ഡി.കെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്; ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നടപടിയെന്ന് കോൺഗ്രസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തിങ്കളാഴ്ച പുലർച്ചെയോടെയാണ് സിബിഐ സംഘം ശിവകുമാറിന്റെ വീട്ടിലെത്തിയത്. ശിവകുമാറിന്റെ സഹോദരനും ബെംഗളുരു റൂറൽ എം.പിയുമായ ഡി കെ സുരേഷിന്റെ വീട്ടിലും സി.ബി.ഐ സംഘം പരിശോധന നടത്തുന്നുണ്ട്.
ബെംഗളൂരു: കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു. 15 ഇടങ്ങളിലാണ് സി.ബി.ഐയുടെ പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തിരുന്നു. അതേസമയം റെയ്ഡ്, ഉപതിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനെ വഴിതെറ്റിക്കാനുള്ള ശ്രമമെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെയോടെയാണ് സിബിഐ സംഘം ശിവകുമാറിന്റെ വീട്ടിലെത്തിയത്. ശിവകുമാറിന്റെ സഹോദരനും ബെംഗളുരു റൂറൽ എം.പിയുമായ ഡി കെ സുരേഷിന്റെ വീട്ടിലും സി.ബി.ഐ സംഘം പരിശോധന നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നടപടിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് റെയ്ഡ്.
പ്രോസിക്യൂഷൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച ശിവകുമാർ ഏതാനും മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്.
advertisement
സി.ബി.ഐ റെയ്ഡിനെച്ചൊല്ല കോൺഗ്രസ്- ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്പോരും ആരംഭിച്ചിട്ടുണ്ട്. രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവകുമാറിനെ തകർക്കാൻ ബി.ജെ.പി സി.ബി.ഐയെ ഉപയോഗിക്കുന്നെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളിലും പരാജയപ്പെടുമെന്ന് ബി.ജെ.പിക്ക് അറിയാമെന്നും ഈ പരിഭ്രാന്തിയിലാണ് സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് സലിം അഹമ്മദ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2020 11:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡി.കെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്; ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നടപടിയെന്ന് കോൺഗ്രസ്