കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; സംഭവം ആദായ നികുതി റെയ്ഡിനിടെ
- Published by:Rajesh V
- news18-malayalam
Last Updated:
ആദായ നികുതി റെയ്ഡിനിടെ കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ സി ജെ റോയ് (57)ജീവനൊടുക്കി. വെള്ളിയാഴ്ച ഉച്ചയോടെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ആദായ നികുതി റെയ്ഡിനിടെയാണ് സംഭവം. കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് റോയ് വെടിയുതിർക്കുകയായിരുന്നു. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ചാണ് റോയി നെഞ്ചിലേക്ക് വെടിയുതിർത്തതെന്നാണ് വിവരം.ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് അദ്ദേഹം. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളാണ് സി ജെ റോയ്. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സി ജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.
advertisement
ആഡംബര കാറുകളിൽ റോയിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നു. ദുബായിലും ഇന്ത്യയിലും നിരവധി വിലകൂടിയ ആഡംബര, സ്‌പോർട്‌സ് കാറുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. റോൾസ് റോയ്‌സ്, ലംബോർഗിനി, ബുഗാട്ടി തുടങ്ങിയ കാറുകൾ അദ്ദേഹത്തിന്റെ ഗാരേജിൽ ഉണ്ടായിരുന്നു,
ഏതാണ്ട് 165 പ്രോജക്ടുകളാണ് റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കിയിട്ടുള്ളത്. 15,000-ത്തിലധികം ഉപഭോക്താക്കളുണ്ട്. സംരംഭകത്വത്തിന് പുറമേ, വിനോദം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഗൾഫ്, റീട്ടെയിൽ, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിലേക്കും ഡോ. റോയ് തന്റെ ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട്.
മലയാളത്തിലും കന്നഡയിലുമായി 11 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 'മരക്കാർ അറബിക്കടലിന്റെ സിംഹം ', കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഐഡന്റിറ്റി' എന്നീ ചിത്രങ്ങളുടെ നിർമാതാവാണ്. 2006-ൽ, ജനപ്രിയ ടിവി ഷോയായ 'ഐഡിയ സ്റ്റാർ സിംഗർ' കോൺഫിഡന്റ് ഗ്രൂപ്പാണ് സ്പോൺസർ ചെയ്തിരുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
Jan 30, 2026 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; സംഭവം ആദായ നികുതി റെയ്ഡിനിടെ







