രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സിബിസിഐ സുപ്രീം കോടതിയില്‍
- Published by:Sarika N
- news18-malayalam
Last Updated:
പുതിയ നിയമം ഭരണാധികാരികള്‍ക്ക് അമിതവും ഏകപക്ഷീയവുമായ അധികാരങ്ങള്‍ നല്‍കുന്നതായി ഹര്‍ജിയില്‍ സിബിസിഐ ആരോപിച്ചു
രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സുപ്രീം കോടതിയെ സമീപിച്ചു. രാജസ്ഥാന്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം 2025ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സിബിസിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബര്‍ എട്ടിനാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. തുടര്‍ന്ന് വിഷയത്തില്‍ ഹര്‍ജി പരിഗണിച്ച ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. മറ്റ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളോടൊപ്പം സിബിസിഐയെ കക്ഷി ചേർത്തു.
രാജസ്ഥാനിലെ പുതിയ നിയമം ഭരണാധികാരികള്‍ക്ക് അമിതവും ഏകപക്ഷീയവുമായ അധികാരങ്ങള്‍ നല്‍കുന്നതായി ഹര്‍ജിയില്‍ സിബിസിഐ ആരോപിച്ചു. നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ സൗകര്യമൊരുക്കിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്വത്ത് കണ്ടുകെട്ടാനും സ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതെല്ലാം കോടതി ഇടപെടല്‍ ഇല്ലാതെ തന്നെ നടത്താനും നിയമത്തില്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകള്‍ കൃത്യമായ നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശതത്വങ്ങള്‍ പാലിക്കുന്നില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും സിബിസിഐ ഹര്‍ജിയില്‍ ആരോപിക്കുന്നു.
നിയമത്തിന്റെ ഭാഷയെയും സിബിസിഐ ചോദ്യം ചെയ്തിട്ടുണ്ട്. ''പ്രലോഭിപ്പിക്കുക,'' ''തെറ്റായ വിവരങ്ങള്‍'', അല്ലെങ്കില്‍ ''മറ്റേതെങ്കിലും വഞ്ചനാപരമായ രീതികള്‍'' എന്നിവയിലൂടെ നേടുന്ന മതപരിവര്‍ത്തനത്തെ ഈ നിയമം നിരോധിക്കുന്നു. ഈ പദങ്ങള്‍ വളരെയധികം അവ്യക്തമായതിനാല്‍ സ്വമേധയായുള്ള മതപരമായ തീരുമാനങ്ങളെയോ സമാധാനപരമായ മത ആവിഷ്‌കാരത്തെയോ ലക്ഷ്യം വയ്ക്കാന്‍ ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായ സാധാരണ പിന്തുടരുന്ന പ്രവര്‍ത്തികള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, അല്ലെങ്കില്‍ സുവിശേഷ ജോലി എന്നിവ ബലപ്രയോഗമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇത് മുന്നറിയിപ്പ് നല്‍കുന്നു.
advertisement
മതപരിവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്ന വ്യക്തികളും മതനേതാക്കളും ജില്ലാ അധികാരികള്‍ക്ക് മുന്‍കൂറായി സാക്ഷ്യപ്പെടുത്തണമെന്ന് നിയമം ആവശ്യപ്പെടുന്നു. അതില്‍ പരാജയപ്പെട്ടാല്‍ കനത്ത പിഴയും തടവും ലഭിക്കും. സ്വകാര്യതയെയും സ്വന്തം അധികാരത്തെയും ലംഘിക്കുന്ന തരത്തില്‍ ആഴത്തില്‍ വ്യക്തിപരമായ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് വെളിപ്പെടുത്താന്‍ ഇത് ആളുകളെ നിര്‍ബന്ധിക്കുന്നതായും സിബിസിഐ വാദിക്കുന്നു.
നിര്‍ബന്ധിത മതപരിവർത്തനത്തെ പ്രതിരോധിക്കുന്നതിനായാണ് മതപരിവര്‍ത്തന നിയമങ്ങള്‍ നടപ്പാക്കുന്നതെന്നാണ് പലപ്പോഴും സര്‍ക്കാരുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് നിയമാനുസൃതമായ മതപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ചോദ്യം ചെയ്ത് രാജ്യമെമ്പാടുമുള്ള വിവിധ സംഘടനകൾ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിബിസിഐയും ഇവരോടൊപ്പം കക്ഷി ചേര്‍ന്നിട്ടുണ്ട്. രാജസ്ഥാനിലെ നിയമം തുല്യത, ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സ്വത്തവകാശം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
December 11, 2025 8:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സിബിസിഐ സുപ്രീം കോടതിയില്‍








