ഇടതുപക്ഷം ജയിച്ചത് രണ്ട് സീറ്റിൽ മാത്രം
Last Updated:
ജയ്പുർ: ഏവരും ഉറ്റുനോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇടതുപക്ഷം വിജയിച്ചത് രണ്ട് സീറ്റുകളിൽ മാത്രം. തെരഞ്ഞെടുപ്പ് നടന്ന 579 സീറ്റുകളിൽനിന്നാണ് ഇടതുപക്ഷത്തിന്‍റെ ജയം രണ്ടു സീറ്റുകളിൽ മാത്രമായി ഒതുങ്ങിയത്. രാജസ്ഥാനിൽ സിപിഎം രണ്ട് സീറ്റുകൾ നേടിയതാണ് ഇടതുപക്ഷത്തിന് ആശ്വസിക്കാനുള്ളത്. ഇടതുപക്ഷ സാനിധ്യമുള്ള ഛത്തീസ്ഗഢിലും തെലങ്കാനയിലും സംപൂജ്യരായാണ് മടങ്ങുന്നത്. തെലങ്കാനയിൽ കോൺഗ്രസിനൊപ്പം മഹാകൂടമി സഖ്യത്തിൽ മത്സരിച്ച സിപിഐയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. പ്രതിപക്ഷത്തിനൊപ്പം ചേരാതെ ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിനും തെലങ്കാനയിൽ നിരാശപ്പെടേണ്ടിവന്നു.
ഹിന്ദി മേഖലയിൽ സാനിധ്യമറിയിച്ച് സിപിഎം
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളാണ് സിപിഎം നേടിയത്. വൻ ഭൂരിപക്ഷത്തോടെയാണ് സിപിഎം രണ്ട് സീറ്റുകൾ നേടിയത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ദുംഗർഗഡ്, ഭദ്ര മണ്ഡലങ്ങളാണ് സിപിഎം വിജയിച്ചത്. ദുംഗർഗഡിൽ ഗിർധാരി ലാൽ മാഹിയ 23888 വോട്ടുകൾക്കും ഭദ്രയിൽ ബൽവാൻ പൂനിയ 20743 വോട്ടുകൾക്കുമാണ് ജയിച്ചത്. അതേസമയം സിപിഎം പ്രതീക്ഷ വെച്ചിരുന്ന ധോദ് മണ്ഡലത്തിൽ പേമാറാം രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥാനിലെ വിജയത്തോടെ ഹിന്ദിമേഖലയിൽ സാനിധ്യമറിയിക്കാൻ സിപിഎമ്മിന് സാധിച്ചു.
advertisement
സംപൂജ്യരായി സിപിഐ
സിപിഎമ്മിനെ അപേക്ഷിച്ച് സിപിഐയ്ക്ക് പരമ്പരാഗതമായി സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് ഛത്തീസ്ഗഢും തെലങ്കാനയും. എന്നാൽ തെരഞ്ഞെടുപ്പ് ഫലം സിപിഐയെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്നതായി. അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല, വൻ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നു. തെലങ്കാനയിൽ 16 സീറ്റിലും ഛത്തീസ്ഗഢിൽ അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഢ് സഖ്യത്തിൽ അഞ്ച് സീറ്റിലും രാജസ്ഥാനിൽ 18 സീറ്റിലും മധ്യപ്രദേശിൽ 20 സീറ്റിലുമാണ് സിപിഐ മത്സരിച്ചത്.
സിപിഎം സാനിധ്യം എട്ട് നിയമസഭകളിൽ
രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ ജയിച്ചതോടെ സിപിഎമ്മിന് എട്ട് നിമയസഭകളിൽ സാനിധ്യമായി. രാജസ്ഥാന് പുറമെ കേരളം, ബംഗാൾ, ത്രിപുര, ഹിമാചൽപ്രദേശ് , മഹാരാഷ്ട്ര, ഒഡിഷ എന്നീ നിയമസഭകളിൽ സിപിഎമ്മിന് പ്രാതിനിധ്യമുണ്ട്. പിരിച്ചുവിടപ്പെട്ട ജമ്മു കശ്മീർ നിയമസഭയിലെ ഒരു അംഗത്തെ കൂടി കണക്കിലെടുക്കുമ്പോഴാണ് സിപിഎമ്മിന് എട്ട് നിയമസഭകളിൽ പ്രാതിനിധ്യമാകുന്നത്. കേരളം- 62, ബംഗാൾ- 26, ത്രിപുര-16, രാജസ്ഥാൻ- രണ്ട്, ഹിമാചൽപ്രദേശ്- 1, മഹാരാഷ്ട്ര-1, ഒഡീഷ- 1 എന്നിങ്ങനെയാണ് സിപിഎം എംഎൽഎമാരുടെ എണ്ണം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2018 3:35 PM IST


