ജേണലിസം സർവകലാശാലയിൽ ഗോശാല വേണം; ഉപവാസവുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടന
- Published by:Rajesh V
- news18-malayalam
Last Updated:
ഭോപ്പാലിലെ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ഗോശാല നിർമിക്കണമെന്നാവശ്യപ്പെട്ട് എൻ എസ് യു ഐ ഏകദിന ഉപവാസം നടത്തി
ഭോപ്പാലിലെ സർക്കാർ ഉടമസ്ഥതയിലുള്ള മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ കാമ്പസിനുള്ളിൽ ഗോശാല നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ (NSUI) ഏകദിന ഉപവാസം നടത്തി. സംസ്ഥാന സെക്രട്ടറി അമൻ പഠാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
2017ൽ ഗോശാല നിർമാണത്തിനായി സർവകലാശാലയിൽ സ്ഥലം അനുവദിച്ചിരുന്നുവെന്നും എന്നാൽ വർഷങ്ങളായി ഈ ഭൂമി വെറുതെ കിടക്കുകയാണെന്നും അമൻ പഠാൻ പറഞ്ഞു. ഗോശാല നിർമിക്കാൻ കഴിയില്ലെങ്കിൽ അവിടെ ഒരു സ്പോർട്സ് കോംപ്ലക്സ് പണിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്തുണയും ഈ പ്രതിഷേധത്തിനുണ്ടായിരുന്നു.
ഭോപ്പാൽ നോർത്ത് എംഎൽഎ ആതിഫ് ആഖീൽ വീഡിയോ കോളിലൂടെ വിദ്യാർത്ഥികളുമായി സംസാരിക്കുകയും ഗോശാല നിർമിച്ചാൽ ഒരു പശുവിനെ താൻ സംഭാവന ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. മുൻ മന്ത്രി പി സി ശർമയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു.
advertisement
അച്ചടക്ക നടപടി
അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് അമൻ പഠാന് സർവകലാശാല അധികൃതർ നോട്ടീസ് അയച്ചു. വിശദീകരണം നൽകണമെന്നാണ് ജേണലിസം വിഭാഗം മേധാവി ഡോ. രാഖി തിവാരി ആവശ്യപ്പെട്ടത്. ഉപവാസത്തിനിടെ ആരോഗ്യനില വഷളായ അമൻ പഠാനെ സർവകലാശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
സാധാരണയായി ബിജെപിയും പോഷക സംഘടനകളും ഉന്നയിക്കാറുള്ള ഗോശാല എന്ന ആവശ്യം കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന ഏറ്റെടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്. എന്നാൽ ഇത് രാഷ്ട്രീയ ലക്ഷ്യമല്ലെന്നും മാനുഷികമായ ആവശ്യമാണെന്നുമാണ് എൻ എസ് യു ഐയുടെ നിലപാട്. സർവകലാശാല രജിസ്ട്രാർ ഡോ. പി ശശികല വിദ്യാർത്ഥികളുമായി സംസാരിക്കുകയും പ്രശ്നത്തിൽ അനുകൂലമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
advertisement
Summary: The NSUI, the student wing of the Congress party, organized a day-long fast at the Makhanlal Chaturvedi National University of Journalism and Communication in Bhopal, demanding the construction of a cow shelter on campus. Led by student leader Aman Pathan, the group claimed that land allotted in 2017 for this purpose remains vacant.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bhopal,Bhopal,Madhya Pradesh
First Published :
Feb 17, 2026 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജേണലിസം സർവകലാശാലയിൽ ഗോശാല വേണം; ഉപവാസവുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടന







