വിയറ്റ്നാം മുതൽ സൗദി വരെ; ഓപ്പറേഷൻ സിന്ദൂറിനുശേഷം ബ്രഹ്മോസ് വാങ്ങാൻ തിരക്കുപിടിക്കുന്ന രാജ്യങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
പാകിസ്ഥാന്റെ പേടിസ്വപ്നമായി മാറിയ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ലോക രാജ്യങ്ങൾ തിരക്കുക്കൂട്ടുന്നുവെന്നാണ് റിപ്പോർട്ട്
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ താരമായി ബ്രഹ്മോസ് മിസൈൽ. പാകിസ്ഥാനെ വിറപ്പിക്കാൻ ബ്രഹ്മോസ് ക്രൂയിസ് മിസൈലിന് സാധിച്ചിരുന്നു. ഒരു യുദ്ധത്തിൽ ആദ്യമായാണ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അത്തരമൊരു സ്ഥിരീകരണം വന്നിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ പേടിസ്വപ്നമായി മാറിയ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ലോക രാജ്യങ്ങൾ തിരക്കുക്കൂട്ടുന്നുവെന്നാണ് റിപ്പോർട്ട്.
ഫിലിപ്പീൻസ്
ഇന്ത്യ മുമ്പ് ഫിലിപ്പീൻസുമായി ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾക്കായി ഒരു കരാറിൽ ഒപ്പുവച്ചു. ഇന്ത്യയുടെ ആദ്യത്തെ പ്രധാന പ്രതിരോധ കയറ്റുമതിക്കുള്ള സുപ്രധാന കരാർ 2022 ജനുവരിയിലാണ് ഒപ്പുവച്ചത്. ഏകദേശം 375 മില്യൺ ഡോളറിന്റെ കരാറാണിതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. കരാർ പ്രകാരം, ഇന്ത്യ ഫിലിപ്പീൻസിന് മൂന്ന് മിസൈലുകളാണ് നൽകേണ്ടത്. ആദ്യത്തേത് 2024 ഏപ്രിലിൽ വിതരണം ചെയ്തു. രണ്ടാമത്തേത് 2025 ഏപ്രിലിൽ കൈമാറി.
ഇന്തോനേഷ്യ
ഈ വർഷം ആദ്യം ബ്രഹ്മോസ് മിസൈൽ ഇന്തോനേഷ്യയ്ക്ക് വിൽക്കാനുള്ള ചർച്ചകൾ നടന്നിരുന്നു. ഏകദേശം 450 മില്യൺ ഡോളറിന്റെ കരാറാണിത്. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം, ക്രൂയിസ് മിസൈലിന്റെ ഒരു നൂതന പതിപ്പാണ് ഇന്തോനേഷ്യ ആഗ്രഹിക്കുന്നത്.
advertisement
വിയറ്റ്നാം, മലേഷ്യ, മറ്റു രാജ്യങ്ങൾ
വിയറ്റ്നാം സൈന്യവും നാവികസേനയും ബ്രഹ്മോസ് മിസൈലുകൾക്കായി രംഗത്തുണ്ട്. ഇന്ത്യയുമായുള്ള കരാർ 700 മില്യൺ ഡോളറിന്റേതാണെന്നാണ് വിവരം. സുഖോയ് Su-30 എംകെഎം യുദ്ധവിമാനങ്ങൾക്കും കെഡ ക്ലാസ് യുദ്ധക്കപ്പലുകൾക്കും ബ്രഹ്മോസ് മിസൈലുകൾക്കുമായാണ് മലേഷ്യ കണ്ണുവയ്ക്കുന്നു.
തായ്‌ലൻഡ്, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളും ബ്രഹ്മോസ് മിസൈലിൽ താത്പര്യം പ്രകടിപ്പിച്ചു.
വിദഗ്ധർ പറയുന്നത്?
ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ വർധിച്ചുവരുന്ന സൈനിക നിലപാട് മുൻനിർത്തിയാണ് മേഖലയിലെ പല രാജ്യങ്ങളും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ശ്രമിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ബ്രിട്ടനിലെ അബെറിസ്റ്റ്വിത്ത് സർവകലാശാലയിലെ അന്താരാഷ്ട്ര ബന്ധങ്ങളിലും ഇന്തോനേഷ്യൻ രാഷ്ട്രീയത്തിലും വിദഗ്ധനായ അഹമ്മദ് റിസ്‌കി ഉമർ പറഞ്ഞു. ഫിലിപ്പീൻസ് അങ്ങനെ ചെയ്യുന്നത് യുക്തിസഹമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
“ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്ക്കും സമാനമായ താൽപ്പര്യമുണ്ടെന്ന് ഞാൻ കരുതുന്നു, കാരണം ഫിലിപ്പീൻസിനെപ്പോലെ ഇന്തോനേഷ്യയും (മറ്റ് രാജ്യങ്ങളുമായി) സമുദ്രാതിർത്തി പങ്കിടുന്നു, അതിനാൽ ദക്ഷിണ ചൈനാ കടലിൽ മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലും ഏത് ഭീഷണികൾക്കും അവർ ഇരയാകും,” ഉമർ പറഞ്ഞു. “ഇന്തോനേഷ്യ ഭാവിയിൽ അതിന്റെ സമുദ്ര പ്രദേശിക സമഗ്രതയെ ദുർബലപ്പെടുത്തുന്ന ഏതൊരു സംഘർഷവും പ്രതീക്ഷിക്കുന്നുണ്ട്.”
സെമർ സെന്റിനൽ ഇന്തോനേഷ്യ എന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഗവേഷണ കോർഡിനേറ്ററും മാനേജരുമായ അനസ്താസിയ ഫെബിയോള, അത്തരമൊരു കരാർ ഇന്തോനേഷ്യയ്ക്ക് വളരെ പ്രധാനമായിരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഏതൊരു നാവികസേനയ്ക്കും ബ്രഹ്മോസ് ഒരു "ഗെയിം ചേഞ്ചർ" ആയിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
advertisement
മിസൈലിനെക്കുറിച്ച്
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ത്യയുടെ മിസൈൽ ആയുധശേഖരത്തിന്റെ മൂലക്കല്ലാണ്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസാണ് ബ്രഹ്മോസ് മിസൈൽ നിർമിക്കുന്നത്. അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ, കര എന്നിവിടങ്ങളിൽ നിന്ന് ഇത് വിക്ഷേപിക്കാൻ കഴിയും.
ബ്രഹ്മോസ് മിസൈലിന് ഏകദേശം 300 കിലോമീറ്റർ ദൂരപരിധിയുണ്ട്. 200 മുതൽ 300 കിലോഗ്രാം വരെ ഭാരമുള്ള ഒരു വാർഹെഡ് വഹിക്കാനും കഴിയും. ഇത് 2.8 മാക് വേഗതയിൽ പറക്കുന്നു. അതായത് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ. മിസൈലിന്റെ ഏകദേശം 83 ശതമാനം ഘടകങ്ങളും ഇപ്പോൾ തദ്ദേശീയമാണ്.
advertisement
ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, മിസൈലിൽ സ്റ്റെൽത്ത് സാങ്കേതികവിദ്യയും നൂതന മാർഗ്ഗനിർദ്ദേശ സംവിധാനവും ഉണ്ട്. പറക്കലിലുടനീളം ഇത് സൂപ്പർസോണിക് വേഗത നിലനിർത്തുന്നു . അതുവഴി പ്രതിരോധ സംവിധാനങ്ങൾ തടയാനുള്ള സാധ്യത കുറയ്ക്കുന്നു.
ഇതിന് 15 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കാനും പിന്നീട് ലക്ഷ്യത്തിലെത്തുമ്പോൾ 10 മീറ്റർ വരെ താഴേക്ക് വരാനും കഴിയും. ഉയർന്ന കൃത്യതയ്ക്കും ഇത് പേരുകേട്ടതാണ്. എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം, അടുത്ത തലമുറ ബ്രഹ്മോസ് വേരിയന്റിന്റെ ഭാരം 2,900 കിലോഗ്രാമിൽ നിന്ന് 1,290 കിലോഗ്രാമായി കുറയും. സുഖോയ് പോലുള്ള യുദ്ധവിമാനങ്ങളിൽ ഒരു ബ്രഹ്മോസ് മിസൈലിന് പകരം മൂന്ന് ബ്രഹ്മോസ് മിസൈലുകൾ വഹിക്കാൻ ഇതോടെ സാധിക്കും. ടൈംസ് നൗവിന്റെ റിപ്പോർട്ട് പ്രകാരം, മിസൈലിന്റെ പുതിയ പതിപ്പിന് ഏകദേശം 400 കിലോമീറ്റർ ദൂരപരിധി ഉണ്ടായിരിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 16, 2025 8:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിയറ്റ്നാം മുതൽ സൗദി വരെ; ഓപ്പറേഷൻ സിന്ദൂറിനുശേഷം ബ്രഹ്മോസ് വാങ്ങാൻ തിരക്കുപിടിക്കുന്ന രാജ്യങ്ങൾ