Congress | 11 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലോക്സഭയിൽ പ്രാതിനിധ്യം ഇല്ല; ദേശീയ ബദൽ ആകാൻ കോൺഗ്രസിന് കഴിയുമോ?
- Published by:Anuraj GR
- news18-malayalam
Last Updated:
കോൺഗ്രസ് ഇന്ന് ഭരണത്തിൽ ഉള്ളത് മൂന്ന് സംസ്ഥാനങ്ങളിലാണ്. രാജസ്ഥാൻ, പഞ്ചാബ്, ചത്തിസ്ഗഡ്. ഇതിൽ പഞ്ചാബിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കും
ദേശീയ തലത്തിൽ ബിജെപിക്ക് (BJP) ബദൽ കോൺഗ്രസാണോ (Congress) എന്നത് സംബന്ധിച്ച് എൽഡിഎഫിലെ രണ്ടു പ്രധാനകക്ഷികളായ സിപിഎമ്മും (CPM) സിപിഐയും (CPI) രണ്ടു തട്ടിലാണ്. കേന്ദ്രത്തിൽ കോൺഗ്രസ് തകർന്നാൽ ബദൽ ആകാനുള്ള കരുത്ത് ഇടതുപക്ഷത്തിന് ഇല്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ബിനോയ്ക്ക് പിന്നിൽ സിപിഐ നേതൃത്വം അണിനിരന്നപ്പോൾ, സംസ്ഥാന തലത്തിൽ മതേതര സഖ്യമാണ് വേണ്ടതെന്ന നിലപാടാണ് സിപിഎമ്മിന്. ബിനോയ് വിശ്വത്തിന്റെ പ്രസ്താവന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നതടക്കം കടുത്ത വിമർശനവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചു. ബിജെപി ബദൽ വിവാദങ്ങൾക്കിടെ കോൺഗ്രസിന്റെ സമീപകാല പ്രകടനങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങളുടെ കണക്കുകളും പരിശോധിക്കാം
#കോൺഗ്രസ് എംപിമാർ 17 സംസ്ഥാനങ്ങളിൽ നിന്ന് മാത്രം
28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യ എന്ന മഹാരാജ്യം. എന്നാൽ ഇതിൽ 11 സംസ്ഥാനങ്ങളിലും നിന്നും 6 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കോൺഗ്രസിന് ലോക്സഭയിൽ പ്രാതിനിധ്യം ഇല്ല. 26 മണ്ഡലങ്ങൾ ഉള്ള ഗുജറാത്ത്,
25 സീറ്റുകൾ വീതമുള്ള ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയവയാണ് കോൺഗ്രസിന് ഒരു എംപി പോലും ഇല്ലാത്ത വലിയ സംസ്ഥാനങ്ങൾ.
#കോൺഗ്രസ് ലോക്സഭ എംപിമാർ ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും
ഹരിയാന ( 10 മണ്ഡലങ്ങൾ,)ഉത്തരാഖണ്ഡ് ( 5 മണ്ഡലങ്ങൾ )അരുണാചൽ പ്രദേശ് ( 2 മണ്ഡലങ്ങൾ )മണിപ്പൂർ (2 മണ്ഡലങ്ങൾ)മിസോറം (ഒരു മണ്ഡലം)നാഗലാൻഡ് (ഒരു മണ്ഡലം) സിക്കിം (ഒരു മണ്ഡലം)ത്രിപുര- (2 മണ്ഡലങ്ങൾ)
advertisement
#കേന്ദ്ര ഭരണപ്രദേശങ്ങൾ
ഡൽഹി -(7 മണ്ഡലങ്ങൾ) ജമ്മു കശ്മീർ (5 മണ്ഡലങ്ങൾ) ലഡാക് (ഒരു മണ്ഡലം ) ദാദ്ര നഗർ ഹവേലി-(ഒരു മണ്ഡലം) ദാമൻ ദിയു-(ഒരു മണ്ഡലം) ലക്ഷദ്വീപ് (ഒരു മണ്ഡലം) ചണ്ഡിഗഡ് -( ഒരു മണ്ഡലം ) ആൻഡമാൻ നിക്കോബാറിൽ നിന്നും പുതുച്ചേരിയിൽ നിന്നും മാത്രമാണ് കോൺഗ്രസിന് എംപിമാർ ഉള്ളത്.
(ഇതിൽ സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെ വിഭജിച്ച് 2019 ൽ ജമ്മു കശ്മീർ, ലഡാക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി. രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങൾ ആയിരുന്ന ദാദ്ര നഗർ ഹവേലിയും ദാമൻ ദിയുവും ലയിപ്പിച്ച് 2020 ജനുവരിയിൽ ഒറ്റ കേന്ദ്രഭരണപ്രദേശമാക്കി. 2019 ൽ ഹിമാചലിൽ ഒരു സീറ്റിൽ പോലും കോൺഗ്രസിന് വിജയിക്കാൻ ആയില്ലെങ്കിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ മണ്ഡി ലോക്സഭ മണ്ഡലം തിരിച്ചുപിടിച്ചു.)
advertisement
#ഒരു സീറ്റ് മാത്രം വിജയിച്ച സംസ്ഥാനങ്ങൾ
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, മധ്യപ്രദേശ്, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്. 80 സീറ്റുകൾ ഉള്ള ഉത്തർപ്രദേശിൽ റായ്ബറേലി മാത്രമാണ് കോൺഗ്രസിനെ തുണച്ചത്.
യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങൾ ഉള്ള മഹാരാഷ്ട്രയിൽ നിന്ന് കോൺഗ്രസ് ജയിച്ചത് ചന്ദ്രാപുർ മണ്ഡലത്തിൽ മാത്രം. മധ്യപ്രദേശിലെ 29 സീറ്റുകളിൽ 28 ഉം കോൺഗ്രസ് തോറ്റു. ചിന്ത്വാഡ മാത്രം ഒപ്പം നിന്നു
advertisement
കർണാടകത്തിലെ കോൺഗ്രസ് പ്രകടനം ബംഗളുരു റൂറൽ മണ്ഡലത്തിലെ ജയത്തിൽ ഒതുങ്ങി. ബിഹാറിൽ അർജെഡി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് കിഷൻഗഞ്ചിൽ. സഖ്യം ജയിച്ചതും ഈ സീറ്റിൽ മാത്രം. ഒഡിഷയിലെ കോറാപുട്ടിൽ നിന്ന് ജയിച്ച സപ്തഗിരി ശങ്കറാണ് സംസ്ഥാനത്തു നിന്നുള്ള ഏക കോൺഗ്രസ് എംപി. സിങ്‌ബൂം ആണ് ജാർഖണ്ഡിൽ കോൺഗ്രസ് ജയിച്ച മണ്ഡലം.
മുകളിൽ പറഞ്ഞിരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 379 ലോക്സഭ സീറ്റുകൾ ആണ് ഉള്ളത്. രാജ്യത്തെ ആകെ ലോക്സഭ മണ്ഡലങ്ങളുടെ 69 ശതമാനം വരും ഇത്. ഇതിൽ കോൺഗ്രസിന്റെ കൈവശം ഉള്ളത് 9 എംപിമാർ മാത്രം.2014 ലോക്സഭ തെരെഞ്ഞെടുപ്പിലും സ്ഥിതി സമാനമായിരുന്നു. ഇതേ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി കോൺഗ്രസിന് നേടാനായത് 22 സീറ്റുകൾ.
advertisement
#കോൺഗ്രസ് നേടിയ 52 സീറ്റുകൾ എവിടെയൊക്കെ
2014 ൽ 44 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് 2019ൽ 8 സീറ്റ് മാത്രമാണ് അധികം നേടാനായത്. ഇതിൽ 15 എംപിമാർ കേരളത്തിൽ നിന്ന്.
പഞ്ചാബ് -8, തമിഴ്നാട് -8, അസം -3, തെലങ്കാന -3. പശ്ചിമ ബംഗാൾ -2, ചത്തിസ്ഗഡ് -2, യുപി -1, ബിഹാർ -1, മധ്യപ്രദേശ് -1, മഹാരാഷ്ട്ര -1, കർണാടക -1, ഗോവ -1, ജാർഖണ്ഡ് -1, മേഘാലയ -1, ഒഡിഷ -1, ആൻഡമാൻ നിക്കോബാർ -1, പുതുച്ചേരി -1
advertisement
#വൈഎസ് ആർ, തൃണമൂൽ, എൻസിപി
കഴിഞ്ഞ 25 വർഷത്തിനിടെ കോൺഗ്രസ് പിളർന്ന് ഉണ്ടായ മൂന്നു പാർട്ടികളാണ് തൃണമൂലും എൻസിപിയും വൈഎസ്ആർ കോൺഗ്രസ്സും.തൃണമൂലിന് ബംഗാളിലും വൈഎസ്ആർ കോൺഗ്രസിന് ആന്ധ്രയിലുമാണ് കരുത്തെങ്കിൽ പല സംസ്ഥാനങ്ങളിൽ വേരുള്ള എൻസിപിയുടെ തട്ടകം മഹാരാഷ്ട്രയാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ആന്ധ്രയിലെ 25 ലോക്സഭ സീറ്റുകളിൽ 22 ഉം വൈ എസ് ആർ കോൺഗ്രസിന്.പശ്ചിമ ബംഗാളിലെ 42 ലോക്സഭ സീറ്റുകളിൽ തൃണമൂൽ നേടിയത് 22 സീറ്റുകൾ.മഹാരാഷ്ട്രയിൽ എൻസിപിക്ക് ലഭിച്ചത് 4 സീറ്റുകൾ. ലക്ഷദ്വീപിലും വിജയിച്ചത് എൻസിപി.. എൻസിപി വിട്ട് പിഎ സാങ്മ രൂപം നൽകിയ എൻപിപിയാണ് മേഘാലയയിലെ രണ്ട് സീറ്റുകളിൽ ഒരെണ്ണം വിജയിച്ചത്. ഈ നാലു പാർട്ടികൾ കൂടി നേടിയ 50 സീറ്റുകളേക്കാൾ രണ്ടു സീറ്റ് അധികം മാത്രമേ കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി നേടിട്ടിട്ടുള്ളു. 2004 അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ബിജെപിക്ക് ഭരണതുടർച്ച ഉണ്ടാകുമെന്ന് ഏവരും കണക്കുകൂട്ടിയപ്പോൾ ബിജെപിയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത് ആന്ധ്രയായിരുന്നു. 42 ൽ 29 സീറ്റുകൾ ആയിരുന്നു വൈഎസ് രാജശേഖര റെഡ്‌ഡി അന്ന് സോണിയ ഗാന്ധിക്ക് സമ്മാനിച്ചത്. അതേ ആന്ധ്രയിലാണ് 2014 ലും 2019 ലും ഒരു ലോക്സഭ സീറ്റ് പോലും നേടാനാകാതെ തിരുച്ചുവരവിന് പോലും കഴിയാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് കൂപ്പുകുത്തിയത്. ബംഗാളിലും മഹാരാഷ്ട്രയിലും മികച്ച അവസ്ഥയിലല്ല പാർട്ടി.
advertisement
#കോൺഗ്രസ് ഭരണം മൂന്നിടത്ത്
കോൺഗ്രസ് ഇന്ന് ഭരണത്തിൽ ഉള്ളത് മൂന്ന് സംസ്ഥാനങ്ങളിലാണ്. രാജസ്ഥാൻ, പഞ്ചാബ്, ചത്തിസ്ഗഡ്. ഇതിൽ പഞ്ചാബിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കും. ജാർഖണ്ഡിലും, തമിഴ്നാട്ടിലും, മഹാരാഷ്ട്രയിലും ഭരണമുന്നണിയിലെ ചെറുകക്ഷിയാണ് കോൺഗ്രസ്. എന്തായാലും യുപി അടക്കം വരാനിരിക്കുന്ന അഞ്ചു നിയമസഭാ തെരെഞ്ഞെടുപ്പിലെ പ്രകടനം ദേശീയ രാഷ്ട്രീയത്തിന്റെയും കോൺഗ്രസിന്റെയും ഗതി നിർണ്ണയിക്കുന്നതാകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2022 10:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Congress | 11 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലോക്സഭയിൽ പ്രാതിനിധ്യം ഇല്ല; ദേശീയ ബദൽ ആകാൻ കോൺഗ്രസിന് കഴിയുമോ?