ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ ബിജെപി, ആർഎസ്എസ് നയങ്ങളിലെ വ്യത്യാസമെന്ത്?
- Published by:Vishnupriya S
- news18-malayalam
Last Updated:
കഴിഞ്ഞ പത്തു മാസത്തോളമായി ബിജെപിയും ആർഎസ്എസും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുമായി കൂടുതൽ ചർച്ചകളും ഇടപഴലുകളും നടത്തി വരികയാണ്
മധുപർണ ദാസ്
കഴിഞ്ഞ പത്തു മാസത്തോളമായി ബിജെപിയും ആർഎസ്എസും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുമായി കൂടുതൽ ചർച്ചകളും ഇടപഴലുകളും നടത്തി വരികയാണ്. ന്യൂനപക്ഷങ്ങളോട് ബിജഎപിയും ആർഎസ്എസും സ്വീകരിക്കുന്ന സമീപനങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇരു കൂട്ടരുടെയും പ്രവർത്തനങ്ങൾ സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ”വ്യത്യസ്ത വഴിയിലൂടെയുള്ള ഒരു ദേശീയ സമീപനം” എന്നാണ് മുതിർന്ന ചില ആർഎസ്‌എസ് പ്രവർത്തകർ ഇതിനെ വിളിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളും പൊതു വിശ്വാസങ്ങളും നന്നായി പഠിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ബിജെപിയും പറയുന്നു.
advertisement
എല്ലാ ഇന്ത്യക്കാർക്കും ഒരേ ഡിഎൻഎ ആണുള്ളതെന്നും സാംസ്കാരികമായി നോക്കുമ്പോൾ എല്ലാവരും ഹിന്ദുക്കളാണെന്നും കഴിഞ്ഞ നവംബറിൽ ഛത്തീസ്ഗഡിലെ അംബികാപൂരിൽ നടന്ന ഒരു പരിപാടിയിൽ പ്രസംഗിച്ചുകൊണ്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു. മോഹൻ ഭഗവതും മറ്റ് മുതിർന്ന ഭാരവാഹികളും മുസ്ലീം നേതാക്കളുമായി ചർച്ചകളും നടത്തിയിരുന്നു. ഉത്തർപ്രദേശിലെ പാസ്മണ്ട മുസ്ലീങ്ങൾ ( Pasmanda Muslims), കേരളത്തിലെ സീറോ മലബാർ ക്രിസ്ത്യൻ സമൂഹം തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പി തങ്ങളുടെ സ്വാധീനം ശക്തമാക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.
advertisement
”ഇവരെല്ലാവരോടും ആർഎസ്എസ് എപ്പോഴും സംസാരിക്കുകയും ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആളുകൾക്ക് ഇത്തരം കാര്യങ്ങൾ അറിയാനും മനസിലാക്കാനുമുള്ള താത്പര്യം വർദ്ധിച്ചതിനാലാകാം ഇപ്പോൾ ഞങ്ങളുടെ അത്തരം പ്രവർത്തനങ്ങൾ കൂടുതൽ ജനശ്രദ്ധ നേടുന്നത്. രാജ്യക്ഷേമവും രാഷ്ട്രനിർമാണവും ലക്ഷ്യം വച്ചുള്ളതാണ് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും സമീപനം. അതിലേക്കടുക്കുന്ന രീതി അൽപം വ്യത്യസ്തമായിരിക്കാം”, ആർഎസ്എസ് പ്രജ്ഞാപ്രവാഹ് മേധാവിയും കേന്ദ്രകമ്മിറ്റി അംഗവുമായ ജെ നന്ദകുമാർ ന്യൂസ് 18-നോട് പറഞ്ഞു.
advertisement
കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാനപ്പെട്ട ഘട്ടം ആരംഭിക്കുന്നതിന് പത്തു ദിവസങ്ങൾക്കു മുൻപ്, രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയിരുന്നു. അന്ന് അദ്ദേഹം സീറോ മലബാർ കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് എന്നിവർ ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ഉന്നത ആത്മീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തോമാശ്ലീഹായോടും ആ പാരമ്പര്യത്തിൽ വിശ്വസിക്കുന്ന സീറോ മലബാർ ക്രിസ്ത്യൻ സമൂഹത്തോടും ആർഎസ്എസിന്റെ സമീപനം മറ്റൊന്നാണെങ്കിലും കേരളത്തിലെ സീറോ മലബാർ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി ചർച്ച നടത്തി എന്നത് ശ്രദ്ധേയമാണ്.
advertisement
തോമാശ്ലീഹാ കേരളം സന്ദർശിച്ചിട്ടില്ലെന്നും, ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ സെന്റ് തോമസും അദ്ദേഹത്തിന്റെ ജീവിതത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആർ.എസ്.എസ് നേതാക്കൾ പറയുന്നത്. അതേസമയം തന്നെ, കേരള സമൂഹത്തിൽ ബിജെപി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന കാര്യം ആർഎസ്എസ് ഭാരവാഹികൾ സമ്മതിക്കുന്നു. ഉത്തർപ്രദേശിലെ പാസ്മണ്ട മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും ആർഎസ്എസിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
advertisement
”ഞങ്ങളുടെ ജനസമ്പർക്ക പരിപാടികൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. എന്നാൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉയർന്നുവരുകയും ഏതെങ്കിലും സമുദായങ്ങളോ ഗ്രൂപ്പുകളോ എതിർശബ്ദം ഉയർത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ പ്രതികരിക്കും. ഉത്തർപ്രദേശിലെ പാസ്മണ്ട മുസ്‌ലിംകളിലേക്കും കേരളത്തിലെ സീറോ മലബാർ ക്രിസ്ത്യൻ സമൂഹത്തിലേക്കുമുള്ള ബിജെപിയുടെ വ്യാപനം ഇവിടങ്ങളിൽ നിലവിലുള്ള പ്രാദേശിക-രാഷ്ട്രീയ സാഹചര്യങ്ങളെ കണക്കിലെടുത്തു കൊണ്ടാണ്,” ഒരു മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ ന്യൂസ് 18 നോട് പറഞ്ഞു. ”പാർശ്വവത്കരിക്കപ്പെട്ട വിഭാഗമാണ് പാസ്മണ്ട മുസ്ലീങ്ങൾ.
advertisement
കേരളത്തിലെ സീറോ-മലബാർ ക്രിസ്ത്യൻ സമൂഹവും സംസ്ഥാനത്തെ ചില മൗലിക ശക്തികളിൽ നിന്ന് ഭീഷണി നേരിടുകയാണ്. ബിജെപി അവരെ സമീപിച്ചു, പ്രധാനമന്ത്രി മോദി ഈ സമുദായ നേതാക്കളുമായി സംസാരിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. പാസ്മണ്ട സമുദായത്തിന്റെ ഉന്നമനത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. പാസ്മണ്ട സമുദായത്തിൽപ്പെട്ട താരിഖ് മൻസൂറിനെ ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ബിജെപി അടുത്തിടെ നാമനിർദേശം ചെയ്തിരുന്നു. നാമനിർദേശത്തെ തുടർന്ന് അലിഗഡ് മുസ്ലീം സർവകലാശാല വൈസ് ചാൻസലർ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് സാമവേദയുടെ ആദ്യ ഉറുദു വിവർത്തനം പുറത്തിറക്കിയതും അടുത്തിടെയാണ്: ‘മൻസിൽ ഏക്, റസ്തേ അനേക്'(മാർഗങ്ങൾ വ്യത്യസ്തമാണെങ്കിലും എല്ലാ ഇന്ത്യക്കാരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്), എന്നാണ് അദ്ദേഹം പറഞ്ഞത്.”ഞങ്ങൾ എല്ലാവരോടും തുറന്ന മനോഭാവമാണ് സ്വീകരിക്കുന്നത്. എല്ലാവരോടും നന്നായി പെരുമാറുകയും ചെയ്യുന്നു. ഞങ്ങൾ എല്ലാവരും സാംസ്കാരികപരമായും ബന്ധപ്പെട്ടിരിക്കുന്നു”, ആർഎസ്എസിന്റെ അഖില ഭാരതീയ പ്രചാർ പ്രമുഖ് (ദേശീയ വക്താവ്) സുനിൽ അംബേക്കർ ന്യൂസ് 18 നോട് പറഞ്ഞു.
സാമൂഹിക, രാഷ്ട്രീയ മാനങ്ങൾ
”മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടുമുള്ള ബിജെപിയുടെ സമീപനം ഏറെ രാഷ്ട്രീയ സ്വഭാവമുള്ളതാണ്. കാരണം അവർ അതിൽ നിന്ന് പ്രതീക്ഷിക്കുന്നത് തിരഞ്ഞെടുപ്പിലെ നേട്ടമാണ്. ഉത്തർപ്രദേശിലെ പാസ്മണ്ട മുസ്ലീങ്ങളും കേരളത്തിലെ സീറോ മലബാർ ക്രിസ്ത്യാനികളും അവർക്ക് ന്യൂനപക്ഷ മണ്ഡലങ്ങളിലെ സമുദായങ്ങൾ മാത്രമാണ്. അവർക്ക് വലിയ വോട്ട് വിഹിതം വേണം. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ സാധിക്കുന്നതെല്ലാം ചെയ്യും. എന്നാൽ ആർഎസ്എസ് നടത്തുന്ന ജനസമ്പർക്ക പരിപാടികൾ വ്യത്യസ്തമാണ്. ഇത് സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ചർച്ചകൾ നടത്തുന്നതിനു വേണ്ടിയുള്ളതാണ്”, ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി ന്യൂസ് 18 നോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയ അഞ്ചംഗ മുസ്ലീം പ്രതിനിധി സംഘത്തിൽ ഖുറേഷിയും ഉണ്ടായിരുന്നു. അതിനു ശേഷം മുസ്ലീം നേതാക്കളും ആർഎസ്എസ് ഭാരവാഹികളും തമ്മിൽ സമാനമായ മൂന്ന് കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്. ”ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരതയുള്ള മനോഭാവമാണ് മോഹൻ ഭാഗവതിന്റേത്. എന്നാൽ, ബിജെപിയുടെ ന്യൂനപക്ഷ സമീപനം എങ്ങനെയുള്ളതാണെന്ന് കാലം തെളിയിക്കട്ടെ. അതിനു പിന്നിൽ രാഷ്ട്രീയമാണോ അല്ലെങ്കിൽ അതൊരു പോസിറ്റീവ് സമീപനമാണോ എന്നൊക്കെ കണ്ടറിയാം”, അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ സീറോ-മലബാർ ക്രിസ്ത്യൻ സമുദായത്തിന്റെ വേരുകൾ തെളിയിക്കാൻ ചരിത്രപരമായ തെളിവുകളുടെ അഭാവമുണ്ടെന്ന് ആർഎസ്എസ് ഭാരവാഹികൾ പറയുന്നു. ഇവരിപ്പോൾ മൗലികശക്തികളുടെ ആക്രമണത്തിന് ഇരകളാകുകയാണെന്നും ആർഎസ്എസ് പ്രവർത്തകർ പറയുന്നു.
”നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മൂലമാണ് കേരളത്തിലെ ക്രിസ്ത്യൻ സമുദായ നേതാക്കൾ സംസ്ഥാനത്തെ മൗലിക ശക്തികൾക്കെതിരെ സംസാരിക്കുന്നത്. ബിജെപി അവരുമായി ബന്ധം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് താത്പര്യങ്ങളുണ്ടാകാം. എന്നാൽ കേരളത്തിൽ ബിജെപിയുടെ വ്യാപനത്തിനു കാരണം രാഷ്ട്രീയം മാത്രമല്ല. അത് സംസ്ഥാനത്തെ സാമൂഹിക മാറ്റവുമായും ബന്ധപ്പെട്ടിരിക്കുന്നു”, കേരളത്തിലെ ഒരു മുതിർന്ന ആർഎസ്എസ് ഭാരവാഹി പറഞ്ഞു. ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള നാഗാലാൻഡ്, മണിപ്പൂർ എന്നിവയുൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആർഎസ്എസ് തങ്ങളുടെ സാമൂഹിക ബന്ധങ്ങൾ വർദ്ധിപ്പിച്ചു വരികയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 06, 2023 9:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ ബിജെപി, ആർഎസ്എസ് നയങ്ങളിലെ വ്യത്യാസമെന്ത്?