞ്ഞത്. അതേ മാസം തന്നെ തീരുമാനം പുനപരിശോധിക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നിയമമന്ത്രിക്ക് കമ്മീഷന് കത്ത് അയക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.