ശരീരഭാരം കുറയാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച 19-കാരി മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
വെങ്ങാരം ശ്വാസകോശത്തിൽ എത്തിയാൽ കെമിക്കൽ ന്യൂമോണിയ ഉണ്ടാകാനും അതുവഴി ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാനും സാധ്യതയുണ്ട്
യൂട്യൂബ് വീഡിയോ കണ്ട് ശരീരഭാരം കുറയ്ക്കാൻ നടത്തിയ അപകടകരമായ പരീക്ഷണം പത്തൊൻപതുകാരിയുടെ ജീവനെടുത്തു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. മധുര മീനമ്പൽപുരം സ്വദേശിനിയും കോളേജ് വിദ്യാർത്ഥിനിയുമായ കലയരസിയാണ് മരിച്ചത്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് യൂട്യൂബ് വീഡിയോയിൽ കണ്ടതനുസരിച്ച് നാട്ടിലെ മരുന്നുകടയിൽ നിന്നും 'വെങ്ങാരം' (ബോറാക്സ്) വാങ്ങി കഴിക്കുകയായിരുന്നു. ജനുവരി 16-ന് മരുന്ന് കഴിച്ച പെൺകുട്ടിക്ക് പിറ്റേന്ന് രാവിലെ മുതൽ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പിതാവ് വേൽമുരുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയമായ അറിവില്ലാതെ സോഷ്യൽ മീഡിയയിലെ വിവരങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നതിനെതിരെ ആരോഗ്യവിദഗ്ധരും പൊലീസും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
എന്താണ് വെങ്ങാരം (Borax)?
സോഡിയം ബോറേറ്റ്, സോഡിയം ടെട്രാബോറേറ്റ് എന്നിങ്ങനെയും അറിയപ്പെടുന്ന വെങ്ങാരം വെളുത്ത നിറത്തിലുള്ള ഒരു ധാതുവാണ്. പതിറ്റാണ്ടുകളായി ക്ലീനിംഗ് ഉൽപ്പന്നങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വീട്ടുപകരണങ്ങൾ വൃത്തിയാക്കാനും, ഡിറ്റർജന്റുകളിലും, കീടനാശിനിയായും ഇത് ഉപയോഗിക്കുന്നു. കൂടാതെ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന 'സ്ലൈം' (Slime) നിർമ്മിക്കാനും വെങ്ങാരം ഉപയോഗിക്കാറുണ്ട്.
ആരോഗ്യത്തിന് എത്രത്തോളം അപകടകരം?
ബംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ. ബസവരാജ് എസ്. കുമ്പാർ വെങ്ങാരത്തിന്റെ അപകടങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
"ഡിറ്റർജന്റുകളിലും കീടനാശിനികളിലും വ്യാവസായിക മേഖലകളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണിത്. ഇത് ശരീരത്തിനുള്ളിലെ അമ്ലാവസ്ഥയെ (Acid) ക്ഷാരാവസ്ഥയിലേക്ക് (Alkaline) മാറ്റുന്നു. അബദ്ധവശാൽ ഇത് ഉള്ളിൽ ചെന്നാൽ, കഴിച്ച അളവിനനുസരിച്ച് 6-7 മണിക്കൂറിനുള്ളിൽ വിഷാംശം ശരീരത്തെ ബാധിച്ചു തുടങ്ങും."
advertisement
ശരീരത്തെ ബാധിക്കുന്ന രീതി:
വെങ്ങാരം കോശങ്ങളുടെ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുകയും കോശമരണത്തിന് കാരണമാവുകയും ചെയ്യുന്നു. എത്രയും വേഗം ചികിത്സ ലഭ്യമാക്കുക എന്നതാണ് രക്ഷപ്പെടാനുള്ള ഏക വഴി. ഇത് ശ്വസിക്കുകയോ, ആഹാരത്തിലൂടെ ഉള്ളിൽ പോവുകയോ, ചർമ്മത്തിൽ പുരട്ടുകയോ ചെയ്യുന്നത് അപകടകരമാണ്. ഇത് പ്രധാനമായും ആമാശയം, കുടൽ, വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയെ നേരിട്ട് ബാധിക്കുന്നു.
വെങ്ങാരം ശ്വാസകോശത്തിൽ എത്തിയാൽ കെമിക്കൽ ന്യൂമോണിയ ഉണ്ടാകാനും അതുവഴി ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാനും സാധ്യതയുണ്ട്. ദഹനവ്യവസ്ഥയിലൂടെ രക്തത്തിൽ കലരുന്ന വെങ്ങാരം വൃക്കകളെയും ബാധിക്കും. ഒടുവിൽ ഹൃദയസ്തംഭനത്തിനും (Cardiac arrest) കാരണമാകുന്നു.
advertisement
വെങ്ങാരം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
ഭുവനേശ്വർ മണിപ്പാൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സംബിത് കുമാർ ഭൂയാൻ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
"വെങ്ങാരം എന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു വഴിയോ, വിഷാംശം പുറന്തള്ളാനുള്ള (Detox) മാർഗ്ഗമോ അല്ലെങ്കിൽ ഒരു നിരുപദ്രവകരമായ വീട്ടുവൈദ്യമോ അല്ല. ഇതൊരു വിഷാംശമുള്ള വ്യാവസായിക രാസവസ്തുവാണ്. ഇത് ഉള്ളിൽ ചെന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ഇതിന് സാധിക്കും."
"മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമായ അളവിൽ വെങ്ങാരം ലഭ്യമല്ല. വെങ്ങാരം ഉപയോഗിച്ചാൽ ശരീരഭാരം കുറയുമെന്നതിന് യാതൊരുവിധ ശാസ്ത്രീയ തെളിവുമില്ല. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ വീഡിയോകൾ പലപ്പോഴും തെറ്റായ വിവരങ്ങളോ പകുതി സത്യങ്ങളോ അല്ലെങ്കിൽ പൂർണ്ണമായ നുണകളോ ആണ് പ്രചരിപ്പിക്കുന്നത്. "
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Jan 21, 2026 2:35 PM IST









